ജീവനക്കാരില്ല; ബിവറേജസില്‍ സാമ്പത്തിക ചോര്‍ച്ച

In Editors Pick, കേരളം
January 08, 2024

തിരുവനന്തപുരം: കോടികളുടെ വിറ്റുവരവുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനകേന്ദ്രങ്ങളുടെ ചുമതലയിലുള്ളത് മതിയായ യോഗ്യതയോ പ്രവൃത്തിപരിചയമോ ഇല്ലാത്തവര്‍. പരിചയക്കുറവ് മുതലെടുത്ത് ഒട്ടേറെ സാമ്പത്തികക്രമക്കേടുകള്‍ അരങ്ങേറിയിട്ടും പരിഹാരം കാണാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.

പത്തനംതിട്ട കൂടലില്‍ ബിവറേജസ് ജീവനക്കാരന്‍ 81 ലക്ഷം രൂപ വെട്ടിച്ചതാണ് അവസാനത്തെ സംഭവം. വിറ്റുവരവ് ബാങ്കില്‍ അടയ്ക്കാതെ രേഖകള്‍ തിരുത്തി പണം സ്വന്തമാക്കുകയായിരുന്നു. ഓഡിറ്റ് വിഭാഗവും ഇത് കണ്ടെത്താന്‍ വൈകി.

മധ്യനിര മാനേജ്മെന്റിലുള്ള സീനിയര്‍ അസിസ്റ്റന്റുമാരെയാണ് വില്‍പ്പനകേന്ദ്രങ്ങളുടെ ചുമതല ഏല്‍പ്പിക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രമാണ് ഇത് പാലിച്ചിട്ടുള്ളത്. 274 മദ്യവില്‍പ്പന കേന്ദ്രങ്ങളാണ് ബിവറേജസിനുള്ളത്. ബിവറേജസില്‍ 300 സീനിയര്‍ അസിസ്റ്റന്റുമാരുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതല്ല പുനര്‍വിന്യസിക്കാത്തതാണ് നിലവിലെ പ്രശ്‌നങ്ങളുടെ കാരണം.

10 വര്‍ഷം പ്രവൃത്തിപരിചയമുള്ള ഇവരില്‍ ഭൂരിഭാഗവും ചുമതല ഏറ്റെടുക്കാതെ തെക്കന്‍ജില്ലകളില്‍മാത്രം ജോലിചെയ്യുകയാണ്. പകരം താഴേത്തട്ടിലെ ജീവനക്കാരെ ചുമതല ഏല്‍്പ്പിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ബന്ധംകാരണം ചുമതല ഏല്‍ക്കേണ്ടിവരുന്നവരും ഇക്കൂട്ടത്തിലുണ്ട്. മറ്റൊരു വകുപ്പിലും ഓഫീസ് അസിസ്റ്റന്റുമാര്‍ക്ക് ഇത്രയും നിര്‍ണായകചുമതല നല്‍കിയിട്ടില്ല.

എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ 61 ഷോപ്പുകളില്‍ 11-ല്‍ മാത്രമാണ് യോഗ്യതയുള്ളവരുള്ളത്. പത്ത് ഷോപ്പുകള്‍ ഓഫീസ് അസിസ്റ്റന്റുമാരെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. പ്രതിദിനവരുമാനം തിട്ടപ്പെടുത്തുക, വിറ്റുവരവ് കൃത്യമായി ബാങ്കില്‍ അടയ്ക്കുക, വില്‍പ്പനയ്ക്ക് ജീവനക്കാരെ നിയോഗിക്കുക, സ്റ്റോക്ക് പരിശോധിക്കുക, എന്നിവയാണ് ഇവരുടെ ചുമതല.

താഴേത്തട്ടിലുള്ളവര്‍ ഈ ചുമതലയിലേക്ക് വരുമ്പോള്‍ മറ്റു ജീവനക്കാരും മുതലെടുക്കുന്നുണ്ട്. ഓഫീസ് അസിസ്റ്റന്റ്, എല്‍.ഡി, യു.ഡി, ഷോപ്പ് അസിസ്റ്റന്റ്, സീനിയര്‍ അസിസ്റ്റന്റ്, അസി. മാനേജര്‍ എന്നിങ്ങനെയാണ് ബിവറേജസ് കോര്‍പ്പറേഷനില്‍ മുകള്‍ത്തട്ടിലേക്കുള്ള തസ്തികകള്‍. ഇതില്‍ മധ്യനിര മാനേജ്മെന്റ് വഹിക്കേണ്ട ചുമതലയാണ് താഴേക്ക് കൈമാറിയിട്ടുള്ളത്.