നടിയെ ആക്രമിച്ച കേസ് വീണ്ടും സുപ്രീംകോടതിയിലേക്ക്

In Editors Pick, കേരളം
January 25, 2024

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അതിജീവിത. വിചാരണ കോടതിയുടെ കസ്റ്റഡയിലിരിക്കെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അന്വേഷണം പൂര്‍ത്തീകരിച്ചിട്ടും ഇതുവരെ അത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയിട്ടില്ലെന്നും അതിജീവിത ആരോപിക്കുന്നു.

ഡിസംബറിലായിരുന്നു മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ആരോപണത്തില്‍ വസ്തുതാ അന്വേഷണം നടത്തണാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. വിചാരണ കോടതി ജഡ്ജിയായ എറണാകുളം സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിനോടാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ജനുവരി 7നകം അന്വേഷണം പൂര്‍ത്തിയാക്കി ക്രിമിനല്‍ നടപടി പ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമെങ്കില്‍ പോലീസ് സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കി 20 ദിവസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ടില്‍ കോടതി ഇതുവരെ കേസ് എടുക്കുകയോ മറ്റ് തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അതിജീവിത ചൂണ്ടിക്കാട്ടുന്നത്. ഈ സഹാചര്യത്തിലാണ് അതിജീവിത വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍. ഈ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയില്‍ ആണ് ഉള്ളത്. എന്നാല്‍ ഇത് കോടതിയില്‍ വെച്ച് ആരോ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി കണ്ടെത്തുകയായിരുന്നു. ഫോറന്‍സിക് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

മെമ്മറി കാര്‍ഡ് ഫോണിലിട്ട് പരിശോധിച്ചതിന് തെളിവുകളുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നുമാണ് നടി മുന്നോട്ടുവയ്ക്കുന്ന വാദം. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ 2018 ജനുവരി 9 നും ഡിസംബര്‍ 13 നും 2021 ജൂലൈയിലും മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു. വിവോ ഫോണില്‍ ആണ് മെമ്മറി കാര്‍ഡ് ഇട്ടതെന്നാണ് കണ്ടെത്തല്‍. വിവോ ഫോണില്‍ കാര്‍ഡ് ഇട്ടപ്പോള്‍ 34 ഓളം ഫയലുകളോ ഫോള്‍ഡറുകളോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. സാധാരണ നിലയില്‍ 2 മിനിറ്റ് മതി മെമ്മറി കാര്‍ഡ് കോപ്പി ചെയ്യാന്‍ എന്നാല്‍ 35 മിനിറ്റോളമാണ് ഈ മെമ്മറി കാര്‍ഡ് ഫോണിലുണ്ടായിരുന്നതെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.