ന്യൂഡല്‍ഹി: പാര്‍ട്ടി പിളര്‍ത്തി ബി.ജെ.പി മുന്നണിയില്‍ ചേര്‍ന്ന സഹോദര പുത്രനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വീരാജ് ചവാനാണ് പവാറിന് പദവി വാഗ്ദാനം ചെയ്തതായി പറഞ്ഞത്.
കേന്ദ്രമന്ത്രി പദവിയും നീതി ആയോഗ് അദ്ധ്യക്ഷ സ്ഥാനവും നല്‍കി പവാറിനെ എന്‍.ഡി.എ മുന്നണിയില്‍ എടുക്കാന്‍ ധാരണയായെന്നാണ് ചവാന്‍ വെളിപ്പെടുത്തിയത്. മകള്‍ സുപ്രിയാ സുലേയ്ക്കും കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം നല്‍കുമെന്നും പറഞ്ഞു. ചവാന്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അജിത് പവാറുമായി രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നില്ലെന്നും ശരദ് പവാര്‍ പ്രതികരിച്ചു. കാബിനറ്റ് മന്ത്രി പദം വാഗ്ദാനം ചെയ്ത റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന എന്തിനാണ് നടത്തുന്നതെന്ന് മനസിലാകുന്നില്ലെന്ന് പവാറിന്റെ മകള്‍ സുപ്രിയ സുലേ പ്രതികരിച്ചു.
ജൂലായില്‍ അജിത് എന്‍.സി.പി പിളര്‍ത്തി ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പൂനെയിലെ വസതിയിലെത്തി ശരദ് പവാറിനെ കണ്ടത്. പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’യുടെ മൂന്നാം യോഗം സെപ്തംബറില്‍ മുംബയില്‍ നടക്കാനിരിക്കെയാണ് ചവാന്റെ ആരോപണം. മഹാ അഘാഡി സഖ്യകക്ഷികളായ കോണ്‍ഗ്രസും ശിവസേനയും(ഉദ്ധവ്) എന്‍.സി.പിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. യോഗം വിജയകരമായി നടക്കുമെന്നും സമുദായങ്ങളെയും ജനങ്ങളെയും ഭിന്നിപ്പിക്കുന്ന ബി.ജെ.പിയെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു.