പ്രാണ പ്രതിഷ്ഠ; ആഘോഷ നിറവില്‍ അയോധ്യ

In Editors Pick, Main Story
January 22, 2024

അയോധ്യ: ലോകമെമ്പാടും പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ നിറവില്‍. രാമഭക്തര്‍ കാത്തിരുന്ന സുദിനം വരവായി. ഓരോ ശ്രീരാമഭക്തനും ഇന്നേ ദിനം അയോദ്ധ്യയുടെ മണ്ണിലെത്താന്‍ കൊതിക്കുകയാണ്. ക്ഷണിതാക്കള്‍ക്കായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങളും വീഡിയോകളും കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാക്കിയിട്ടുണ്ട്.

രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിക്കും വിധത്തിലാകും പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. ഡിഡി ന്യൂസിലും ഡിഡി നാഷണല്‍ ചാനലുകളിലും യൂട്യൂബിലും ചടങ്ങിന്റെ തത്സമയ സംപ്രേഷണം കാണാവുന്നതാണ്.

സരയു ഘട്ടിന് സമീപമുള്ള രാം കി പൈഡി, കുബേര്‍ തിലയിലെ ജടായു പ്രതിമ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യും. രാജ്യത്തുടനീളമുള്ള നിരവധി സിനിമാ തിയേറ്ററുകളിലും ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. മള്‍ട്ടിപ്ലെക്സ് ഓപ്പറേറ്റര്‍ പിവിആര്‍ ഐനോക്സ് 70ലധികം നഗരങ്ങളിലായി 160 സിനിമാ സ്‌ക്രീനുകളില്‍ തത്സമയ സ്‌ക്രീനിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലും പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം നടത്തും. കാനഡ, അമേരിക്ക,യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ വലിയ സ്‌ക്രീനുകളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്.