വീണ വിജയൻ കർണാടക ഹൈക്കോടതിയിൽ

ബംഗളൂരു : തൻ്റെ സ്ഥാപനമായ എക്സാലോജിക്കിനെതിരെ കേന്ദ്ര സർക്കാരിൻ്റെ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ കർണാടക ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.

കമ്പനിയുടെ ആസ്ഥാനം ബെംഗളൂരുവിൽ ആയതിനാലാണ് കർണാടകയിൽ ഹർജി സമർപ്പിച്ചത്. എസ്എഫ്ഐഒ ഡയറക്ടറും കേന്ദ്രസർക്കാരുമാണ് എതിർ കക്ഷികൾ. മാസപ്പടി വിവാദത്തിൽ വീണയെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ നീക്കം നടത്തുന്നതിനിടെയാണ് ഹർജി.

കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, അവിടെ ഓഹരി പങ്കാളിത്തമുള്ള കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവിടങ്ങളിൽനിന്ന് എസ്എഫ്ഐഒ പരിശോധന നടത്തി.അടുത്തതായി എക്സാലോജിക് ഉടമ വീണയ്ക്ക് നോട്ടിസ് നൽകാനായിരുന്നു എസ്എഫ്ഐഒയുടെ നീക്കം.

ബെംഗളൂരുവിലെയും എറണാകുളത്തെയും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) എക്സാലോജിക്– സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇൻറിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്.