ഉത്തർ പ്രദേശ് ബി ജെ പി തൂത്തുവാരുമെന്ന് സർവേ

ന്യൂഡൽഹി : ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ഉത്തർ പ്രദേശിൽ ബിജെപിക്ക് വൻ നേട്ടമാണ് ലഭിക്കുകയെന്ന് ഇന്ത്യ ടുഡേ-സി വോട്ടർ സംഘം നടത്തിയ സർവേ വ്യക്തമാക്കുന്നു.

2019ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. മൂഡ് ഓഫ് ദി നേഷൻ സർവേയിൽ ഇന്ത്യ ടുഡേ-സി വോട്ടർ സംഘം 543 ലോക്‌സഭാ സീറ്റുകളിൽ നിന്ന് 1,49,092 അഭിപ്രായങ്ങൾ ശേഖരിച്ചു. ഈ സർവേയിൽ യുപിയിലെ കണക്കുകൾ പുറത്തുവന്നു.

2019ൽ യുപിയിൽ ബിജെപിക്ക് 49.97 ശതമാനം വോട്ടാണ് ലഭിച്ചത്. ഇത്തവണ ബിജെപി 52.1 ശതമാനം വോട്ടുകൾ നേടാനാകും. അതായത് വോട്ടുകൾ 2.13 ശതമാനം വർദ്ധിച്ചേക്കാം. ഇതോടൊപ്പം എൻഡിഎയുടെ എട്ട് സീറ്റുകളും വർദ്ധിക്കും.

ഉത്തർപ്രദേശിൽ വലിയ തോതിൽത്തന്നെ വോട്ട് ശതമാനം വർദ്ധിക്കുമ്പോൾ സീറ്റുകളും കൂടുമെന്ന് ഉറപ്പാണ്. അതേസമയം, ഇത്തവണ എസ്︋പി-കോൺഗ്രസ് സഖ്യം 35 ശതമാനത്തിൽ താഴെ മാത്രമേ വോട്ടിംഗ് ശതമാനം നിലനിർത്തുകയുള്ളൂ. ബിഎസ്︋പിക്ക് വലിയ നഷ്ടം നേരിടേണ്ടി വന്നേക്കാമെന്നും സർവ്വേഫലങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ബിഎസ്︋പിക്ക് കോൺഗ്രസിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഏകദേശം ഒന്നര മാസമെടുത്താണ് സർവ്വേ പൂർത്തിയാക്കിയത്. ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളാണ് രാജ്യത്ത് ആരാണ് അധികാരത്തിൽ വരേണ്ടതെന്ന് തീരുമാനിക്കുന്നത്.

ഇത്തവണ ബിജെപി 70 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്നാ ദളിന് രണ്ടു സീറ്റ് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതായത് 80ൽ 72 സീറ്റുമായി എൻഡിഎ ഏറ്റവും വലിയ കക്ഷിയാകാൻ പോകുന്നു. അതേസമയം എസ്︋പിക്ക് ഏഴ് സീറ്റും കോൺഗ്രസിന് ഒരു സീറ്റും ലഭിക്കും. അതായത് രണ്ട് സീറ്റിൻ്റെ നേട്ടം എസ്︋പിക്ക് ലഭിക്കുന്നു. കോൺഗ്രസ് പഴയ പ്രകടനം നിലനിർത്തും. ബിഎസ്︋പിക്കാണ് ഏറ്റവും വലിയ തിരിച്ചടി ലഭിക്കാൻ പോകുന്നത്. ഒരു സീറ്റ് പോലും കിട്ടുന്ന സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളത്.

2019ൽ എൻഡിഎയ്ക്ക് 64 സീറ്റുകളാണ് ലഭിച്ചത്. ബിജെപി 62 സീറ്റുകളിലും അപ്നാദൾ (എസ്) രണ്ട് സീറ്റുകളിലും വിജയിച്ചു. ബിഎസ്︋പി 10 സീറ്റുകൾ നേടിയിരുന്നു. എസ്︋പിക്ക് അഞ്ച് സീറ്റുകളാണ് ലഭിച്ചത്. റായ്ബറേലിയിൽ കോൺഗ്രസ് ഒരു സീറ്റ് നേടിയിരുന്നു.