പാര്‍ട്ടി പറയുന്നത് എന്തായാലും നടപ്പാക്കും ; ഗോപി കോട്ടമുറിക്കല്‍

In Featured, Special Story
October 02, 2023

കൊച്ചി: കരുവന്നൂര്‍ ബാങ്കിനെ സഹായിക്കാന്‍ നിലവില്‍ ആവശ്യമുയര്‍ന്നിട്ടില്ലെന്ന് കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ ഗോപി കോട്ടമുറിക്കല്‍. കരുവന്നൂര്‍ ബാങ്കിനെ സഹായിക്കരുതെന്ന് നബാര്‍ഡോ റിസര്‍വ് ബാങ്കോ കേരള ബാങ്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.

താന്‍ റിസര്‍വ് ബാങ്കിന്റെ ജോലിക്കാരനല്ലെന്നും ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പറഞ്ഞ കേരള ബാങ്ക് പ്രസിഡന്റ് പാര്‍ട്ടിയോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കരുവന്നൂര്‍ ബാങ്കിനെ സഹായിക്കുന്ന കാര്യം 24 മണിക്കൂറിനുള്ളില്‍ നടപ്പാക്കുമെന്നും അറിയിച്ചു.

“കരുവന്നൂര്‍ ബാങ്ക് നേരിടുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കാന്‍ കേരള ബാങ്ക് ഇടപെടണമെന്ന് ഇന്നുവരെ ഒരു അധികാരകേന്ദ്രവും ആവശ്യപ്പെട്ടിട്ടില്ല. അത് അവരുടെ ദൗത്യമല്ലെന്ന് ഞങ്ങളേക്കാള്‍ അവര്‍ക്കറിയാം”, ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടുകയും റിസര്‍വ് ബാങ്ക് അതെതിര്‍ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ കൂട്ടായൊരു നിലപാട് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അങ്ങനെയൊരു വിഷയം ഇതുവരെ കേരള ബാങ്കിന്റെ മുന്നില്‍ വന്നിട്ടില്ലെന്നും വിഷയത്തില്‍ പാര്‍ട്ടി പറയുന്നത് എന്തായാലും അത് നടപ്പാക്കുമെന്നും ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കി.  കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി ഫ്രാക്ഷന്‍ യോഗത്തില്‍ അങ്ങനെയൊരു ആവശ്യമുയര്‍ന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.