പോപ്പുലർ ഫ്രണ്ട് മുൻ നേതാവിൻ്റെ റിസോർട്ട് കണ്ടുകെട്ടി

തിരുവനന്തപുരം : സർക്കാർ നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കണ്ടുകെട്ടി.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എം.കെ. അഷ്‌റഫിന്റെ ഇടുക്കി മാങ്കുളത്തെ ‘മൂന്നാര്‍ വില്ല വിസ്ത’ പ്രൈവറ്റ് ലിമിറ്റഡ് എന്ന റിസോർട്ടാണിത്.

പോപ്പുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലാണ് 2.53 കോടി രൂപ വിലവരുന്ന വസ്തുവകകള്‍ കണ്ടുകെട്ടിയതെന്ന് ഇ.ഡി. അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരമാണ് നടപടി.

വില്‍പ്പന നടത്താത്ത നാല്ല് വില്ലകളും 6.75 ഏക്കര്‍ ഭൂമിയും അടങ്ങുന്നതാണ് ‘മൂന്നാര്‍ വില്ല വിസ്ത’ പ്രൊജക്ട്. പോപ്പുലര്‍ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇവിടെ പരിശോധന നടന്നിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിക്കെതിരേ എന്‍.ഐ.എ.യും നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.

ഗ്രീന്‍വാലി അക്കാദമി തീവ്രവാദപ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്നായിരുന്നു എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് സ്ഥാപനത്തിന്റെ വസ്തുവകകള്‍ കണ്ടുകെട്ടുന്നതിനായി നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ പ്രാരംഭനടപടിയായി നിര്‍മാണപ്രവര്‍ത്തനങ്ങളും വസ്തുവകകള്‍ കൈമാറ്റം ചെയ്യുന്നതും വിലക്കി നോട്ടീസും പതിച്ചിരുന്നു.