ഗാന്ധിജി വന്ന് മൽസരിച്ചാൽ…

കൊച്ചി: നമ്മുടെ തിരഞ്ഞെടുപ്പ് രാഷ്ടീയ സാഹചര്യത്തിൽ രാഷ്ടപിതാവ് ഗാന്ധിജി വന്ന് മൽസരിച്ചാൽ പോലും രക്ഷപ്പെടില്ലെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ അഭിപ്രായപ്പെടുന്നു.

അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്ററ് ഇങ്ങനെ:

ലക്ഷനിൽ പങ്കെടുത്ത് മോദിജിക്കും രാഹുൽജിക്കും പിണറായിജിക്കും വേണ്ടി മുദ്രാവാക്യം വിളിക്കുന്നത് മാത്രമല്ല രാഷ്ട്രീയം. ഇന്ത്യൻ ജനാധിപത്യത്തിന്റെ കൊടിയ അപര്യാപ്തതകളെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്ന നമ്മളൊക്കെ രാഷ്ട്രീയത്തിൽ ഉണ്ട്.

രാഷ്ട്രീയം സംസാരിക്കുന്നവരിൽ വച്ച് കാഞ്ഞ ബുദ്ധിജീവികൾ എന്ന് സ്വയം വിളിക്കുന്ന വ്യാജ ഇടത് -ഇസ്ലാമിസ്റ്റുകൾ നമ്മെ ‘അരാഷ്ട്രീയവാദികൾ’ എന്നു വിളിച്ചേക്കാം. കണക്കാക്കണ്ട. ഇന്ത്യ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഇരട്ടത്താപ്പുകാരാണ് അവർ.

പക്ഷെ നമ്മളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതു പോലെ electon arena അങ്ങനെ എല്ലാവർക്കും വേണ്ടി തുറന്നു കിടക്കുന്നതല്ല. നമുക്ക് വോട്ട് ചെയ്യാനുള്ള അധികാരം മാത്രമേ ഉള്ളൂ.ഇന്നത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം സാമ്പത്തിക അഴിമതി, criminality, മതജാതികൾ എന്നിങ്ങനെ 3 ഘടകങ്ങൾ ചേർന്ന ഒരു ദൂഷിത വലയമാണ്, അത് മാത്രമാണ് എന്ന യാഥാർഥ്യ ബോധം വേണം.

ഈ മൂന്നു ഘടകങ്ങളിൽ ഏതെങ്കിലും ഒന്നുള്ളവനോ എല്ലാം ഉള്ളവനോ മാത്രമേ electoral arena യുടെ അടുത്തു പോലും പോകാൻ ആവൂ. ഇവയിൽ ഒന്നും തനിക്ക് ഇല്ലാത്തതിനാൽ ഇന്ന് ഗാന്ധിജി വന്ന് മത്സരിച്ചാൽ പോലും കെട്ടി വച്ച കാശ് കിട്ടില്ല.

ADR (association for democratic reforms) റിപ്പോർട്ടുകൾ നമ്മുടെ ജനാധിപത്യത്തിന്റെ വികൃത മുഖം തുറന്നുകാട്ടുന്നുവയാണ്.രാഷ്ട്രീയപാർട്ടികൾക്ക്,വിശിഷ്യാ, ഇപ്പോൾ ഭരണത്തിലുള്ള സംഘികൾക്ക് അവരെ വെറുപ്പാണ്. സംഘികളുടെ രീതി അനുസരിച്ച്, അവർ അധികം വൈകാതെ ഈ സംഘടനയുടെ നിരോധനം ഉറപ്പാക്കും .

ആ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം 521 പാർലമെന്റ് അംഗങ്ങളിൽ 430 പേരും കോടീശ്വരന്മാരാണ്. അത് പുറത്തു പറയാവുന്ന വെളുപ്പിച്ചെടുത്ത പണത്തിന്റെ കണക്ക്.ADR റിപ്പോർട്ടുകൾ പ്രകാരം നമ്മുടെ എംപിമാരിൽ 40% ക്രിമിനലുകൾ ആണ്.25% പേർ കൊല,കൊള്ള,ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചെയ്തവരാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ കാര്യം എടുത്താൽ ഈ ശതമാനക്കണക്കുകൾ പിന്നെയും ഉയരത്തിലാകും . ഈ സ്ഥിതിവിവരക്കണക്കുകൾ ഊഹാപോഹങ്ങൾ ഒന്നുമല്ല. സ്ഥാനാർത്ഥികൾ തന്നെ നോമിനേഷൻ സമർപ്പിക്കുമ്പോൾ കൊടുക്കുന്ന രേഖകളിൽ നിന്നെടുത്തവയാണ് .നിങ്ങൾ ഇതിൽ ഏതെങ്കിലും ക്രിമിനൽ വേലകളിൽ ഒന്നിൽ പ്രഗൽഭൻ ആണോ ? അതിസമ്പന്നരുടെ ഏത് ആവശ്യവും നിവർത്തിച്ചു കൊടുക്കുന്നവൻ ആണോ? മത -ജാതി വോട്ട് ബാങ്കുകളുടെ മേൽ നിയന്ത്രണമുണ്ടോ?എങ്കിൽ തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാം.

ഒരു മുഖ്യധാരാ കക്ഷിയുടെ സ്ഥാനാർഥി പോലും ഒരു കോർപറേഷൻ വാർഡിൽ മത്സരിക്കാൻ 30 ലക്ഷം രൂപ സാമ്പത്തിക ശക്തികളെ ആശ്രയിച്ച് സ്വന്തമായുണ്ടാക്കണം. മത-ജാതി ശക്തികളുടെയും പ്രച്ഛന്ന വേഷത്തിലുള്ള സമൂഹത്തിലെ ക്രിമിനലുകളുടെയും പിന്തുണ വേറെ വേണം.നമുക്കൊക്കെ നേരിട്ട് അറിയുന്ന കാര്യമാണ്. അങ്ങനെ ഒരാൾ ജയിച്ചു കഴിഞ്ഞാൽ ഭരണം പിന്നെ ഈ സാമ്പത്തിക ശക്തികൾക്കും മതനേതൃത്വങ്ങൾക്കും ക്രിമിനലുകൾക്കും വേണ്ടിയാണ്. പിന്നെ എങ്ങിനെ അഴിമതി നടത്താതിരിക്കും? നിയമവാഴ്ചയുണ്ടാകും?

മോദി ബ്രിജ്ഭൂഷനെ കെട്ടിപ്പിടിച്ച് നിൽക്കുന്നതും പിണറായി അൻവറിനെ കെട്ടിപ്പിടിച്ചു നിൽക്കുന്നതും money -muscle -മത -ജാതി ശക്തി കൊണ്ടാണ്.കാശ് ഒഴികെ ആർക്കും പ്രത്യയശാസ്ത്രം ഒന്നുമില്ല. സംഘി ബ്രിജ്ഭൂഷൻ ബോംബെ തകർത്ത ജിഹാദി ദാവുദിന്റെ ചേല ആണ്. അപ്പോൾ എത്രയോ ആവേശം മൂത്ത പാവങ്ങളെ പരസ്പരം കൊല്ലിക്കുന്ന ജിഹാദി – സംഘി സംഘർഷം എവിടെ പോയി? രാജ്യസ്നേഹവും ഭാരതമാതാവും എവിടെ പോയി?

ഒരു പക്ഷെ പിണറായിയെ കേസുകളിൽ നിന്ന് മോദി സംരക്ഷിച്ചു നിർത്തിയിരിക്കുന്നതും കേന്ദ്രം ഏക സിവിൽ കോഡ് കൊണ്ടുവരാത്തതും അദാനിയുടെ മുഖ്യ ഹിതകാരികൾ ആയ ഗൾഫ് ഷെയ്ഖ് മാരുടെ തിട്ടൂരം അനുസരിച്ചാണ് എന്ന് കരുതുന്നവരുണ്ട്.

അപ്പോൾ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒന്നുമില്ല. പണം മാത്രം പ്രധാനം.’എനിക്കിഷ്ടപ്പെട്ട പാർട്ടി ഭേദം’, എന്റെ മോദിജി ഭേദം ‘, എന്റെ രാഹുൽജി ഭേദം ,’എന്റെ പിണറായിജി ഭേദം ‘എന്ന വിഭാഗീയമായ മിഥ്യാധാരണകൾ നഷ്ടപ്പെട്ടാൽ ചുരുങ്ങിയത് ‘കപടജനാധിപത്യം മാത്രം പുലരുന്ന ഈ രാജ്യം ഒരു കാലത്തും രക്ഷപ്പെടില്ല’ എന്ന യാഥാർഥ്യബോധത്തിൽ എങ്കിലും എത്തിച്ചേരാം . യാഥാർഥ്യബോധത്തിൽ എത്തുന്നത് നല്ല കാര്യമാണ്.