മേയർക്ക് എതിരെ കേസ്: ന്യായീകരിച്ച സി പി എം വെട്ടിൽ

തിരുവനന്തപുരം: കോടതി ഇടപെടലിനെ തുടർന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ കേസെടുക്കേണ്ടി വന്നത് പൊലീസിനും സിപിഎമ്മിനും വലിയ തിരിച്ചടി.സംഭവം നടന്ന് എട്ടാംദിവസം കേസെടുത്തത് .

ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം മജിസ്ടേററ് കോടതിയുടെ ഉത്തരവ് പ്രകാരം ആണ് കേസ്.

കുറ്റംചെയ്ത ഡ്രൈവറെ പൊലീസിന് കൈമാറുക മാത്രമാണ് ആര്യാരാജേന്ദ്രനും കുടുംബവും ചെയ്തതെന്നായിരുന്നു പൊലീസ് തുടക്കം മുതല്‍ ഉയര്‍ത്തിയ വാദം. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസ് മേയര്‍ക്കെതിരെ കേസെടുത്തിരുന്നില്ല.

ഇതിനു പിന്നാലെ കമ്മീഷണര്‍ക്കും ഡ്രൈവര്‍ യദു പരാതി നല്‍കിയിരുന്നു. ഇതും പരിഗണിക്കാന്‍ പൊലീസ് തയാറായില്ല.

എന്നാല്‍, ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് മേയര്‍, എംൽഎല്‍എ, കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തത്. മേയറും കുടുംബവും ഒരു തെറ്റും ചെയ്തില്ലെന്നായിരുന്നു തുടക്കം മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ വാദിച്ചിരുന്നത്.

ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയതിനാല്‍ അടുത്ത ദിവസം തന്നെ മേയറും എംഎല്‍എയും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

തന്റെ പരാതിയില്‍ കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദു പ്രതികരിച്ചു.
പക്ഷെ നീതി കിട്ടിയെന്ന് തോന്നുന്നില്ല. അവര്‍ മറ്റൊരാളുടെ അടുത്തും ഇങ്ങനെ കാണിക്കരുത്. തന്റെ കേസില്‍ കോടതി അനുകൂല നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യദു പറഞ്ഞു.

നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തല്‍ എന്നിങ്ങനെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തന്റെ പരാതിയില്‍ പൊലീസ് കേസെടുക്കാതെ വന്നതോടെ യദു കോടതിയെ സമീപിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ബസ്സില്‍ അതിക്രമിച്ച്‌ കയറിയെന്നുമാണ് പരാതി. സച്ചിന് ദേവ് ബസില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു .