പീഡനക്കേസില്‍ പ്രജ്വൽ രേവണ്ണ കീഴടങ്ങുമെന്ന് സൂചന

ബാംഗളൂരു: ജെ ഡി എസിൽ നിന്ന് പുറത്താക്കിയ ഹാസൻ എം.പി പ്രജ്വൽ രേവണ്ണ , ലൈംഗിക പീഡനക്കേസില്‍ കീഴടങ്ങിയേക്കും.

യുഎഇയില്‍ നിന്ന് അയാൾ മംഗളൂരു വിമാനത്താവളത്തിലെത്തുമെന്നാണ് സൂചന.ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് മുൻ മന്ത്രി എച്ച്.ഡി. രേവണ്ണയെ കോടതിയില്‍ ഹാജരാക്കും. രേവണ്ണയുടെ ഭാര്യയെയും ചോദ്യംചെയ്തേക്കും.

ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കുന്നതിനായി ഇന്റർപോളിനോട് ആവശ്യപ്പെടാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇന്റർപോളിന്റെ ഇന്ത്യയിലെ ഏജൻസിയായ സി.ബി.ഐക്ക് ഇതു സംബന്ധിച്ച അപേക്ഷ നൽകും.

പ്രത്യേക അന്വേഷണ സംഘത്തലവനെ ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നവരെ കണ്ടെത്താൻ രാജ്യാന്തര തലത്തിൽ ഇറക്കുന്ന ലുക്ക് ഔട്ട് നോട്ടിസാണ് ബ്ലൂ കോര്‍ണര്‍ നോട്ടിസ്.

ഇതിനിടെ രേവണ്ണ ലൈംഗിക അതിക്രമം കാണിച്ചെന്ന് പരാതി നല്‍കിയ സ്ത്രീയെ എസ്.ഐ.ടി സംഘം ശനിയാഴ്ച രേവണ്ണയുടെ പി.എ രാജശേഖറിന്റെ ഫാം ഹൗസില്‍ കണ്ടെത്തി. ഇവരെ തട്ടിക്കൊണ്ടുപോയതായി മകൻ എച്ച്‌.ഡി.രാജു (20) മൈസൂരു ജില്ലയിലെ കെ.ആർ.നഗർ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

രേവണ്ണ ഒന്നാം പ്രതിയും തട്ടിക്കൊണ്ടുപോകാൻ നിയോഗിച്ചതായി പരാതിയില്‍ പറയുന്ന സതീഷ് ബാബണ്ണ രണ്ടാം പ്രതിയുമായി കേസും രജിസ്റ്റർ ചെയ്തു.

പ്രജ്വല്‍ രേവണ്ണ മത്സരിക്കുന്ന ഹാസൻ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടന്നതിന്റെ മൂന്ന് ദിവസം മുമ്ബ് രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണ കാണണമെന്ന് പറഞ്ഞു എന്നറിയിച്ചാണ് സതീഷ് തന്റെ മാതാവിനെ ആദ്യം കൂട്ടിക്കൊണ്ടുപോയതെന്നാണ് രാജുവിന്റെ പരാതിയിലുള്ളത്. പൊലീസ് എത്ര ആവശ്യപ്പെട്ടാലും രേവണ്ണയുടെ വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു വിടരുതെന്ന് മാതാവിനേയും പിതാവിനേയും താക്കീത് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്ബതിന് സതീഷ് വീണ്ടും എത്തി മാതാവിനെ കൊണ്ടുപോയി. അവർക്കെതിരെ കേസുണ്ട്, വീട്ടില്‍ നിന്നാല്‍ പൊലീസ് പിടിക്കും എന്നുപറഞ്ഞായിരുന്നു അത്. മാതാവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് പരാതിയില്‍ പറഞ്ഞത്. രേവണ്ണ അറസ്റ്റിലായതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തിയത്. ഇവരെ ബംഗളൂരുവില്‍ എത്തിച്ച്‌ മൊഴി രേഖപ്പെടുത്തുമെന്ന് എസ്.ഐ.ടി അറിയിച്ചു.