പിള്ളേരെ ആവേശത്തിലാക്കി ഫഹദിൻ്റെ അഴിഞ്ഞാട്ടം.

  ഡോ. ജോസ് ജോസഫ്
 തീർത്തും ന്യൂജെൻ പിള്ളേരുടെ ഹൈ  എനർജി ലെവൽ ലക്ഷ്യമിട്ടുകൊണ്ടുള്ള മാസ്സ് എൻറ്റർടെയിനറാണ് ഫഹദ് ഫാസിൽ നായകനായ ആവേശം. രോമാഞ്ചം എന്ന അപ്രതീക്ഷിത ഹിറ്റ് ചിത്രത്തിനു ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
Aavesham 🔥 #Next #soundedit #sounddesign #soundmix 🔊🔊🔊 #anwarrasheedentertainment #fahadfazil #fahadfazilandfriends #jith... | Instagram
രണ്ടു ചിത്രങ്ങളുടെയും പശ്ചാത്തലം ബംഗളൂരു നഗരമാണ്.ചെറിയ കുസൃതികളും കലഹവുമായി കഴിയുന്ന യുവാക്കളുടെ ജീവിതത്തിലേക്ക് ഓജോ ബോർഡിലെ ആത്മാവ് കടന്നു വരുന്നതായിരുന്നു രോമാഞ്ചത്തിൻ്റെ കഥ. രോമാഞ്ചം ഹൊറർ കോമഡിയായിരുന്നുവെങ്കിൽ ആവേശം ആക്ഷൻ കോമഡിയാണ്. വെള്ളേം വെള്ളേം വസ്ത്രവും കഴുത്തു നിറയെ ആഭരണങ്ങളും കട്ടി മീശയുമായി തീയേറ്ററിനെ പ്രകമ്പനം കൊള്ളിക്കുന്ന സ്റ്റൈലിഷ് അഴിഞ്ഞാട്ടത്തിന് സ്വയം വിട്ടു കൊടുത്തിരിക്കുകയാണ് ആവേശത്തിലെ ഫഹദ്.
  ആവേശത്തിൻ്റെ കൊടുമുടി കയറുന്ന ഒന്നാം പകുതി.രണ്ടാം പകുതിയിൽ ഇടയ്ക്ക് അല്പം കീഴോട്ടിറക്കം. വീണ്ടും ടോപ് ഗീയറിൽ ക്ലൈമാക്സ്.ആദ്യാവസാനം നർമ്മമുഹൂർത്തങ്ങളും കളർഫുൾ ഫൈറ്റുകളുമായി പിള്ളേരെ പിടിച്ചിരുത്തും ആവേശം. കുമ്പളങ്ങി നൈറ്റ്സിലെ നെഗറ്റീവ് ഷെയ്ഡ്സുള്ള ഷമ്മിയെ വെല്ലും ആവേശത്തിലെ രംഗണ്ണൻ എന്ന ഫഹദിൻ്റെ അരക്കിറുക്കനായ ഗ്യാങ് ലീഡർ. 158 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം. അൻവർ റഷീദും നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്.
Aavesham' Movie Review: What's Good, What's Bad; Find Out From Viewers' Words - Oneindia News
മലയാളികളായ ടീനേജ് വിദ്യാർത്ഥികൾ എൻജിനീയറിംഗ് കോളേജ് പ്രവേശനം നേടി  ബംഗളൂരുവിലെത്തുന്നതോടെയാണ് ചിത്രത്തിൻ്റെ തുടക്കം. സീനിയേഴ്സിൻ്റെ റാഗിംഗ് നേരിടാൻ 22 പേരുടെ ജൂണിയർ ഗ്യാങ് ഒരുമിച്ചെങ്കിലും പിടിച്ചു നിൽക്കാനായില്ല. ശാന്തൻ, ബിബി, അജു എന്നീ മൂന്ന് മലയാളി കൂട്ടുകാർക്ക് ഉടുപ്പൂരി പൊതിരെ  തല്ലു  കിട്ടി. സീനിയേഴ്സിൻ്റെ ലീഡർ കുട്ടിയേട്ടനോട് പകരം വീട്ടാൻ ലോക്കൽ സപ്പോർട്ട് തേടിയിറങ്ങിയ മൂവർ സംഘം എത്തിച്ചേർന്നത് രംഗണ്ണൻ്റെ അടുത്താണ്. അലമ്പ് സെറ്റപ്പാണെന്നു കരുതി പിള്ളേര്  ആദ്യം തള്ളിക്കളഞ്ഞതാണ്. എന്നാൽ രംഗണ്ണൻ അവരെ ഞെട്ടിച്ചു.
  സോഡാക്കുപ്പിയുടെ അടപ്പ് ഓപ്പണറാണ് അണ്ണൻ്റെ മെയിൻ ടൂൾ. മലയാളം കലർന്ന കന്നടയാണ് സംസാരഭാഷ .കുടിയും അടിയും ആട്ടവും പാട്ടും ആഘോഷവുമായി ആകെ കളർഫുള്ളാണ് അണ്ണൻ്റെയും ഗ്യാങിൻ്റെയും ജീവിതം. അണ്ണൻ്റെ നൊസ്റ്റാൾജിയ കലർന്ന അപദാനങ്ങൾ പൂണ്ടാങ്ങൾക്കിടയിൽ കടന്നു വരും. അവിടെ ജൂസടിച്ചു കൊണ്ടുള്ള തുടക്കവും വെന്തിപ്പൂവും അമ്മയുമെല്ലാമുണ്ട്’.
അണ്ണൻ്റെ വീരഗാഥകളിൽ തള്ളിന് ഒരു കുറവുമില്ല. റെഡ്ഡിയായിരുന്നു (മൻസൂർ അലിഖാൻ ) രംഗണ്ണൻ്റെ ഗുരു.സ്വന്തം വേഷവും ഐഡൻ്റിറ്റിയും രംഗ തട്ടിയെടുത്തതിൽ കട്ട കലിപ്പിലാണ് റെഡ്ഡി. അമ്പാനാണ് ( സജിൻ ഗോപു ) രംഗൻ്റെ വിശ്വസ്തനായ അനുയായി.രംഗൻ ഗുണ്ടകളെ നേരിട്ട് അടിക്കില്ല. അതിനൊരു കാരണവുമുണ്ട്. രംഗൻ്റെ അലറലും ശരീര ഭാഷയും സാന്നിധ്യവുമാണ് ആക്ഷൻ സീനുകളിലെ ആവേശം.
ആവേശത്തിൽ ഞാൻ നല്ല ഓവറാണെന്ന് എല്ലാവരും പറഞ്ഞു; ഫഹദ് ഫാസിൽ | Fahadh Faasil Opens Up About Aavesham Movie | Madhyamam
 
ഉടുപ്പിലും നടപ്പിലുമെല്ലാം വിചിത്ര മനുഷ്യനാണ് രംഗൻ. അടുത്ത നിമിഷം എങ്ങനെ പെരുമാറുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. സീനിയേഴ്സിനോട്  പകരം വീട്ടാൻ രംഗനോട് അടുത്ത മൂന്നു പിള്ളേരുടെയും ജീവിതം മാറി മറിയുന്നു. ഫുൾ ഫൈറ്റ് കാണണമെന്ന പിള്ളേരുടെ ആഗ്രഹം സാധിച്ചു കൊടുത്ത അണ്ണൻ്റെ സംഘത്തിൽ  .കുടുങ്ങിയ  പിള്ളേരും ഗ്യാങിൻ്റെ ഭാഗമാകുന്നു. വീണ്ടും പഠിത്തത്തിലേക്ക് മടങ്ങി നല്ലവരാകാനുള്ള പിള്ളേരുടെ ശ്രമം വിജയിക്കുമോ എന്നതാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്.
 ജിത്തുവിൻ്റെ കഥയിൽ വലിയ കാര്യമൊന്നുമില്ല. ഹൈ എനർജി ലെവലിലുള്ള ആഘോഷമാണ് മുഖ്യം. അതങ്ങനെ കണ്ടു കൊണ്ടിരിക്കാം. പതിവ് കോളേജ് തമാശകളും ഹോസ്റ്റൽ ജീവിതവുമൊക്കെയായി തുടങ്ങുന്ന ചിത്രം ഭൂകമ്പം പോലെ കുലുങ്ങുന്നത് രംഗണ്ണൻ്റെ രംഗപ്രവേശനത്തോടെയാണ്. അരവട്ടനായ അണ്ണൻ്റെ “എടാ മോനേ ” എന്ന വിളി കൊല്ലാനാണോ വളർത്താനാണോ എന്നറിയതെ കാഴ്ച്ചക്കാരെ ത്രസിപ്പിക്കും.. പേരിലെ ആവേശം മാത്രമല്ല, രോമാഞ്ചവുമുണ്ട് ചിത്രത്തിൽ .കുടുകുടെ ചിരിപ്പിക്കുന്ന അമ്പാനാണ് കോമഡിയുടെ ഫുൾ ചാർജ്.
  ഫഹദ് ഫാസിലിൻ്റെ വേറിട്ട പ്രകടനമാണ് ആവേശത്തിൻ്റെ പ്രധാന ആകർഷണം. “റീഇൻട്രൊഡ്യൂസിംഗ് ഫാ ഫാ ” എന്നാണ് ചിത്രത്തിൻ്റെ അവകാശവാദം തന്നെ. അത് നൂറു ശതമാനവും ശരി വെയ്ക്കുന്നതാണ് രംഗണ്ണനായി ഫഹദ് നടത്തിയ പകർന്നാട്ടം.ഫഹദിനെ പുതിയ പരിവേഷത്തിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ ജിത്തു മാധവൻ വിജയിച്ചിട്ടുണ്ട്.
ആക്ഷൻ രംഗങ്ങളിലും ഫഹദ് തിളങ്ങി.ചിത്രത്തിൽ നായികമാരൊന്നുമില്ല. തങ്കം മോഹൻ്റെ അമ്മ വേഷം .നന്നായി. ജാൻ എ മൻ, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജിൻ ഗോപുവിൻ്റേത് മിന്നുന്ന പ്രകടനമാണ്. അമ്പാനായി ആക്ഷനിലും കോമഡിയിലും സജിൻ പ്രേക്ഷകരുടെ കൈയ്യടി നേടുന്നുണ്ട് സജിൻ. ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ് എന്നിവരുടെ മൂവർ സംഘം ഫഹദിൻ്റെ പ്രകടനത്തിനു മുമ്പിൽ പതർച്ചയില്ലാതെ പിടിച്ചു നിന്നു.
Aavesham Movie Review: Fahadh Faasil unleashes a storm with unhinged performance in this comedy flick | PINKVILLA
 ഫൈറ്റ് സീനുകൾക്ക് വ്യത്യസ്തയുണ്ട്.ചിത്രത്തിൻ്റെ ആദ്യാ‌വസാനമുള്ള ഹൈ എനർജി ലെവൽ തടസ്സമില്ലാതെ  നിലനിർത്തുന്നത് സുഷിൻ ശ്യാമിൻ്റെ പശ്ചാത്തല സംഗീതമാണ്. രംഗണ്ണൻ്റെ  ഉന്മാദം നിറഞ്ഞ ആഘോഷ ജീവിതം കളർഫുള്ളായി പകർത്തുന്നതിൽ സമീർ താഹിറിൻ്റെ ക്യാമറയും വലിയ പങ്കു വഹിച്ചു.വിവേക് ഹർഷൻ്റെ കട്ടുകളും ആകർഷകമാണ്. വേനൽ അവധിക്കാലത്ത് ന്യൂ ജെൻ പിള്ളേർക്ക് ആനന്ദിക്കാനുള്ളതെല്ലാമുണ്ട് ആവേശത്തിൽ.
————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

———————————————————————-