‘കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നു’

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ കരിമണൽ കമ്പനിയ്ക്ക് പുറമെ ഒട്ടേറെ കമ്പനികളിൽ നിന്ന് പണം പററിയിട്ടുണ്ടെന്നും അതിൻ്റെ കണക്ക് പുറത്ത് വിടാൻ സി പി എം തയാറുണ്ടോയെന്നും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ചോദിച്ചു.

വീണയുടെ എക്സാലോജിക് കമ്പനിയുമായും വീണയുമായും ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ എന്താണ് തടസ്സം. നേരിട്ട് വാങ്ങിയത് ഇത്രയാണെങ്കിൽ അല്ലാത്തത് എത്ര രൂപയായിരിക്കും? ഇന്നത്തെ ദിവസം എക്സാലോജിക്കിന്റെയും വീണ വിജയന്റെയും ജിഎസ്‌ടി ക്ലോസ് ചെയ്തു. എന്തുകൊണ്ടാണ് ജിഎസ്ടി ക്ലോസ് ചെയ്തു?

Row over Kerala chief minister's daughter getting suspicious payments of Rs 1.7 crore - India Today

എത്ര കമ്പനികളിൽ നിന്ന് പണം വാങ്ങി? മകൾ ഏതൊക്കെ കമ്പനിയിൽ നിന്നാണ് പണം സ്വീകരിച്ചിട്ടുള്ളത്, അതിന് എന്തൊക്കെ സർവീസ് ചെയ്തുവെന്ന് വെളിപ്പെടുത്താൻ പിണറായി വിജയൻ ഇനിയെങ്കിലും തയ്യാറാകണം.

കേരളത്തിൽ നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണ്. ഇതായിരുന്നു തന്റെ പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് താൻ പറഞ്ഞിരുന്നു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നിരിക്കുന്നത്.

സിപിഎം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയൊന്നും നൽകുന്നില്ല. വീണക്ക് കരിമണൽ കമ്പനിയിൽ നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്ന് പറയാൻ സിപിഎമ്മിന് കഴിയുമോ? .

കടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്സാലോജികിന്റെ ഓഡിറ്റ് റിപ്പോർട്ടടക്കം താൻ പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ രേഖകൾ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയ്യിൽ ബാക്കിയുണ്ടാവുക?

ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഏറ്റവും പ്രധാന കണ്ടെത്തൽ മറ്റൊന്നാണ്. എക്സാലോജിക് ഓഡിറ്റ് റിപ്പോർട്ടിൽ എജുക്കേഷൻ സോഫ്റ്റ്‌വെയറാണ് തങ്ങളുടെ പ്രധാന ബിസിനസ് എന്ന് പറയുന്നുണ്ട്. കരിമണൽ കമ്പനിക്ക് വിദ്യാഭ്യാസവുമായി എന്താണ് ബന്ധം എന്നും അദ്ദേഹം ചോദിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായി നിൽക്കുന്നു. കുറഞ്ഞ പക്ഷം 1.72 കോടി രൂപയെങ്കിലും കൈപ്പറ്റിയെന്ന് പറയാനെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറാകണം.

ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കും. യുക്തമായ രീതിയിൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.