December 12, 2024 7:24 pm

ജനങ്ങളുടെ വിശ്വാസത്തിന്റെ പുറത്താണ് മന്ത്രിയും സ്‌പീക്കറും

കൊച്ചി : “ജനങ്ങളുടെ വിശ്വാസത്തിന്റെ പുറത്താണ് മന്ത്രിയായാലും സ്പീക്കർ ആയാലും ആ സ്ഥാനത്ത് ഇരിക്കുന്നത്. ഓരോരുത്തരുടെയും വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിക്കാൻ അവരെ അനുവദിക്കണമെന്നും ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിച്ച നടൻ ജയസൂര്യ അഭിപ്രായപ്പെട്ടു.

 എറണാകുളത്ത് ഗണേശോത്സവത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ . ഓരോ മനുഷ്യരുടെയും വിശ്വാസം അവർക്ക് പ്രിയപ്പെട്ടതാണ്. മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്താതെ സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിക്കാൻ ഓരോ മനുഷ്യനും അവകാശമുണ്ട് . 

ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ അംഗീകരിച്ച് ജീവിക്കുന്ന നമുക്ക് ശാസ്ത്രം കണ്ടുപിടിച്ചത് കണ്ണിൽ കാണാൻ കഴിയും എന്നാൽ നമ്മുടെ അനുഭവങ്ങൾ അനുഭവിച്ചറിയാൻ മാത്രമേ കഴിയൂ എന്ന് ജയസൂര്യ പറയുന്നു. പഞ്ചസാര ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ്. എന്നാൽ പഞ്ചസാരയുടെ രുചി കാണാൻ കഴിയില്ല അത് അനുഭവിക്കാനേ കഴിയൂ. ഇതുപോലെ തന്നെയാണ് പ്രാർഥിക്കുമ്പോഴും സംഭവിക്കുന്നത്, അത് ഒരു അനുഭൂതിയാണ് വാക്കുകൾകൊണ്ട് നിർവചിക്കാൻ കഴിയില്ല. ആ അനുഭവം ഓരോരുത്തരുടെയും വിശ്വാസമാണ്. 


നന്നായി പ്രവർത്തിക്കുമെന്ന ജനങ്ങളുടെ വിശ്വാസത്തിന്റെ പുറത്താണ് മന്ത്രിയായാലും സ്പീക്കർ ആയാലും ആ സ്ഥാനത്ത് ഇരിക്കുന്നത്. ഓരോരുത്തരുടെയും വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിക്കാൻ അവരെ അനുവദിക്കണമെന്നും ഇത്തരത്തിലുള്ള വേദികൾ മനുഷ്യരുടെ കണ്ണുതുറപ്പിക്കാൻ കഴിയട്ടെ എന്നും ജയസൂര്യ പറഞ്ഞു.  ലളിതമെങ്കിലും ശക്തമായ ഒരു സന്ദേശമാണ് ഗണേശോത്സവത്തിന് പങ്കെടുത്ത് സംസാരിച്ച ജയസൂര്യ നൽകിയത്.

‘‘ഇത്രയും നല്ലൊരു ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചതിന് ഇതിന്റെ അണിയറ പ്രവർത്തകർക്കും സജി അദ്ദേഹത്തിനും നന്ദി അറിയിക്കുകയാണ്. ഞാൻ അവിടെ ഇരിക്കുമ്പോൾ ആലോചിക്കുകയായിരുന്നു നമ്മുടെ വീട്ടിലൊക്കെ ഒരു അതിഥി വരുമ്പോൾ നമ്മുടെ അനുവാദമില്ലാതെ ആ വ്യക്തിക്ക് നമ്മുടെ വീടിന് അകത്തേക്ക് വരാൻ പറ്റില്ല.  എന്ന് പറഞ്ഞതുപോലെയാണ് ഇതുപോലെയുള്ള ചടങ്ങുകൾ.  കാരണം അവിടുത്തെ ഒരു ക്ഷണം ഇല്ലാതെ ഇങ്ങനെ ഒരു പരിപാടിക്ക് നമുക്കും പങ്കെടുക്കാൻ കഴിയില്ല. ഇതുപോലെ ഒരു പുണ്യമായ ചടങ്ങിലേക്ക് പങ്കെടുക്കാൻ ദൈവത്തിന്റെ ക്ഷണം ഉണ്ടെന്നാണ് ഞാനും ഇതിനെ കാണുന്നത്. അതുപോലെതന്നെയാണ് ഇവിടെ അതിഥികളായി എത്തിയിരിക്കുന്നവരും കരുതുന്നത് എന്നാണ് ഞാൻ പൂർണമായും വിശ്വസിക്കുന്നത്.

നേരത്തെ പറഞ്ഞതുപോലെ വിശ്വാസമാണോ മിത്താണോ വലുത് എന്നുള്ളതൊക്കെ ഓരോരുത്തരുടെ വിശ്വാസമാണ്. നമ്മൾ ഞങ്ങളുടെ വിശ്വാസമാണ് വലുത് എന്നൊന്നും പറയേണ്ട കാര്യമില്ല. ആരും എന്തും വിശ്വസിച്ചോട്ടെ പക്ഷേ നമുക്ക് നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാമല്ലോ.  മറ്റുള്ളവരുടെ വിശ്വാസത്തെ തിരുത്താൻ ഒന്നും പോകണ്ട എന്നാണ് എന്റെ അഭിപ്രായം.  


തീർച്ചയായും ശാസ്ത്രത്തെ നമ്മൾ വിശ്വസിക്കുന്നുണ്ട്, അങ്ങനെ തന്നെയാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. വൈദ്യുതി ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ്. പഞ്ചസാര പോലും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ്.  പക്ഷേ ഈ പഞ്ചസാരയുടെ രുചി എന്താണെന്ന് ചോദിച്ചാൽ എന്ത് പറയും?  അതിനുത്തരം മധുരമാണ് എന്നുള്ളതാണ്.  എന്നാൽ അത് എന്താണ്? ശർക്കരയ്ക്ക് മധുരം ഇല്ലേ? കൽക്കണ്ടത്തിനു മധുരമില്ലേ? പായസത്തിന് മധുരമില്ലേ?  പിന്നെ ഇതൊക്കെ എങ്ങനെയാണ് തരം തിരിച്ചറിയുക. അതൊന്നും പറയാൻ നമുക്ക് വാക്കുകൾ ഇല്ല.  അപ്പോൾ ചില കാര്യങ്ങൾ നമുക്ക് അനുഭവിക്കാൻ മാത്രമേ പറ്റൂ.  പ്രാർഥന എന്ന് പറയുന്നതും പ്രാർഥിക്കുമ്പോൾ നമുക്ക് ലഭിക്കുന്നതും എന്താണെന്നുള്ളതും ഒരു അനുഭവമാണ്.  അതെങ്ങനെയാണ് വാക്കുകളായിട്ട് പറയാൻ കഴിയുക. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ എല്ലാം നമുക്ക് ചൂണ്ടിക്കാണിക്കാൻ പറ്റും പക്ഷേ അനുഭവങ്ങൾ നമുക്ക് ചൂണ്ടികാണിക്കാൻ പറ്റില്ല.  അതിനെ തീർച്ചയായും നമുക്ക് വിശ്വസിക്കാൻ പറ്റും.  വിശ്വസിക്കണം എന്ന് തന്നെയാണ് എന്റെ ഒരു അഭിപ്രായം.

അതുപോലെതന്നെ ഹിന്ദു എന്ന് പറയുന്നത് ഒരു മതത്തിന്റെ പേരിൽ കെട്ടിയിടുന്നതാണ് ഏറ്റവും കഷ്ടമായ കാര്യം. ഹിന്ദു എന്ന് പറയുന്നത് ഒരു സംസ്കാരം ആയാണ് ഞാൻ കാണുന്നത്.  ഭഗവത്ഗീതയാണെങ്കിലും രാമായണം ആണെങ്കിലും മഹാഭാരതം ആണെങ്കിലും അതൊക്കെ നമ്മളെ കൂടുതൽ മികച്ച മനുഷ്യൻ ആക്കി മാറ്റാൻ വേണ്ടി മാത്രമുള്ളതാണ്.  അങ്ങനെയാണ് അതിനെ കാണേണ്ടത്.  അതല്ലാതെ എന്റെ മതമാണ് വലുത് എന്നൊക്കെ പറയുന്ന രീതിയിൽ ചെറിയ ആളുകൾ ആകേണ്ടവരല്ല നമ്മൾ.  നമ്മളൊക്കെ മതത്തിനപ്പുറത്തേക്ക് വളരേണ്ട ആളുകൾ ആയിട്ട് തന്നെയാണ് എനിക്ക് തോന്നുന്നത്. തീർച്ചയായിട്ടും ഇങ്ങനെയുള്ള ചടങ്ങുകൾ ഒക്കെ അതിനൊക്കെ പറ്റുന്നതാണ്. 

എല്ലാ മതങ്ങളെയും എല്ലാ സംസ്കാരങ്ങളെയും നമ്മളെല്ലാം ബഹുമാനിക്കുക.  നമ്മളെല്ലാവരും ഒന്നുതന്നെയാണ്, ഒരുപോലെയാണ് എന്ന് വിശ്വസിക്കുക.  വിശ്വാസമാണ് ഏറ്റവും വലിയ കാര്യം.  ഞാൻ നന്നായിട്ട് അഭിനയിക്കുന്നു എന്നൊരു വിശ്വാസം നിങ്ങൾ തന്നതിന്റെ പേരിലാണ് ഞാൻ ഒരു നടൻ ആയത്.  അദ്ദേഹം എംപി ആയത് അദ്ദേഹം ആ കർമ്മം നന്നായി ചെയ്യുമെന്നുള്ള നമ്മുടെ വിശ്വാസത്തിന്റെ പേരിലാണ്.  അതുപോലെതന്നെ ഒരു മന്ത്രി ആയാലും സ്പീക്കർ ആയാലും അദ്ദേഹം ആ സ്ഥാനത്തിരിക്കുന്നത്  നമുക്ക് അദ്ദേഹത്തോടുള്ള ഒരു വിശ്വാസം കാരണമാണ്. വിശ്വാസം എന്നും മുറുകെ പിടിക്കാൻ നമുക്ക് സാധിക്കട്ടെ.  നമ്മുടെ സംസ്കാരത്തെ നമുക്ക് മുറുകെ പിടിക്കാൻ സാധിക്കട്ടെ.  ഇത്രയും നല്ല ഒരു ചടങ്ങിന് എന്നെ ക്ഷണിച്ചതിന് ഒരുപാട് ഒരുപാട് നന്ദി.  ഇനിയും ഇതുപോലെയുള്ള നല്ല ചടങ്ങുകൾ ഉണ്ടാകട്ടെ.  ഇത്തരം ചടങ്ങുകൾ ഒരു മിഴി തുറക്കലാണ്.  എല്ലാവരുടെയും അകത്തെ മിഴി തുറക്കട്ടെ എന്ന് മാത്രം ഈ അവസരത്തിൽ പ്രാർഥിക്കുന്നു.’’– ജയസൂര്യ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News