സിദ്ധാര്‍ഥിന്റെ മരണം: വൈകിയാണെങ്കിലും രേഖകൾ സി ബി ഐയ്ക്ക്

ന്യൂഡൽഹി : കേരള വെററിനറി സർവകലാശാലയുടെ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥിന്റെ മരണലുമായി ബന്ധപ്പെട്ട രേഖകള്‍ സി ബി ഐ അന്വേഷണത്തിനായി വൈകിയാണെങ്കിലും കേന്ദ്ര സര്‍ക്കാരിന് കൈമാറി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ വികാരം ഉയർന്നതോടെയാണ് നടപടികൾ വേഗത്തിലാക്കിയത് എന്ന് വ്യക്തം. കേസ് അട്ടിമറിക്കാനാണ് രേഖകൾ വൈകിച്ചതെന്ന ആരോപണം ഉയർന്നതിനെ പ്രതിരോധിക്കാൻ ഇതല്ലാതെ സർക്കാരിന് വേറെ വഴിയിലായിരുന്നു.

കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയെങ്കിലും യഥാസമയം ഇക്കാര്യം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചില്ല. കാലതാമസം ഉണ്ടായതെന്തെന്ന് പരിശോധിച്ച്‌ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.

അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയ എം സെക്ഷന്റെ ചുമതലക്കാരായ മൂന്ന് ഉദ്യോഗസ്ഥരെ അടിയന്തരമായി സര്‍ക്കാര്‍ സസ്‌പെന്‍ഡും ചെയ്തിരുന്നു.

സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്താണ് ഡൽഹിയിലെത്തി പേഴ്‌സണല്‍ മന്ത്രാലയത്തിന് രേഖകള്‍ നേരിട്ട് കൈമാറിയത്.

ഈ മാസം ഒന്‍പതിന് സിദ്ധാര്‍ത്ഥിന്റെ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതിന് പിന്നാലെ കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എസ് എഫ് ഐ നേതാക്കൾ ഉൾപ്പെടെയുള്ള സഹപാഠികൾ ഹോസ്റ്റലിൽ ക്രൂരമായി മർദിച്ചതിനു പിന്നാലെയാണു സിദ്ധാർഥ‌നെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1946 പ്രകാരം വൈത്തിരി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സിബിഐക്ക് കൈമാറുന്നതായാണു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, വിജ്ഞാപനത്തിന്റെ പകർപ്പ് സർക്കാരിന്റെ ആമുഖ കത്തോടെ സിബിഐയ്ക്കു കൈമാറാൻ ഒരാഴ്ച വൈകി. സാധാരണ ഇത്രയും താമസം ഉണ്ടാവില്ല.

സെക്രട്ടേറിയറ്റിലെ ആഭ്യന്തരവകുപ്പിൽനിന്നു വിജ്ഞാപനത്തിന്റെ കോപ്പി കൊച്ചിയിലെ സിബിഐ ഓഫിസിലേക്കും മറ്റൊരു പകർപ്പ് ഡിജിപിക്കുമാണ് അയയ്ക്കുന്നത്. ആഭ്യന്തര സെക്രട്ടറിക്കുവേണ്ടി ഡപ്യൂട്ടി സെക്രട്ടറിയാണു കൊച്ചിയിലെ സിബിഐ വിഭാഗത്തിന്റെ തലവനു കത്തയച്ചത്.

അന്വേഷണം വേണോ എന്നു തീരുമാനിക്കേണ്ടത‌ു സിബിഐയാണ്. അന്വേഷണം വൈകിപ്പിക്കാനാണു നീക്കമെന്ന് സിദ്ധാർഥന്റെ കുടുംബം ആരോപിച്ചിരുന്നു. സിബിഐ അന്വേഷണം വൈകിയാൽ തെളിവുകൾ നശിപ്പിക്കാനാകുമെന്നും കുടുംബം പറയുന്നു

സിബിഐ അന്വേഷണത്തെ സർക്കാർ വൈകിപ്പിക്കുകയാണെന്നു സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് മാധ്യമങ്ങളോടു പറഞ്ഞു. എല്ലാവരുടെയും വായ്‌മൂടികെട്ടുന്നതിൽ അവർ വിജയിച്ചു. തെളിവുകൾ നശിപ്പിച്ചു. സിബിഐക്ക് ഓടിവന്ന് കേസ് എടുക്കാൻ ആകില്ല. സിബിഐ അന്വേഷണത്തിന്റെ നടപടിക്രമങ്ങൾ സർക്കാർ വൈകിപ്പിക്കുകയാണ്.

സിബിഐ വന്നാൽ ഒരു തെളിവും ലഭിക്കരുതെന്ന ലക്ഷ്യമാണ്. അല്ലെങ്കിൽ തുടക്കം മുതൽ സിബിഐ ഇരുട്ടിൽതപ്പണം എന്ന ചിന്തയാണ്. ശക്തമായാണ് അവർ പ്രവർത്തിക്കുന്നത്. പരമാവധി വൈകിപ്പിച്ചു കേസ് അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്നും ജയപ്രകാശ് പറഞ്ഞു

ജയപ്രകാശ് ഗവർണറെ കണ്ട് സിബിഐ അന്വേഷണം വൈകുന്നതിലുള്ള ആശങ്ക അറിയിച്ചിരുന്നു. പൂക്കോട് വെറ്ററിനറി കോളജിലെ 33 വിദ്യാർഥികൾക്കെതിരെയുള്ള നടപടി പിൻവലിച്ച വിസിയുടെ നടപടിക്കെതിരായ പ്രതിഷേധവും പങ്കുവച്ചിരുന്നു.