കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുൻ മന്ത്രി എ.സി.മൊയ്തീൻ്റെ വീട്ടിൽ ഇ. ഡി തിരച്ചിൽ

തൃശ്ശൂർ: സി. പി. എം നേതാക്കൾ ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻമന്ത്രി എ.സി. മൊയ്തീന്റെ വടക്കാഞ്ചേരിയിലെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ഉദ്യോഗസ്ഥന്മാർ തിരച്ചിൽ നടത്തി.

ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ കൊച്ചിയിൽ നിന്നുള്ള ഇ.ഡി. സംഘത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. മൊയ്തീനെതിരെ കേസിലെ മുഖ്യ പ്രതികളായ ബിജു കരീം, കിരൺ എന്നിവർ മൊഴി നൽകിയിരുന്നു.

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി അന്വേഷണം നടക്കുന്നത്. 300 കോടി രൂപയുടെ വെട്ടിപ്പു നടന്നെന്നാണ് കേസ്. മൊയ്തീന് കേസിലെ പ്രധാന പ്രതിയായിരുന്ന ബിജു കരീമുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

മൊയ്തീന്റെ ബന്ധുക്കളിൽ ചിലർക്ക് കരുവന്നരൂർ സഹകരണ ബാങ്ക് തട്ടിപ്പുമായും ബന്ധമുണ്ടെന്നും ആരോപമുണ്ട്.

2014 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ് അരങ്ങേറിയത്. ബാങ്കില്‍ പണമിട്ടിരുന്ന നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭിച്ചിരുന്നില്ല.

ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ന്ന് ആറ് മുന്‍ ജീവനക്കാര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.