പോലീസ് ഇടപെടൽ: വെടിക്കെട്ട് പകലായി: രാഷ്ടീയ വിവാദം തുടങ്ങി

തൃശ്ശൂർ : പൂരത്തിൻ്റെ വെടിക്കെട്ട് കുളമായി. പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് നടന്നത് രാവിലെ എഴിന് ശേഷം. ആദ്യം പാറമേക്കാവും പിന്നാലെ തിരുവമ്പാടിയും വെടിക്കെട്ട് നടത്തി. പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ കാര്യങ്ങൾ വഷളാക്കിയെന്ന ആരോപണം വിവാദമായിക്കഴിഞ്ഞു.

അനാവശ്യ നിയന്ത്രണങ്ങള്‍ എന്നാരോപിച്ച് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയതോടെ കേട്ടുകേള്‍വിയില്ലാത്ത പ്രതിസന്ധിക്കാണ് പൂരം ദിനം സാക്ഷ്യമായത്. പോലീസുമായുള്ള തര്‍ക്കം പൂരം ചടങ്ങുകളിലേക്ക് ഒതുക്കാന്‍ തിരുവമ്പാടി ദേവസ്വം മുതിര്‍ന്നതോടെ വെടിക്കെട്ട് ഉള്‍പ്പെടെ വൈകുന്ന നിലയുണ്ടായി.

പുലര്‍ച്ചെ മന്ത്രി കെ രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ത്തിവെച്ച പൂരം പുനരാരംഭിക്കാന്‍ തീരുമാനമായത്.

ഇതിന് പിന്നാലെ ഈ വിഷയത്തില്‍ രാഷ്ട്രീയ വാക്പോരും തുടങ്ങി. പൂരം സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് കാരണം പോലീസിന്റെ ഇടപെടലാണ് എന്നാരോപിച്ച് ഇടതുമുന്നണി സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറാണ് ആദ്യം രംഗത്തെത്തിയത്. ആവശ്യമില്ലാത്ത ചില ഇടപെടലുകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായെന്നും അദ്ദേഹം കുററപ്പെടുത്തി.

യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തി. അനാവശ്യ നിയന്ത്രണങ്ങള്‍ പൂരത്തിന്റെ ശോഭ കെടുത്തിയെന്ന് ആരോപിച്ച അദ്ദേഹം പകലന്തിയോളം വെള്ളം കോരിയിട്ട് കുടമുടച്ച നിലയാണ് പൂരം ദിവസം ഉണ്ടായതെന്നും കുറ്റപ്പെടുത്തി. പൂരം ദിനം രാത്രി മുതലാരംഭിച്ച അനിശ്ചിതത്വം തീരാന്‍ പിറ്റേന്ന് രാവിലെ വരെ കാത്തിരിക്കേണ്ടിവന്നു. ജില്ലയില്‍ രണ്ട് മന്ത്രിമാര്‍ ഉണ്ട്. പോലീസിനെ നിയന്ത്രിക്കുന്ന ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും കാര്യക്ഷമമായി ഇടപെട്ടില്ല. പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത് എന്ന് അദ്ദേഹം ആരോപിച്ചു.

പൂരം അലങ്കോലമാക്കി നശിപ്പിക്കാന്‍ ശ്രമിച്ചത് എല്‍ഡിഎഫും യുഡിഎഫും ആണെന്ന് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു.എന്നാല്‍ തൃശൂര്‍ പൂരത്തെ രാഷ്ട്രീയ ആയുധമാക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് തൃശൂരില്‍ രാഷ്ട്രീയ ഇടം ഉണ്ടാക്കിക്കൊടുക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പോലീസ് ഇടപെട്ടതിന് പിന്നില്‍ എല്‍ഡിഎഫ് – ബിജെപി ഗൂഢാലോചന ഉണ്ട്.

അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ പൂരം സുഗമമായി നടക്കുന്ന നിലയുണ്ടാകുമായിരുന്നുവെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍ മേനോന്‍ പറഞ്ഞു.പൂരത്തിനിടെ ഉണ്ടായ പ്രതിസന്ധി സംശയാസ്പദമാണെന്ന് . പൂരം നിര്‍ത്തിവയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും ഇത്തവണത്തെ പ്രശ്നങ്ങള്‍ക്ക് വഴിവച്ചത് പോലീസിന്റെ അമിത നിയന്ത്രണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.