ഗ്യാന്‍വാപി മസ്ജിദ് പണിതത് ക്ഷേത്രം പൊളിച്ച് ….?

ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥലത്ത് നേരത്തെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ).

കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കത്തില്‍ ഇത് നിര്‍ണായക കണ്ടെത്തലാണ്. ഗ്യാന്‍വാപി കേസിലെ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയ്‌നാണ് എഎസ്‌ഐ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

”നിലവിലുള്ള കെട്ടിടത്തിന് മുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രമുണ്ടായിരുന്നതായി എഎസ്‌ഐ റിപ്പോര്‍ട്ട് പ്രകാരം പറയാനാകും. ഇത് എഎസ്‌ഐയുടെ നിര്‍ണായക കണ്ടെത്തലാണ്”- അദ്ദേഹം പറഞ്ഞു.

ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറന്‍ മതില്‍ ഹിന്ദു ക്ഷേത്രത്തിന്റേതാണെന്നും റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദേവനാഗിരി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ 32 ഹിന്ദു ലിഖിതങ്ങളും പള്ളിയില്‍ കണ്ടെത്തിയതായി വിഷ്ണു ശങ്കര്‍ പറയുന്നു. ക്ഷേത്ര തൂണുകളിലെ ചിഹ്നങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ജൂലൈ 21ന് ജില്ലാകോടതി പാസാക്കിയ ഉത്തരവിനെ തുടര്‍ന്നാണ് ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ പള്ളി പണിഞ്ഞതെന്ന് കണ്ടെത്തുന്നതിന് വേണ്ടി എഎസ്‌ഐ ഗ്യാന്‍വാപി പരിസരത്ത് ശാസ്ത്രീയ പരിശോധന നടത്തിയത്.

17ാം നൂറ്റാണ്ടില്‍ ക്ഷേത്രത്തിന് മുകളിലായിരുന്നു പള്ളി പണിത് എന്ന ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. ഡിസംബര്‍ 18ന് സീല്‍ വച്ച കവറില്‍ എഎസ്‌ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എട്ട് തവണ മാറ്റിവെച്ചതിന് തുടര്‍ന്നാണ് അന്ന് എഎസ്‌ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അതേസമയം ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് എഎസ്‌ഐ നടത്തിയ സര്‍വേയുടെ കോപ്പി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ഹിന്ദു, മുസ്‌ലിം വിഭാഗങ്ങള്‍ രംഗത്ത് വന്നിരുന്നു.