സി.പി.എം നേതാവ് 500 പവൻ സ്വർണം സതീഷിനെ ഏൽപ്പിച്ചെന്നു ഇ ഡി

തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ ഇ.ഡിയുടെ പിടിയിലായ പി.സതീഷ്‌കുമാറിന്റെ (വെളപ്പായ സതീശൻ) പക്കൽ ഒരു മുതിർന്ന സി.പി.എം നേതാവ് 500 പവൻ സ്വർണം ഏൽപ്പിച്ചിരുന്നതായി ഇ.ഡിക്ക് വിവരം . സതീശൻ പിടിയിലായതോടെ ഇയാളുടെ ഇടനിലക്കാരന്റെ പക്കലുണ്ടായിരുന്ന സ്വർണം തിരിച്ചുവാങ്ങിയതായും സൂചനയുണ്ട്.

സ്വർണം വീട്ടിലോ മറ്റോ വയ്ക്കുന്നത് അപകടമെന്ന് കണ്ടാണ് സതീശനെ ഏൽപ്പിച്ചത്. റെയ്ഡിൽ പിടിക്കപ്പെടുമെന്നും നേതാവിന് ആശങ്കയുണ്ടായിരുന്നു. ഇത്രയും സ്വർണം വാങ്ങാൻ കള്ളപ്പണം കൊണ്ടേ കഴിയൂവെന്നാണ് ഇ.ഡി വിലയിരുത്തൽ. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കും.

ചില മുൻമന്ത്രിമാരുടെ ബന്ധുക്കളുടെ പേരിലുള്ള ഭൂമി, സ്വത്ത് സമ്പാദ്യത്തിലേക്കും ഇ.ഡി അന്വേഷണം നീളും. വടക്കാഞ്ചേരിയിൽ മുൻമന്ത്രിയുടെ അടുത്ത ബന്ധുവിന്റെ പേരിൽ കോടികൾ മുടക്കിയുള്ള ഭൂമിയിടപാട് സംശയാസ്പദമെന്നാണ് ഇ.ഡി നിഗമനം. ചില മുൻ മന്ത്രിമാർ, സതീശനെ തങ്ങളുടെ ഇടപാടുകളിലെ കമ്മിഷൻ വാങ്ങാൻ ഏൽപ്പിച്ചിരുന്നതായും വിവരമുണ്ട്. കണ്ണൂരിലെ ചില സി.പി.എം നേതാക്കളുമായുള്ള അടുപ്പത്തിലൂടെ സതീശനുമായി ഉറ്റബന്ധം ഇവർക്കുണ്ടായിരുന്നു.

കണ്ണൂരിലെ ഒരുഫാമിന് സമീപം ഏക്കർ കണക്കിന് ഭൂമി ഒരു മുൻമന്ത്രിയുടെ അടുത്ത ബന്ധുവിന്റെ പേരിൽ വാങ്ങിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ഇതേപ്പറ്റി പാർട്ടിയിൽ പ്രതിഷേധമുയർന്നിരുന്നു. 40 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ഇ.ഡി സംശയിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിൽ ചിലസി.പി.എം നേതാക്കളുടെ ബന്ധുക്കൾ ജീവനക്കാരാണ്. ഇവരുടെ സഹായത്തോടെയാകും കള്ളപ്പണം വെളുപ്പിച്ചതെന്നാണ് ഇ.ഡി നിഗമനം.

 

500 കോടിയിൽ വിശദ അന്വേഷണം

സി.പി.എം ഭരിക്കുന്ന പത്തോളം ബാങ്കിലാണ് സതീശൻ ഇടപാട് നടത്തിയതെന്നാണ് വിവരമെങ്കിലും കൂടുതൽ തുകയുടെ ഇടപാട് നടന്നിട്ടുള്ള പാർട്ടി ഭരിക്കുന്ന മറ്റു ചില ബാങ്കുകളിലും ഇ.ഡി അന്വേഷണമുണ്ടാകും. സതീശൻ ഇടപാട് നടത്തിയ 500 കോടിയുടെ വിശദാംശം ശേഖരിക്കുകയാണ് ലക്ഷ്യം. ചില പ്രമുഖരുടെ ബിനാമിയാണ് സതീശനെന്നാണ് ഇ.ഡി കരുതുന്നത് . ജപ്തിയിലെത്തിയ വായ്പ തിരിച്ചടയ്ക്കാൻ സഹായിച്ചതിനുശേഷം ഉടമയുടെ പേരിൽ കൂടുതൽ തുകയെടുത്ത് വട്ടിപ്പലിശയ്ക്ക് നൽകാൻ തൃശൂരിൽ നിരവധി ബ്രോക്കർമാരെയും ഇടനിലക്കാരെയും സതീശൻ നിയോഗിച്ചിരുന്നതായും അറിയുന്നു. ഇവരിൽ പ്രധാനികളിലേക്കും അന്വേഷണം നീളും.


 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News