മാപ്പുമായി ഇടതുനേതാവ്; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനിടയിൽ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടതുമുന്നണി സംഘടനാ നേതാവ് നന്ദകുമാറിനെതിരെ കേസെടുത്തു.

സ്ത്രീത്വ അപമാനിച്ചതിനാണ് ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമുള്ള കേസ്. അച്ചു ഉമ്മൻ, സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസ്.

അതിനിടെ, നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു. മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയാണ് ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. അച്ചു ഉമ്മൻ പരാതി നൽകിയതിന് പിന്നാലെയാണ് ക്ഷമാപണം.

ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നുവെന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നാണ്’ ഫേസ്ബുക്ക് പോസ്റ്റ്.

തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമ നടപടിയിലേക്ക് കടക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന അച്ചു, അധിക്ഷേപം കടുത്തതോടെയാണ് പരാതി കൊടുത്തത്.

പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും അച്ചു പരാതി നൽകിയിട്ടുണ്ട്. ഫേസ്ബുക്ക് ലിങ്കുകളും സ്ക്രീൻഷോട്ടുകളും അടക്കമാണ് പരാതി.

ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഒപ്പം തന്നെ മറ്റ് വ്യാജപ്രചരണങ്ങളും പുറത്തുവന്നിരുന്നു.

ജീവിച്ചിരിക്കുമ്പോൾ അച്ഛനെ വേട്ടയാടി, ഇപ്പോൾ മക്കളെ വേട്ടയാടുന്നുവെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപത്തോട് അച്ചു ഉമ്മന്റെ പ്രതികരണം.

സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നു. പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ലാത്ത എനിക്കെതിരെയാണ് അധിക്ഷേപം. ഉമ്മൻചാണ്ടിയുടെ സൽപേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള സൈബർ പ്രചാരണങ്ങൾ നിരാശാജനകമാണെന്നും അച്ചു ഉമ്മൻ പറയുന്നു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രധാരണവും സാമ്പാദ്യവുമൊക്കെ ഉയര്‍ത്തിയുള്ള അധിക്ഷേപം സി പി എം സൈബര്‍ ഇടങ്ങളില്‍ സജീവമായത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടു വിവാദത്തിനു മറുപടിയെന്ന നിലയിലായിരുന്നു ഇടത് അനുകൂല ഗ്രൂപ്പുകളിലെ പ്രചാരണം.

ഇടതുമുന്നണി സ്ഥാനാർഥി ജെയ്ക് സി. തോമസ് ഉള്‍പ്പെടെയുള്ള ഇടതു നേതാക്കള്‍ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞെങ്കിലും അച്ചു ഉമ്മന്‍ പരാതിയുമായി രംഗത്തെത്തിയതോടെ പ്രചാരണത്തിനു പിന്നില്‍ ഇടതു കേന്ദ്രങ്ങളാണെന്നു വ്യക്തമായി.

തിങ്കളാഴ്ച വൈകിട്ടാണ് നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ അച്ചു പരാതി നല്‍കിയത്. അതുവരെ ഒട്ടേറെ അധിക്ഷേപ പോസ്റ്റുകളിട്ട നന്ദകുമാര്‍ പരാതിക്ക് പിന്നാലെ മാപ്പപേക്ഷയുമായി ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

തിരുവനന്തപുരത്ത് താമസിക്കുന്ന നന്ദകുമാര്‍ ആരോഗ്യവകുപ്പില്‍നിന്ന് അഡീഷനല്‍ സെക്രട്ടറിയായി വിരമിച്ചയാളാണ്. സര്‍വീസിലിരിക്കുമ്പോഴും ഇപ്പോഴും സജീവ ഇടതുമുന്നണി സംഘടനാ പ്രവര്‍ത്തകനാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഉമാ തോമസിനെതിരെയും അധിക്ഷേപ പോസ്റ്റുകളിട്ടിരുന്നു. യുഡിഎഫ് പരാതി നല്‍കുകയും ചെയ്തിരുന്നു.