സ്നേഹത്തിന്‍റെ യുക്തിയും അദ്വൈതവും

പി.രാജന്‍
യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയെക്കുറിച്ചുള്ള ക്രിസ്ത്യാനികളുടെ വിശ്വാസത്തേയും അദ്ദേഹത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പുമായി ബന്ധപ്പെടുത്തിയ പ്രവചനത്തേയും യുക്തിസഹമായി വ്യാഖ്യാനിക്കാനുള്ള എന്‍റെ ശ്രമം എന്നെ ഓര്‍മ്മിപ്പിച്ചത് മദര്‍ തെരേസയോട് ഞാന്‍ ചോദിച്ച മര്യാദയില്ലാത്തതും അനാദരവ് കലര്‍ന്നതുമായ ചോദ്യത്തെക്കുറിച്ചായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മദര്‍ കൊച്ചി സന്ദര്‍ശിച്ച വേളയിലായിരുന്നു ഞാനവരെ കാണുന്നതും ആ ചോദ്യം ചോദിക്കുന്നതും. അന്നവര്‍ പ്രശസ്തയായിരുന്നു. എങ്കിലും ഭാവി സന്യാസിനിയുടെ പ്രഭാവലയം നേടിയിരുന്നില്ല. മാതൃഭൂമിയിലെ എന്‍റെ സഹപ്രവര്‍ത്തകനായിരുന്ന വര്‍ഗ്ഗീസിനോടൊപ്പം എസ്.ആര്‍.എം.റോഡില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സിസ്റ്റേഴ്സിന്‍റെ മഠത്തില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച.

“സ്നേഹത്തിന്‍റെ യുക്തിയുക്തമായ വ്യാഖ്യാനം എന്താണ്” എന്നായിരുന്നു അന്ന് ഞാന്‍ മദറിനോട് ചോദിച്ച ആ ചോദ്യം. മദറിന് എന്‍റെ ചോദ്യം മനസ്സിലായില്ല. “ആളുകള്‍ എന്തിന് പരസ്പരം സ്നേഹിക്കണം?” എന്ന് അല്‍പ്പം കൂടി വ്യക്തത വരുത്തി ഞാന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഒന്നും പറയാതെ എന്‍റെ കൈകള്‍ കൂട്ടിപ്പിടിച്ച് എന്നെ നോക്കുക മാത്രമാണവര്‍ ചെയ്തത്.

ഓരോ വ്യക്തിയുടേയും പ്രവൃത്തിയുടെ പിന്നിലുള്ള യുക്തിക്കായി തിരയുന്ന എന്‍റെ ശീലം ഈ 87-ാം വയസ്സിലും ഞാന്‍ വച്ച് പുലര്‍ത്തുന്നത് ഒരു പക്ഷേ ജീവിതത്തിന്‍റെ വ്യര്‍ത്ഥതയിലുള്ള എന്‍റെ വിശ്വാസത്തിന്‍റേയും നിഹിലിസത്തെക്കുറിച്ചുള്ള ആശയങ്ങളുടേയും സ്വാധീനത്താലായിരിക്കാം.

മദറിനോട് ഞാന്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ആര്‍.എസ്.എസ്. സര്‍ സംഘ് സഞ്ചാലകനായിരുന്ന ഗുരുജി ഗോള്‍വാക്കര്‍ എഴുതിയ ഒരു ലേഖനത്തി വിവരിച്ചിട്ടുള്ളതായി എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. “വേര്‍പിരിഞ്ഞതായി തോന്നുന്ന ഒന്നിലേക്ക് മടങ്ങാന്‍ പ്രേരണ നല്‍കുന്ന ഒന്നാണ് സ്നേഹം” എന്നോ മറ്റോ ആണ് അദ്ദേഹം നല്‍കിയ വ്യഖ്യാനം.

ഇതുതന്നെയല്ലേ  “ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവിലുണ്ടായയൊരിണ്ടല്‍ ബദ മിണ്ടാവതില്ല മമ പണ്ടേ കണക്ക് വരുവാന്‍” എന്ന് ഹരിനാമ കീര്‍ത്തനത്തില്‍ എഴുത്തഛന്‍ പറഞ്ഞതും?
അദ്വൈതം ഒരു സുസ്ഥിര  തത്വചിന്തയായി തുടരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല തന്നെ.
———————————————————————————————————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക