ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്ഥലങ്ങൾ തങ്ങളുടെ അധീനതയിലാണെന്ന് കാണിക്കുന്ന പ്രകോപനപരമായ ഭൂപടം വീണ്ടും പ്രസിദ്ധീകരിച്ച് ചൈന.
ചൈന സര്‍ക്കാരിൻ്റെ മാധ്യമമായ ‘ഗ്ലോബല്‍ ടൈംസ്’ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അരുണാചല്‍ പ്രദേശ്, അക്‌സായ് ചിന്‍, തയ്‌വാന്‍, തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനാക്കടല്‍ തുടങ്ങിയ സ്ഥലങ്ങള്‍ തങ്ങളുടെ പ്രദേശമായി രേഖപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമാണിത്.
ചൈന, ദക്ഷിണ ടിബറ്റ് എന്നവകാശപ്പെടുന്ന ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, 1962-ലെ യുദ്ധത്തില്‍ പിടിച്ചടക്കിയ അക്‌സായ് ചിന്‍ എന്നീ പ്രദേശങ്ങള്‍ ഭൂപടത്തില്‍ കാണുന്നുണ്ട്.
കൂടാതെ പരമാധികാരമുള്ള രാജ്യം എന്ന് അവകാശപ്പെടുന്ന തയ്‌വാന്‍, സൗത്ത് ചൈനാക്കടലിന്റെ വലിയ ഭാഗമാണെന്നവകാശപ്പെടുന്ന നയന്‍ ഡാഷ് ലൈൻ എന്നിവയും ഭൂപടത്തിലുണ്ട്.
ചൈനയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്ത് വന്നിട്ടുണ്ട്.
നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം ചൈന കൈവശംവെച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന പ്രസിഡൻ്റ് ഷി ജിന്‍ പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
തര്‍ക്കമേഖലകളിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇരുനേതാക്കളും ചർച്ച നടത്തിയതായി ചൈന വിദേശകാര്യ മന്ത്രാലയം പ്രതികരിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പ്രകോപനപരമായ ഈ ഭൂപടം പുറത്തുവിട്ടത്.