ഒത്തിരി ചിരിയും ഇത്തിരി ചിന്തയും! പ്രേക്ഷകരേറ്റെടുത്ത് ‘തോൽവി എഫ്‍സി’

In Special Story, Top News
November 08, 2023

‘പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവവുള്ളവണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യരെപ്പാരിലയച്ചതീശൻ’, എന്ന കവി വാക്യങ്ങള്‍ ഓ‍ർമ്മിപ്പിക്കുന്നൊരു ചിത്രം. ഷറഫുദ്ദീൻ നായകനായി തിയേറ്ററുകളിലെത്തിയിരിക്കുന്ന ‘തോല്‍വി എഫ്‍സി’ എന്ന ചിത്രം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്.

ജയപരാജയങ്ങള്‍ ഒന്നിന്‍റേയും മാനദണ്ഡമല്ലെന്നും പരിശ്രമം ചെയ്തുകൊണ്ടേയിരിക്കുകയെന്നതാണ് മനുഷ്യർ എക്കാലത്തും ചെയ്യേണ്ടതെന്നും അടിവരയിടുന്ന ചലച്ചിത്രാനുഭവമാണ് ‘തോൽവി എഫ്‍സി’ സമ്മാനിക്കുന്നത്. യാതൊരു വിധ ടെൻഷനും പിരിമുറുക്കവുമില്ലാതെ സകുടുംബം ആസ്വദിച്ച് കാണാവുന്ന സിനിമയാണെന്നാണ് തിയേറ്റർ ടോക്ക്.

ഓഹരിക്കച്ചവടത്തില്‍ കമ്പം കയറി ലക്ഷകണക്കിന് രൂപ നഷ്ടപ്പെട്ടയാളാണ് വിക്ടറി വില്ല എന്ന വീട്ടിലെ കുരുവിള. അയാളുടെ ഭാര്യ ശോശ ലൈബ്രേറിയനും ഒരു എഴുത്തുകാരിയുമാണ്. ഓഹരിക്കച്ചവടത്തിൽ വലിയ തുക നഷ്ടമാക്കിയ ഭർത്താവിനെ ഒരു ദിവസം ശോശ വീട്ടിൽ നിന്ന് പുറത്താക്കുന്നു. മകന്‍റെ അടുത്തേയ്‍ക്കാണ് കുരുവിള എത്തിച്ചേരുന്നത്. മകനാകട്ടെ ബാംഗ്ലൂരിലുണ്ടായിരുന്ന നല്ലൊരു എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് നാട്ടിൽ കോഫി ഷോപ്പ് എന്ന തന്‍റെ സ്റ്റാര്‍ട്ട് അപ്പിന്‍റെ പിന്നാലെയാണ്. മറ്റൊരു മകൻ കുട്ടികളെ ഫുട്ബോള്‍ പഠിപ്പിക്കാനായി തമ്പി എഫ്‍സി എന്നൊരു ഫുട്‍ബോള്‍ ക്ലബ് തുടങ്ങിയിരിക്കുകയാണ്. ഇവരുടേയും ഇവരുടെ ജീവിതത്തിലേക്ക് വന്നെത്തുന്നവരുടേയും ജീവത്തിലൂടെ ഏറെ രസകരമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ജോണി ആന്‍റണിയാണ് കുരുവിളയെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വളരെ രസകരമായതും ഏവരേയും ചിരിപ്പിക്കുന്നതുമായ മാനറിസങ്ങളുമായി കുരുവിളയായി ചിത്രത്തില്‍ ജോണി ആന്‍റണി ജീവിക്കുകയായിരുന്നു. മൂത്ത മകൻ ഉമ്മനായി ഷറഫുദ്ദീൻ പക്വതയാര്‍ന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്. തമ്പി എന്ന രണ്ടാമത്തെ മകനായി ജോര്‍ജ് കോരയും ശ്രദ്ധേയ പ്രകടനമാണ്. മറിയം എന്ന കഥാപാത്രമായി മീനാക്ഷി രവീന്ദ്രനും, ശോശയായി ആശാ മഠത്തിലും അബുവായി അനുരാജ് ഒബിയും അൽത്താഫായി അൽത്താഫ് സലീമും തോല്‍വി എഫ്‍സിയില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഒപ്പം ഒട്ടേറെ കുട്ടികളും സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിലുണ്ട്.

ലളിതമായ ആഖ്യാനമാണ് ‘തോൽവി എഫ്‍സി’യെ കുടുംബങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നതും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നടൻ കൂടിയായ ജോർജ്ജ് കോരയാണ്. ഈ ജനറേഷനിലുള്ളവരുടെ ഇടയിലെ നർമ്മങ്ങളും മറ്റും ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത് ഏവരിലും ചിരി വിരിയിക്കും.

ശ്യാമപ്രകാശിന്‍റെ മനോഹരമായ ഛായാഗ്രഹണവും ലാൽ കൃഷ്ണയുടെ കിറു കൃത്യമായ എഡിറ്റിംഗും മികച്ചുനിൽക്കുന്നതാണ്. സിബി മാത്യു അലക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും സിജിൻ തോമസും വിഷ്ണു വർമ്മയും കാർത്തിക് കൃഷ്ണനും ഒരുക്കിയിരിക്കുന്ന പാട്ടുകളും സിനിമയെ പ്രേക്ഷകർക്ക് ഏറെ അനുഭവവേദ്യമാക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. ധനുഷ് നായനായരുടെ സൗണ്ട് ഡിസൈനിംഗും മികവ് പുലർത്തിയിട്ടുണ്ട്.