അഴിമതി മായ്ക്കുന്ന ഇന്ദ്രജാലങ്ങൾ

കോഴിക്കോട് :കോടികൾ ചിലവിട്ട് ഇടതുമുന്നണി സർക്കാർ നടത്തിയ ‘കേരളീയം” എന്ന പരിപാടിയെ അതിരൂക്ഷമായി വിമർശിച്ച് ഇടതുപക്ഷ ചിന്തകനായ ഡോ. ആസാദ്. പണിതീരുന്ന ദേശീയപാതകൾക്ക് കേരളീയം വീഥി എന്ന് പേരിടണേ എന്ന് അദ്ദേഹം പരിഹസിക്കുന്നു.

ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്ററിൻ്റെ പൂർണരൂപം താഴെ :

പിറകോട്ടു നോക്കുമ്പോൾ കേരളീയം മുതൽ മാനവീയം വരെ ഒരു നെടുമ്പാതയുണ്ട്. അത് ഇടതുവരമ്പുകൾ മുറിഞ്ഞു പരന്ന വരേണ്യ ഭാവുകത്വപകർച്ചയുടെ കണ്ണാടിക്കാഴ്ച്ചയാണ്. സംശയമുണ്ടെങ്കിൽ കേരളീയ അരങ്ങിൽനിന്ന് മാനവീയം വീഥിയോളം ഒന്നു നടന്നു നോക്കൂ.

കാണൂ, ഇരുപുറത്തുമുള്ള ബോർഡുകൾ, കട്ടൗട്ടുകൾ, ബാനറുകൾ, അലങ്കാര വെളിച്ചങ്ങൾ. ആഘോഷപ്പന്തലുകളിൽ വർഗാതീത ചങ്ങാത്തതിന്റെയും ധൂർത്തിന്റെയും പണപ്പെരുമയുടെയും വികസന ഘോഷങ്ങൾ. കെ എസ് ആർ ടി സി ജീവനക്കാരുടെ ദാരിദ്ര്യത്തെ പൊതിയുന്ന ദീപാലങ്കാരങ്ങൾ. തീരദേശത്തെ നിലവിളികളെ മൂടുന്ന പാട്ടുകച്ചേരികൾ. മാസപ്പടി സർക്കാറിന്റെ അഴിമതി മായ്ക്കുന്ന ഇന്ദ്രജാലങ്ങൾ.

നാലരലക്ഷം കോടി കഴിയുന്ന വായ്പയുടെ പെരുംഭാരം നിസ്സാരമാക്കുന്ന വായാടിത്തങ്ങൾ.
പുതു സഹസ്രാബ്ദത്തിന്റെ ‘സ്വരലയം’ നവ ഉദാരതയുടെ തിരതല്ലലാണല്ലോ. അധീശത്വം സ്ഥാപിക്കാനുള്ള ആഗോള സമ്പദ്ക്രമത്തിന്റെ സാമ്പത്തിക രാഷ്ട്രീയ പുനസംഘടനാ (Re structuring) പദ്ധതിക്ക് സമ്മതം രൂപപ്പെടുത്തുന്ന സാംസ്കാരിക പരിപാടിയായിരുന്നു മാനവീയം.

തൊണ്ണൂറുകളുടെ അവസാന കാലത്ത് നായനാർ സർക്കാർ വലിയ ആഘോഷമായാണ് അതു നടത്തിയത്. പങ്കാളിത്ത ജനാധിപത്യത്തിലേക്കും പൗരസമൂഹ രാഷ്ട്രീയത്തിലേക്കും സംസ്ഥാനത്തെ വളർത്തുമെന്ന കാഴ്ച്ചപ്പാടാണ് മാനവീയത്തിന്റെ മാർഗരേഖ പ്രഖ്യാപിച്ചത്.

സാംസ്കാരിക വകുപ്പ് അന്നത് പ്രസിദ്ധപ്പെടുത്തി. ഇടതുപക്ഷ ആഭിമുഖ്യമുള്ള കേരളീയ പൊതുബോധത്തിൽ വലതുപക്ഷ ഭാവുകത്വത്തിന്റെ സ്ഫോടനമായി അത് അടയാളപ്പെട്ടു. സ്വരലയ എന്ന കൊച്ചു വരേണ്യ സംഘടനയിൽ തുടങ്ങിയ പദ്ധതിചിന്തയുടെ പൂർത്തീകരണമാണ് സംഭവിച്ചത്.

മാനവീയം ഒരു സാംസ്കാരിക പരിപാടിയായിരുന്നില്ല. ഇടതുപക്ഷ ജനാധിപത്യ കേരളത്തെ പൊളിച്ചു പണിയാനുള്ള നാലാംലോക രാഷ്ട്രീയ പദ്ധതിയായിരുന്നു അത്. അത് കേരളത്തെ കോർപറേറ്റ് വികസന തീവ്രവാദത്തിലേക്ക് തള്ളി.

അത് കേരളത്തെ അമേരിക്കൻ ധനകാര്യ ഏജൻസികളുടെ താൽപ്പര്യങ്ങളിലേക്ക് അടുപ്പിച്ചു. അത് അമേരിക്കൻ ധൈഷണിക കമ്പോളത്തിലേക്ക് നമ്മുടെ ബുദ്ധിജീവിതങ്ങളെ കയറൂരി വിട്ടു. അത് വരേണ്യ ഭാവുകത്വത്തിനും ചൂഷിതവർഗ ഭാവുകത്വത്തിനും ഇടയിലെ അതിർവരമ്പുകൾ വെട്ടിമാറ്റി. ആദർശലോകം കോർപറേറ്റ് മുതലാളിത്തം നിർമ്മിച്ചു നൽകുന്ന മോഹലോകമായി. നേതാക്കളുടെ മക്കൾ കമ്പനിയുടമകളായി. പുതു വർഗം(new class) രൂപംകൊണ്ടു. അവരായി തമ്പുരാക്കൾ. ഭാവി നിശ്ചയിക്കുന്നവർ.

അവരുടെ പ്രായപൂർത്തി അറിയിക്കലാണ് കേരളീയം. അതിനാലാണ് മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിന്റെ ചരിത്രം ഈ നാഴികക്കല്ലിന് അപ്പുറവും ഇപ്പുറവുമായി പിളർന്നു കിടക്കുമെന്ന്. ഇനി നാം ജീവിക്കേണ്ടത് കേരളീയത്തിനു ശേഷമുള്ള കേരളത്തിൽ ആയിരിക്കുമെന്ന്. വിജയനും ചേർന്ന ഒരവതാരത്തെ സൃഷ്ടിക്കുമായിരിക്കും.

നമ്മുടെ പണിതീരുന്ന ദേശീയപാതകൾക്ക് കേരളീയം വീഥി എന്ന് പേരിടണേ മാസപ്പടി സർക്കാരേ !