March 24, 2025 5:51 am

കൊവിഡ് വാക്‌സിൻ കൊവിഷീല്‍ഡ് പിൻവലിച്ചു

ലണ്ടൻ: ഗുരുതര പാർശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന വെളിപ്പെടുത്തലിന് പിന്നാലെ തങ്ങളുടെ കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് പിൻവലിച്ച്‌ ബ്രിട്ടണിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക .

മരുന്ന് ആഗോളതലത്തില്‍ പിൻവലിക്കാനാണ് നീക്കം. വാക്‌സിന്റെ ഉത്‌പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു.വിപണിയില്‍ ഉള്ളവയും പിൻവലിക്കും. മറ്റ് വാക്‌സിനുകള്‍ ധാരാളമായി വിപണിയിലുണ്ടെന്നും,വില്‍പന ഇടിഞ്ഞതാണ് തീരുമാനത്തിന് പിന്നിലെന്നുമാണ് കമ്പനി വിശദീകരിക്കുന്നത്.

ആസ്ട്രാസെനേകയും ഓക്‌സ്‌ഫർഡ് സർവകലാശാലയും ചേർന്നാണ് കൊവിഷീല്‍ഡ് വികസിപ്പിച്ചത്.പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് ഇന്ത്യയിൽ ആസ്ട്രാ സെനെകയുടെ വാക്സിൻ നിർമ്മിച്ച്‌ വിതരണം ചെയ്യാനുള്ള ലൈസൻസ് ഉണ്ടായിരുന്നത്. ഇന്ത്യയില്‍ 175 കോടി ഡോസ് കൊവിഷീല്‍ഡ് വാക്സിൻ പ്രയോജനപ്പെടുത്തി എന്നാണ് കണക്ക്.

യൂറോപ്യൻ യൂണിയനിലെ മാർക്കറ്റിംഗ് അംഗീകാരം കമ്പനി സ്വമേധയാ പിൻവലിച്ചു. വാക്‌സിൻ ഇനി ഉത്‌പാദിപ്പിക്കുന്നില്ലെന്നും ഇനി ഉപയോഗിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. വാക്‌സിൻ നിലവില്‍ ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളില്‍ സമാനമായ പിൻവലിക്കലുകള്‍ നടത്തുമെന്നും ആസ്ട്രാസെനേക അറിയിച്ചു.

മരുന്ന് പാർശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന വെളിപ്പെടുത്തലിന് പിന്നാലെ യുകെയില്‍ 100 ദശലക്ഷം പൗണ്ടിന്റെ കേസ് നേരിടുകയാണ് കമ്പനി. മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കൊവിഷീല്‍ഡ് വാക്‌സിൻ കാരണമാകാമെന്ന് ആസ്ട്രാസെനേക യു.കെ ഹൈക്കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു. രക്തം കട്ടപിടിക്കുകയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന ടി.ടി.എസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രോം) എന്ന മെഡിക്കല്‍ അവസ്ഥയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അറിയിച്ചിരുന്നു. കൊവിഷീല്‍ഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് അവർ സമ്മതിച്ചത്.

51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി ബ്രിട്ടണിൽ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നാണ് കമ്പനി ആവര്‍ത്തിക്കുന്നത്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നായിരുന്നു കമ്പനി കോടതിയില്‍ അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News