December 12, 2024 7:19 pm

വനിതാ സംവരണ ബിൽ ഒടുവിൽ നിയമമാവുന്നു

ദില്ലി : ഇരുപത്തിയേഴു വർഷം മുമ്പ് പരിഗണിക്കുകയും പലവട്ടം പാളിപ്പോവുകയും ചെയ്ത വനിതാ സംവരണ ബിൽ ഒടുവിൽ നിയമമാവുന്നു. ലോക് സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുന്ന ബിൽ നാളെ ലോക് സഭയിൽ അവതരിപ്പിക്കുമെന്ന്സൂചന. ഇതോടെ മൊത്തം അംഗങ്ങളുടെ മൂന്നിലൊന്ന് സ്ത്രീകളായി മാറും.

നിലവിലെ പട്ടിക വിഭാഗം സംവരണത്തിലും വനിതകൾക്ക് ഇത്രയും ശതമാനം സീറ്റ് മാറ്റവയ്ക്കണം. നിലവിൽ ലോക്സഭയിൽ വനിതാ എം.പിമാർ 15 ശതമാനത്തിനും നിയമസഭകളിൽ 10 ​​ശതമാനത്തിനും താഴെയാണ്.

ഭരണമുന്നണിയായ എൻ.ഡി.എയ്‌ക്ക് ഭൂരിപക്ഷമുള്ളതിനാലും കോൺഗ്രസ് അടക്കം കക്ഷികൾ പിന്തുണയ്‌ക്കുന്നതിനാലും പാസാക്കാനാകും. പക്ഷേ, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതു പ്രാബല്യത്തിലാവാൻ സാധ്യതയില്ല. നടപടികൾ പൂർത്തിയാക്കാൻ കാലതാമസം നേരിടും. എന്നാൽ ഒരു വർഷത്തിനുശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നടപ്പാക്കാൻകഴിയും.

ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നൽകി. വൈകിട്ട് ആറരയ്‌ക്ക് പാർലമെന്റിന്റെ അനക്‌സ് കെട്ടിടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേർന്നത്. അജൻഡയും രഹസ്യമായിരുന്നു. എങ്കിലും വനിതാ സംവരണം, രാജ്യത്തിന്റെ പേരുമാറ്റം തുടങ്ങിയവുമായി ബന്ധപ്പെട്ട നിർണായക ബില്ലുകൾക്ക് അനുമതി നൽകുമെന്ന അഭ്യൂഹവും ശക്തമായി. പ്രത്യേക സമ്മേളനത്തിൽ ചർച്ച ചെയ്യുന്ന എട്ട് ബില്ലുകളുടെ പട്ടിക ഞായറാഴ്ചത്തെ സർവകക്ഷി യോഗത്തിൽ സർക്കാർ പ്രതിപക്ഷത്തിന് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ നിയമനത്തിനുള്ള വിവാദ ബിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു.

മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി അദ്ധ്യക്ഷൻ ജെപി നദ്ദയും യോഗത്തിൽ പങ്കെടുത്തു. തുടർന്ന് ഗോയലും ജോഷിയും പ്രധാനമന്ത്രി മോദിയെയും കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News