തിരിച്ചടിച്ച് പാകിസ്ഥാൻ; ഇറാനിൽ മിസൈൽ ആക്രമണം

ഇസ്ലാമാബാദ് : ഇറാനിലെ പാകിസ്താന്‍ വിരുദ്ധ ഭീകര സംഘടനകള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് പാകിസ്താന്‍. ബലൂച് സായുധ ഗ്രൂപ്പ് താവളങ്ങൾ ആക്രമിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു
.

പാകിസ്താനിലെ തെക്കു പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഇറാന്‍ സൈന്യം നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രത്യാക്രമണം. മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടതായും പറയുന്നു.

ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നീ സംഘടനകളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയില്‍ മിസൈല്‍ ആക്രമണം നടന്നതായി ഇറാന്‍ സ്ഥിരീകരിച്ചു.

പാകിസ്താനിലെ സുന്നി വിഘടനവാദ ഗ്രൂപ്പായ ജെയ്ഷ് അല്‍ അദ്ല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് കഴിഞ്ഞദിവസം ഇറാന്‍ ആക്രമണം നടത്തിയത്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പാകിസ്താന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വാര്‍ ഉള്‍ ഹഖ് കാക്കറും ഇറാന്‍ വിദേശകാര്യമന്ത്രി ആമിര്‍ അബ്ദുല്ലാഹിയനും തമ്മില്‍ ചര്‍ച്ച നടത്തിയ ദിവസമായിരുന്നു ഇത്. പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ആണ് മിസൈല്‍ ആക്രമണം നടത്തിയത്.

പ്രകോപനമില്ലാതെ വ്യോമാതിര്‍ത്തി ലംഘിച്ച് തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ഇറാൻ നടത്തിയ ആക്രമണത്തെ പാകിസ്താന്‍ അപലപിച്ചിരുന്നു. ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.