മാസപ്പടിക്കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടിക്കേസിൽ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി)നെതിരെയുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ)  അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് വീണ്ടും ഏപ്രിൽ 5ന് പരിഗണിക്കും.

ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കരിമണൽ കമ്പനിയായ ആലുവ സിഎംആർഎൽ സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് സത്യം പുറത്തു വരാനല്ലേ കെഎസ്ഐഡിസി ശ്രമിക്കേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്, സിഎംആർഎൽ, കെഎസ്ഐഡ‍ിസി എന്നീ കമ്പനികളുടെ പ്രവർത്തനങ്ങളാണ് തങ്ങള്‍ അന്വേഷിക്കുന്നതെന്ന് കേന്ദ്ര കോർപറേറ്റ് കാര്യമന്ത്രാലയം കോടതിയിൽ ബോധിപ്പിച്ചു.

ഒരു കോടിയിലധികം രൂപ സേവനം നൽകിയെന്ന കാണിച്ച് എക്സാലോജിക് കമ്പനി,സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്ന് കേന്ദ്ര കോർപറേറ്റ് കാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. സിഎംആർഎൽ ആണ് ഈ കേസിൽ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. അവർ ഈ ഇടപാടുകൾ മാത്രമല്ല, രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും ഫണ്ട് നൽകിയതടക്കമുള്ള കാര്യങ്ങളുണ്ടെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡി.സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് വിശദീകരിച്ചു.