വെടിനിർത്തൽ വെള്ളിയാഴ്ച മുതൽ

ടെൽ അവീവ് : ആഴ്ചകളായി നീളുന്ന ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് താൽക്കാലിക വിരാമം. ഗാസയിൽ‌ വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ പ്രാബല്യത്തില്‍ വരും.

ഈജിപ്തിന്റേയും അമേരിക്കയുടെയും സഹായത്തോടെ ഖത്തർ നടത്തിയ നയതന്ത്ര ചർച്ചകൾ വിജയത്തിലെത്തുകയായിരുന്നു. ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇരുന്നൂറോളം പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരിക.വൈകീട്ട് 4 മണിയോടെ (ഇന്ത്യൻ സമയം വൈകീട്ട് 7.30) പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്നും ഖത്തർ വ്യക്തമാക്കി. ഇവരെ റെഡ് ക്രോസിനു കൈമാറും.

നാലു ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരാറെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു.അതേസമയം ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.