വായു മലിനീകരണം: മൂന്നാം സ്ഥാനത്ത് ഡൽഹി

ന്യൂഡൽഹി : ലോക വായു ഗുണനിലവാര റിപ്പോർട്ട് അനുസരിച്ച്, വായു മലിനീകരണത്തിൽ ലോകത്തിൽ തന്നെ മൂന്നാം സ്ഥാനത്താണ് ഡൽഹി.

ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് തൊട്ട് പിന്നിലാണ് ഡൽഹിയുടെ സ്ഥാനം.  സ്വിററ്സർലാൻ്റിലെ
ഐ ക്യൂ എയർ എന്ന സംഘടന തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2022-ൽ, ഒരു ക്യൂബിക് മീറ്ററിന് 53.3 മൈക്രോഗ്രാം എന്ന ശരാശരി PM2.5 സാന്ദ്രത ഉള്ള എട്ടാമത്തെ ഏറ്റവും മലിനമായ രാജ്യമായാണ് ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് ഒരു വർഷം കടന്നപ്പോൾ എട്ടിൽ നിന്ന് മൂന്നിലേയ്ക്ക് എത്തിയിരിക്കുകയാണ്.

ഡൽഹിയുടെ PM2.5 അളവ് 2022-ൽ ഒരു ക്യൂബിക് മീറ്ററിന് 89.1 മൈക്രോഗ്രാമിൽ നിന്ന് 2023-ൽ 92.7 മൈക്രോഗ്രാമായി മോശമായി. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി ദേശീയ തലസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടു.

ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാത്ത സർക്കാരിതര സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന 30,000-ലധികം റെഗുലേറ്ററി എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളുടെ കണക്കിൽ നിന്നാണ് ഈ റിപ്പോർട്ട് സൃഷ്ടിക്കാൻ ഉപയോഗിച്ച ഡാറ്റ സമാഹരിച്ചതെന്ന് സംഘടന പറയുന്നു.

2022ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിൽ 131 രാജ്യങ്ങളേയും 7,323 പ്രദേശങ്ങളേയും ഈ ഡാറ്റ ശേഖരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023-ൽ 134 രാജ്യങ്ങളേയും 7,812 പ്രദേശങ്ങളേയും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്.

ലോകമെമ്പാടുമുള്ള ഓരോ ഒമ്പത് മരണങ്ങളിലും ഒരാളുടെ മരണത്തിന് വായു മലിനീകരണം കാരണമാകുന്നു, വായു മലിനീകരണം മനുഷ്യൻ്റെ ആരോഗ്യത്തിന് ഏറ്റവും വലിയ പാരിസ്ഥിതിക ഭീഷണിയാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ഏഴ് ദശലക്ഷം മരണങ്ങൾക്കാണ് ഓരോ വർഷവും വായു മലിനീകരണം കാരണമാകുന്നത്.

ആസ്തമ, കാൻസർ, സ്ട്രോക്ക്, ശ്വാസകോശ രോഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ വായു മലിനീകരണം സൃഷ്ടിക്കുന്നൂണ്ട്.