ഇന്ത്യക്കാർ അയ്യപ്പപ്പണിക്കരുടെ “ഇണ്ടനമ്മാവൻ” കളി തുടരും

In Featured, Special Story
May 06, 2024

കൊച്ചി : ഇന്ത്യക്കാർ, വലംകാലിലെ കക്ഷിരാഷ്ട്രീയചെളി സ്വന്തം ഇടംകാലിൽ പുരട്ടുന്ന, വീണ്ടും ഇടംകാലിൽ നിന്ന് വലം കാലിൽ പുരട്ടുന്ന അയ്യപ്പപ്പണിക്കരുടെ ഇണ്ടനമ്മാവൻ കളി തുടരും. രാജ്യത്തിന്റെ സമ്പത്തിന്റെയും ആദായത്തിന്റെയും മുക്കാൽ പങ്കും തസ്ക്കരരാഷ്ട്രീയക്കാരും ക്രോണി മുതലാളിമാരും തിന്ന് ബാക്കിയുള്ളത് ‘വികസനം ‘ ആയി ജനങ്ങൾക്ക് കിട്ടും… .എഴുത്തുകാരനായ സി ആർ പരമേശ്വരൻ ഫേസ്ബുക്കിലെഴുതുന്നു 

“ബിജെപിക്ക് ബദൽ അല്ല കോൺഗ്രസ്. കോൺഗ്രസിന് ബദലല്ല ബിജെപി. സിപിഎമ്മിന് ബദൽ അല്ല കോൺഗ്രസ്.കോൺഗ്രസിനു ബദൽ അല്ല സി.പി.എം. എല്ലാം ബദലുകളല്ലാത്ത കൊടുംകൊള്ളക്കാരാണ്.ഈ പാർട്ടികൾ എല്ലാം അഴിമതിയുടെ കാര്യത്തിലും, വർഗീയതയുടെ കാര്യത്തിലും, ഹിംസയുടെ കാര്യത്തിലും നടപടികളിൽ അഭിന്നരാണ്,അഭിന്നരാണ്, അഭിന്നരാണ്  എന്ന സത്യമാണ് പരസ്പരം കടിച്ചു കീറുന്ന അഭ്യസ്തവിദ്യരായ പാർട്ടി അനുഭാവികൾ പോലും മറന്നുപോകുന്നത്”. പരമേശ്വരൻ കൂട്ടിച്ചേർക്കുന്നു .

കോൺഗ്രസ് ഭരിക്കുന്ന പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ കിട്ടാത്തതിന്റെ മനോവിഷമത്ത‍ാൽ വിഷം കഴിച്ചതിനെ തുടർന്ന്  നെയ്യാറ്റിൻകര മരത്തൂർ സ്വദേശി സോമ സാഗരം മരിച്ച വർത്തയ്‌ക്കുള്ള പ്രതികരണമായാണ് പരമേശ്വരന്റെ ഫേസ്ബുക് പോസ്റ്റ് 

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

 

കോൺഗ്രസ് ഭരിക്കുന്ന ഒരു സഹകരണ ബാങ്കാണ് ഈ പാവം പൗരനെ കൊലയ്ക്ക് കൊടുത്തത്.
ഇത്തരം നിരവധി അസ്ഥികൂടങ്ങൾ തങ്ങളുടെ അലമാരികളിലും ഉണ്ട് എന്ന ബോധ്യം കൊണ്ടാണ് കോൺഗ്രസുകാർ കരുവന്നൂർ ബാങ്ക് പോലുള്ള കമ്മി അഴിമതികളിൽ അധികം പ്രതിഷേധിക്കാതിരുന്നത്. ഫലത്തിലും പ്രായോഗത്തിലും , കേരളത്തിലെ കോൺഗ്രസിന്റെ നയങ്ങൾ നിശ്ചയിക്കുന്ന ലീഗ് പ്രമാണി ആജ്ഞാപിച്ചപ്പോൾ തന്നെ കമ്മികളുടെ സഹകരണബാങ്ക്അഴിമതികൾക്കെതിരെയുള്ള സംഘടിത സമരങ്ങൾ കോൺഗ്രസ് നിർത്തി.ആ ലീഗ് നേതാവിനും ഉണ്ടല്ലോ മലപ്പുറത്തെ ഒരു കമ്മി ബാങ്കിൽ 10 -15 കോടിയുടെ അനധികൃത സമ്പാദ്യം. ഭൂതന് കേന്ദ്ര ഏജൻസികളിൽ ഉള്ള സ്വാധീനത്താൽ ആകാം,ആ കേസും ഫ്രീസറിൽ ആണ്.
===================================================================================================================
പത്തുകൊല്ലമായി കേന്ദ്രത്തിലും ഏഴു കൊല്ലമായി കേരളത്തിലും അധികാരമില്ലാത്തതിന്റെ ഫലമായി ഉണ്ടായ ഒരു രക്തക്കുറവ് കോൺഗ്രസിന്റെ മുഖത്ത് ഉണ്ട് എന്നുള്ളത് ശരിയാണ്. പതിറ്റാണ്ടുകൾ കൊണ്ട് ഉണ്ടാക്കിയ നേതാക്കന്മാരുടെ വ്യക്തിപരമായ അഴിമതി സമ്പാദ്യങ്ങൾ ശോഷിച്ചു ശോഷിച്ചും വരുന്നു. പക്ഷേ അത് ആ പാർട്ടിയോടുള്ള അനുതാപത്തിന് കാരണമാകാൻ പാടില്ല.
വാസ്തവത്തിൽ,കഴിഞ്ഞ അര നൂറ്റാണ്ടായി ഇന്ത്യയിലെ അഴിമതിയുടെ മുത്തശ്ശിയാണ് കോൺഗ്രസ് പാർട്ടി. അധികാരം കിട്ടുമ്പോൾ ഉള്ള ദൈനംദിന അഴിമതികൾ കൂടാതെ,സിഖ് കൂട്ടക്കൊല , ഭോപ്പാൽ ദുരന്തത്തിൽ ഒരു നഗരത്തിലെ ജനങ്ങളെ മുഴുവൻ സായിപ്പിനു വേണ്ടി ഒറ്റിക്കൊടുത്തത് – ഇങ്ങനെയുള്ള നൂറുകണക്കിന് കോൺഗ്രസ് അതിക്രമങ്ങൾ മറക്കാൻ പാടില്ല.
====================================================================================================================
സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും യഥാക്രമം കേന്ദ്രത്തിലും കേരളത്തിലും ഉള്ള ഇപ്പോഴത്തെ അസഹനീയമായ ദുർഭരണങ്ങളിൽ നിന്ന് ഒരു താൽക്കാലിക ശാന്തി എന്ന നിലയ്ക്ക് കോൺഗ്രസിന് നെഗറ്റീവ് വോട്ട് മാത്രമേ കൊടുക്കാവൂ എന്ന പക്ഷക്കാരനാണ് ഞാൻ എന്നും. കോൺഗ്രസ് ഒരു സഹനിയഭരണം തരും എന്ന പ്രതീക്ഷ കൊണ്ടല്ല. വറചട്ടിയിൽ നിന്ന് എരിതീയിലേക്കും തിരിച്ച് എരിതീയിൽ നിന്ന് വറചട്ടിയിലേക്കും ഉള്ള സഞ്ചാരത്തിനിടയിൽ ഒരു ഇടവേള ഉണ്ടല്ലോ. അതുമാത്രമാണ് ഭരണമാറ്റങ്ങൾ കൊണ്ട് ഇന്ത്യക്കാരന് കിട്ടുന്ന സുഖം.
ബിജെപിക്ക് ബദൽ അല്ല കോൺഗ്രസ്. കോൺഗ്രസിന് ബദലല്ല ബിജെപി. സിപിഎമ്മിന് ബദൽ അല്ല കോൺഗ്രസ്.കോൺഗ്രസിനു ബദൽ അല്ല സി.പി.എം. എല്ലാം ബദലുകളല്ലാത്ത കൊടുംകൊള്ളക്കാരാണ്.
ഈ പാർട്ടികൾ എല്ലാം അഴിമതിയുടെ കാര്യത്തിലും, വർഗീയതയുടെ കാര്യത്തിലും, ഹിംസയുടെ കാര്യത്തിലും നടപടികളിൽ അഭിന്നരാണ്,അഭിന്നരാണ്, അഭിന്നരാണ്  എന്ന സത്യമാണ് പരസ്പരം കടിച്ചു കീറുന്ന അഭ്യസ്തവിദ്യരായ പാർട്ടി അനുഭാവികൾ പോലും മറന്നുപോകുന്നത്. സനാതനധർമ്മത്തിന്റെയും സോഷ്യലിസത്തിന്റെയും ഗാന്ധിസത്തിന്റെയും വ്യാജവും നേർത്തതുമായ പ്രത്യയശാസ്ത്രപാടകൾക്കു കീഴിൽ ഇവരെല്ലാം സമ്പത്തും അധികാരവും മാത്രം കാംക്ഷിക്കുന്ന കൊള്ളക്കാരാണ്. പത്തുവർഷം മുമ്പ്, എന്റെ മിക്ക സാംസ്കാരിക സുഹൃത്തുക്കളും എന്നോട് പിണങ്ങിയത് അനാശാസ്യരായ ബിജെപി ക്കുള്ള ബദൽ അനാശാസ്യരായ കമ്മികളും കോൺഗ്രസുകാരും യാദവാദി പാർട്ടികളും അല്ല എന്ന് ആവർത്തിച്ചു പറഞ്ഞിരുന്നതു കൊണ്ടാണ്.
===================================================================================================================
തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ ഒഴിയുമ്പോൾ ഇവർ തമ്മിൽ പരസ്പരം സഹകരിക്കുന്നത് കാണാം.പാർട്ടി ഏതുമാകട്ടെ, ഒരു കൊച്ചു രാഷ്ട്രീയക്കാരൻ പോലും ശിക്ഷിക്കപ്പെടില്ല എന്ന് അവർ പരസ്പരം ഉറപ്പു കൊടുത്തിട്ടുണ്ട്. രാഹുൽഗാന്ധിയും നരേന്ദ്ര മോദിയും പരസ്പരം തീയുണ്ടകൾ വർഷിക്കുന്നു എന്ന് തോന്നിപ്പിക്കുന്നതിനിടയിലാണ് ഗാന്ധി- നെഹ്റു കുടുംബത്തിന്റെ മരുമകൻ ഉൾപ്പെട്ട DLF നൂറുകണക്കിന് കോടി രൂപ ബിജെപിയുടെ കൈക്കൂലി സംവിധാനമായ ഇലക്ട്രോറൽ ബോണ്ടിലേക്ക് സംഭാവന ചെയ്ത് തടി കഴിച്ചിലാക്കിയത്..
======================================================================================================================
രണ്ടുമൂന്നു വർഷം മുൻപ് മുതലേ സിപിഎം സംഘപരിവാർ അവിഹിതത്തെക്കുറിച്ച് പരാമർശിക്കാറുള്ള എന്നെപ്പോലുള്ളവരെ സംഘികൾ പരിഹസിക്കാറുണ്ട്. ഇന്ന് കേരള ജനതയ്ക്ക് മുമ്പിലും അണികൾക്ക് മുമ്പിലും ആ അവിഹിതം പരസ്യമാണ്. ചില സംഘി ബുദ്ധിജീവികൾ ഇപ്പോഴിപ്പോൾ പിണറായിയുടെ കുറ്റങ്ങളെ ‘ അയ്യോ, പാവം ‘ എന്ന മട്ടിൽ ലളിതവൽക്കരിക്കുന്നതും കാണാം. മുഖത്ത് തുപ്പാൻ തോന്നും.
തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ഉണ്ടായ അലങ്കോലം ആസൂത്രിതമാണ്.
വിജയനുവേണ്ടി ലൈഫ് മിഷൻ കേസിലും സ്വർണ്ണക്കടത്ത് കേസിലും മറ്റും പതിവായി അളിഞ്ഞ ജോലികൾ ചെയ്യുന്ന ആ പോലീസുകാരൻ തൃശ്ശൂരിൽ തമ്പടിച്ചാണ് ഇതൊക്കെ ആസൂത്രണം ചെയ്തത്. ഞാൻ ഭയന്നത് പിറ്റേന്ന് സംഘികൾ തൃശ്ശൂർ നഗരം കത്തിക്കുമോ എന്നായിരുന്നു. ഭാഗ്യം,ഒന്നുമുണ്ടായില്ല. ‘നമുക്കുവേണ്ടി, സുരേഷ് ഗോപിക്ക് വേണ്ടി പിണറായിച്ചേട്ടൻ എത്ര കഷ്ടപ്പെടുന്നു ‘എന്ന നന്ദി പ്രകടനമാണ് സംഘികളുടെ മുഖത്ത് ഉണ്ടായിരുന്നത്.
=================================================================================================================
ഏകോദരസഹോദരങ്ങളായ ഈ തസ്കര പാർട്ടികളുടെ സാരാംശം തിരിച്ചറിയുകയും അവയെ എല്ലാം തിരസ്കരിക്കുകയും സ്വാതന്ത്ര്യസമരകാലത്തേതുപോലെ പൊരുതുന്ന ഒരു പൊതുസമൂഹത്തിന്റെ സൃഷ്ടിക്ക് ശ്രമിക്കുകയും ആണ് ഇന്ത്യക്കാർ ഇപ്പോൾ ചെയ്യേണ്ടത്.ഈ നിയോ-ലിബറൽക്കാലത്ത് സംഭവിക്കാൻ ഒരു സാധ്യതയും ഇല്ലാത്ത, ഈ ഉട്ടോപ്യൻ ആശയം അവതരിപ്പിച്ചപ്പോൾ തന്നെ എനിക്ക് എന്നോട് വെറുപ്പ് തോന്നുന്നു.
==================================================================================================
ഇന്ത്യക്കാർ, വലംകാലിലെ കക്ഷിരാഷ്ട്രീയചെളി സ്വന്തം ഇടംകാലിൽ പുരട്ടുന്ന, വീണ്ടും ഇടംകാലിൽ നിന്ന് വലം കാലിൽ പുരട്ടുന്ന അയ്യപ്പപ്പണിക്കരുടെ ഇണ്ടനമ്മാവൻ കളി തുടരും. രാജ്യത്തിന്റെ സമ്പത്തിന്റെയും ആദായത്തിന്റെയും മുക്കാൽ പങ്കും തസ്ക്കരരാഷ്ട്രീയക്കാരും ക്രോണി മുതലാളിമാരും തിന്ന് ബാക്കിയുള്ളത് ‘വികസനം ‘ ആയി ജനങ്ങൾക്ക് കിട്ടും . രാജ്യത്ത് പണ്ടത്തേക്കാൾ ധാന്യസമൃദ്ധി ഉള്ളതുകൊണ്ട് ഉയിരു കിടക്കാനുള്ള ധാന്യങ്ങൾ കിട്ടും. എന്നാലും,അവർ ലോക സാമൂഹ്യ വികസന സൂചികയിൽ പണ്ടത്തേതുപോലെ അവസാനസ്ഥാനങ്ങളിൽ തുടരും. മൂന്നിലൊന്ന് ആളുകൾ വസതികളില്ലാതെയോ ചേരിസമാനമായ വസതികളിലോ തുടരും.പക്ഷേ, നിർബന്ധിത ലൈംഗിക തൊഴിലാളികളുടെ എണ്ണത്തിന്റെ കാര്യത്തിൽ മാത്രം സ്വർണമെഡൽ നേടി നാം ഒന്നാംസ്ഥാനത്ത് ഉണ്ടാവും.