കോവിഷീൽഡിന് മാരക പാർശ്വഫലം എന്ന് സമ്മതിച്ചു നിർമാതാക്കൾ

ലണ്ടൻ: കൊറോണ രോഗ പ്രതിരോധ വാക്സിനായ കോവിഷീൽഡ് രോഗം വിതയ്ക്കുന്നു എന്ന് സമ്മതിച്ചു നിർമാതാക്കൾ ബ്രിട്ടനിലെ ഹൈക്കോടതിയിൽ മൊഴി നല്കി.

വാക്‌സിൻ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലിൽ ജെയ്മി സ്‌കോട്ട് എന്നയാൾ കൊടുത്ത കേസിൽ ആണ് ഈ ഏറ്റുപറച്ചിൽ .

രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്. അപൂർവം സന്ദർഭങ്ങളിൽ കോവിഷീൽഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ അസ്ട്രസെനക്ക സമ്മതിച്ചു.

വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി തുറന്നു പറഞ്ഞു. ഈ പാർശ്വഫലത്തെക്കുറിച്ച് കമ്പനി ഏറ്റുപറയുന്നത് ഇതാദ്യം.

ഓക്‌സ്‌ഫഡ് സർവകലാശാലയുമായിച്ചേർന്നാണ് അസ്ട്രസെനക്ക ഇതു വികസിപ്പിച്ചത് കോവിഷീൽഡ്, വാക്‌സ്‌സെവ്‌റിയ തുടങ്ങിയ പല ബ്രാൻഡ് നാമങ്ങളിൽ ഇത് ഒട്ടേറെ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നു.

വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണവും വരെയുണ്ടായതായി പരാതി ഉണ്ട്. നിരവധി പേർ അസ്ട്രസെനക്കയ്ക്കെതിരെ കോടതിയിലും പോയി.

സുരക്ഷാ ആശങ്കയെത്തുടർന്ന് അസ്ട്രസെനക്ക-ഒക്‌സ്ഫഡ് വാക്‌സിന്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു.