December 13, 2024 10:35 am

വെറുപ്പിൻ്റെ  വെളുപ്പ്

കൊച്ചി :  ” വായിലേക്ക് പോകുന്നതിൽ നിന്നല്ല വായിൽ നിന്നു വരുന്നതിലൂടെയാണ് ഒരാൾ വിലയിരുത്തപ്പെടുന്നതെങ്കിൽ സാരിയുടുപ്പിച്ച ഒരു ‘മലഭണ്ഡാര’മാണ് ആ സ്ത്രീ. ശ്രീമതി സത്യഭാമയുടെ കവയ്ക്കാനുള്ള അവകാശത്തിനൊപ്പം നിൽക്കുമ്പോൾത്തന്നെ, അവരുടെ വർണ്ണവെറി സാംസ്കാരിക വിരുദ്ധമായ ഒരു തെറിയാണ്. കറുപ്പ് സൗന്ദര്യ വിരുദ്ധമായ ഒരു നിറമാണ് എന്നുള്ളത് അഭാരതീയമായ ഒരു അശ്ലീലമാണ്…. കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവനയെക്കുറിച് എഴുത്തുകാരനായ   ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു…
കളിക്കുമ്പോൾ ആർക്കാണ് കാലകത്തി വയ്ക്കാനുള്ള അവകാശം എന്നതാണ് ഇന്നത്തെ കലാമണ്ഡലത്തിൻ്റെ ചോദ്യം?പുരുഷൻമാർ കളിക്കിടയിൽ കാലകത്തുന്നന്നത് കലാപരമായ ശരികേടാണ് എന്നാണ് കലാമണ്ഡലം സത്യഭാമ പറയുന്നത്…ആര്യാലാൽ തുടരുന്നു .
======================================================================================
പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-
=======================================
“കാളീ കാളിമയാർന്നവളെയെൻ കാമം തീർക്കാനുണരൂ …” ജടാ കടാഹ സംഭ്രമങ്ങളിൽ നിന്നും പൊട്ടിപ്പുറപ്പെട്ടു വന്ന മഹാകാളി ഇരുളൊരുടലാർന്ന പോലെ കറുത്തവളായിരുന്നു. ആദിബോധമുണർന്ന സന്ധ്യകളിൽ കാട്ടാളന്റെ ശുദ്ധ പ്രകൃതി ബോധത്തിൽ നിന്നു കൊണ്ട് കമ്യൂണിസ്റ്റായിരുന്നിട്ടും കടമ്മനിട്ട രൗദ്രതാളങ്ങളിൽ ആ കറുപ്പിനെ വിളിച്ചുണർത്തി: ‘കാളീ കാളിമയാർന്നവളെ യെൻ കാമം തീർക്കാനുണരൂ..’ പച്ചമണക്കും നിൻതനു പുൽകാൻ കച്ചയഴിച്ചു … ..”
======================================================================
കളിക്കുമ്പോൾ ആർക്കാണ് കാലകത്തി വയ്ക്കാനുള്ള അവകാശം എന്നതാണ് ഇന്നത്തെ കലാമണ്ഡലത്തിൻ്റെ ചോദ്യം?പുരുഷൻമാർ കളിക്കിടയിൽ കാലകത്തുന്നന്നത് കലാപരമായ ശരികേടാണ് എന്നാണ് കലാമണ്ഡലം സത്യഭാമ പറയുന്നത്. അങ്ങനെ പറയാൻ അനുഭവവും പരിചയവും കൊണ്ട് അവർക്ക് അവകാശമുണ്ട്. ”കവച്ച” എന്ന തെറിയുടെ അയൽക്കാരനായ വാക്കുപോലും അവരുപയോഗിച്ചു.
==============================================================
‘കവ’ ഒരു സ്ത്രീപക്ഷ അവകാശമാക്കി അവതരിപ്പിക്കുക മാത്രമല്ലായിരുന്നു അവർ. വെളുത്തവന് കവയ്ക്കാം എന്നു കൂടി അവർ പറഞ്ഞു വച്ചു!
വായിലേക്ക് പോകുന്നതിൽ നിന്നല്ല വായിൽ നിന്നു വരുന്നതിലൂടെയാണ് ഒരാൾ വിലയിരുത്തപ്പെടുന്നതെങ്കിൽ സാരിയുടുപ്പിച്ച ഒരു ‘മലഭണ്ഡാര’മാണ് ആ സ്ത്രീ. ശ്രീമതി സത്യഭാമയുടെ കവയ്ക്കാനുള്ള അവകാശത്തിനൊപ്പം നിൽക്കുമ്പോൾത്തന്നെ, അവരുടെ വർണ്ണവെറി സാംസ്കാരിക വിരുദ്ധമായ ഒരു തെറിയാണ്. കറുപ്പ് സൗന്ദര്യ വിരുദ്ധമായ ഒരു നിറമാണ് എന്നുള്ളത് അഭാരതീയമായ ഒരു അശ്ലീലമാണ്.
ത്രേതായുഗത്തിൻ്റെ സന്ധ്യകളിൽ പോലും കണ്ണടച്ച് രാമനെ ധ്യാനിച്ചവർ ‘നീലാംബുജ ശ്യാമള കോമളാംഗം’ എന്നു സ്തുതിച്ചു; കറുപ്പിനെ സ്മരിച്ചു. നീലാംബുജം പോലെ ഇരുണ്ടതായിട്ടും രാമൻ കോമളനായിരുന്നു.
===================================================================================
‘കവിരാമായണ’ത്തിലേക്ക് പ്രവേശിക്കും മുന്നെയാണ് ഇതു മാതിരിയൊരു വർണ്ണവെറിയുടെ കോടാലി കൊണ്ട് മുറിഞ്ഞ വേദനയിൽ കവി മൂലൂര് ”കണ്ണാ കാരുണ്യ പൂർണ്ണാ കടലൊളി കറുകക്കാമ്പുകായാമ്പൂ നീലക്കണ്ണാടിക്കാറെന്നിവ കഴൽ പണിയും കമ്ര കാർവർണ്ണകൃഷ്ണാ ….’എന്ന് കറുപ്പിന്റെ അഴകിനെ ആവാഹിച്ചു വരുത്തിയത്. സർവ്വത്ര സത്യഭാമമാരെ മാത്രമല്ല മോഹിനികളെയും ആട്ടത്തിൻ്റെ ആനന്ദമൂർച്ഛയാടിച്ച കൃഷ്ണൻ ശ്യാമാംബരം പോലെ ഇരുണ്ടഗാധമായിരുന്നു.
============================================================================
കൃഷ്ണന് മാത്രമല്ല, വേദം വ്യസിച്ച് അജ്ഞതയുടെ അന്ധകാരം എരിച്ച കൃഷ്ണദ്വൈപായനനും കറുപ്പായിരുന്നു നിറം!
ഭ്രമകാമനകളെയുണർത്തിയ അഞ്ജനശലാകകളും, നീലത്താമരയിതളുകളും. മത്തഗജങ്ങളും,മദകുംഭങ്ങളും പേറി താരുണ്യ വിക്ഷോഭങ്ങളെ ജ്വലിപ്പിച്ചുണർത്തിയ പാഞ്ചാലി കൃഷ്ണയായിരുന്നു… കറുത്തവൾ. പലതായി പകുത്തു വച്ചിട്ടും പകിട്ടു കുറയാഞ്ഞ കറുത്ത പെണ്ണ്.
വയലാറിന്റെ വിപ്ലവസ്വപ്നങ്ങളിൽ മിഴിനട്ടു നിന്ന പാടത്തിന്റെ മാറിൽ അഴകുറ്റ സ്വപ്നങ്ങൾ വിരിയിച്ച കരിമുകിലുകൾക്കും കറുപ്പായിരുന്നു നിറം. നിഗൂഢമായ സമുദ്രങ്ങളും അതിനെയത്രയും വിഴുങ്ങി നിന്ന ആകാശവും കറുത്തിരിണ്ടിരിക്കുന്നു. സഹ്യനേക്കാൾ തലപ്പൊക്കത്തിൽ കേമന്മാരോമനിക്കുന്ന കരിവീരൻമാരും കറുപ്പഴകുകൊണ്ട് ഭംഗിയാർന്നു നിൽക്കുന്നു.
=================================================================================
സംസ്കാരത്തിന്റെ ശക്തിയും സൗന്ദര്യവും കറുപ്പായിരുന്നു. സൗന്ദര്യ ബോധം തലതിരിഞ്ഞു വീണ കാലത്ത് കറുപ്പ് കീഴ്പ്പെട്ടു പോയി. തീണ്ടലിന്റെയും തൊടീലീന്റെയും നിറമായി ഇന്നിപ്പോൾ ദൃഷ്ടിയിൽ പെട്ടാലും ദോഷവുമായി തീർന്നു. കറുപ്പിനെ വെറുത്ത് കരിങ്കൊടി വരെ വെറുത്ത വിപ്ലവബോധമാണ് സത്യഭാമമാരുടേത്.എന്തായാലും മോഹനനാട്ടത്തിലും നല്ലത് മോഹിനിയാട്ടമാണ് എന്നു സമ്മതിച്ചു കൊണ്ടുതന്നെ സത്യഭാമയെ സ്വപ്നത്തിൽ പോലും ഓർക്കാതെ കടമ്മനിട്ടയുടെ ആ പാട്ട് പടേനിയുടെ രൗദ്രതാളത്തിൽ ഒന്നുകൂടി പാടട്ടെ :”കാളീ കാളിമയാർന്നവളെയെൻ കാമം തീർക്കാനുണരൂ … പച്ചമണക്കും നിൻതനു പുൽകാൻ കച്ചയഴിച്ചു കളിക്കാൻ ..
===================================================================
#വാൽക്കഷണം : നാട്ടിൽ ഒരു പറച്ചിലുണ്ട് “അറുവാണിയച്ചിയുടെ പശുവിനെ പുലി പിടിച്ചു” എന്ന്. തെറി സഹിക്കാതെ,തിന്നാൻ സ്വസ്ഥത കിട്ടാതെ പുലി പശുവിനെ കളഞ്ഞിട്ടുപോയി പോലും! വെളുത്ത സത്യഭാമയുടെ മുന്നിൽ കോലും പിടിച്ചകപ്പെട്ട സർവ്വ മാപ്രകളും പുലികളായി… വെറും പുലിയല്ല അറുവാണിയച്ചിയുടെ പശുവിനെ പിടിച്ച പുലി !

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News