പരിസ്ഥിതി വിഷയങ്ങളുടെ ഡോക്യു- ഡ്രാമ ഇതുവരെ 

   ഡോ ജോസ് ജോസഫ്
 ഴിഞ്ഞ വർഷം നടന്ന മൂന്നാമത് കർണാടക അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ   പരിസ്ഥിതി വിഭാഗത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ മലയാള ചിത്രമാണ് ഇതുവരെ. 2017 ൽ മിന്നാമിനുങ്ങിലൂടെ സുരഭി ലക്ഷ്മിക്ക് ഏറ്റവും മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത  അനിൽ തോമസാണ് ഇതുവരെയുടെ സംവിധായകൻ.
കലാഭവൻ ഷാജോൺ നായക വേഷത്തിലെത്തുന്ന ഇതുവരെ ബ്രഹ്മപുരം മാലിന്യ പ്ലാൻറ് ഉൾപ്പെടെ പാരിസ്ഥിതിക ദുരന്തങ്ങൾക്ക്  ഇരയാകേണ്ടി വരുന്ന സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളും നിസ്സഹായതയുമാണ്  ചർച്ച ചെയ്യുന്നത്.ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് അനിൽ തോമസാണ്.
Ithuvare | Official Trailer | Anil Thomas | Kalabhavan Shajohn | Dr. Titus Peter - YouTube
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ തീപിടുത്തമുണ്ടായി ഒരു വർഷം തികയുമ്പോഴാണ് അതെ വിഷയം കേന്ദ്ര പ്രമേയമാക്കിയ  ഇതുവരെ റിലീസ് ചെയ്യുന്നത്. ഓൾ സ്മൈൽസ് ഡ്രീം മൂവീസിൻ്റെ ബാനറിൽ ടൈറ്റസ് പീറ്ററാണ് ഇതുവരെയുടെ നിർമ്മാതാവ്.129 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
 മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി മൂന്നാർ കാന്തല്ലൂരിൽ നിന്നും മെട്രോ നഗരത്തിലെത്തിയ സാധാരണക്കാരനാണ് വിക്രമൻ നായർ. (കലാഭവൻ ഷാജോൺ). ഭാര്യയും സ്കൂൾ വിദ്യാർത്ഥിയായ മകനുമൊപ്പം ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാൻ്റിന്  അടുത്താണ് താമസം. 2007 ൽ പ്ലാൻ്റ് സ്ഥാപിച്ചതു മുതൽ സമീപത്തു താമസിക്കുന്നവർ നേരിടുന്നത് പറഞ്ഞറിയിക്കാനാവാത്ത ആരോഗ്യ പ്രശ്നങ്ങളാണ്.
വായുവും ജലവും മലിനീകരിക്കപ്പെട്ടു. കിലോമീറ്ററുകൾ അകലെ വരെ നാറ്റം വ്യാപിച്ചു.മാലിന്യം ഒഴുകിയെത്തി ചിത്രപ്പുഴയും കടമ്പ്രയാറും വിഷമയമായി. തുടക്കം മുതലെ മലിനീകരണ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ്  ഭരണകൂടവും കോർപ്പറേഷനും സ്വീകരിക്കുന്നത്. കൃഷിയും ജലസ്രോതസ്സുകളും സമൃദ്ധമായിരുന്ന ബ്രഹ്മപുരത്തെ കൊച്ചി നഗരത്തിൻ്റെ ചവറ്റു കൂനയാക്കുന്നതിനു നേരെ കോടതികൾ പോലും കണ്ണടച്ചു.
    കുറെയേറെപ്പേർ നിർബ്ബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടപ്പോൾ മറ്റുള്ളവർ സ്വയം ഒഴിഞ്ഞു പോയി.കാലക്രമേണ പ്രതിഷേധം ദുർബ്ബലമായി.മാലിന്യ മാഫിയ പിടിമുറുക്കി. മാലിന്യത്തിന് തീപിടിപ്പിക്കുന്നത് ഇടയ്ക്കിടെയുണ്ടാകുന്ന സംഭവമായി നിരുത്തരവാദപരമായ മാലിന്യം കത്തിക്കലിൻ്റെ ഇരയാണ്  വിക്രമൻ നായരുടെ ഭാര്യ രാഗിണി (ലത സുനിൽ).
വായുമലിനീകരണം അവരുടെ ശ്വാസകോശത്തെ തകർക്കുന്നു. ബ്രഹ്മപുരത്തെയും പരിസര പ്രദേശങ്ങളിലെയും അന്തരീക്ഷ മലിനീകരണവും ഭരണകൂടം അതിനെ നിർവ്വികാരതയോടെ നേരിടുന്നതുമാണ് ചിത്രത്തിൻ്റെ ആദ്യ പകുതി. ഭാര്യയുടെ മരണത്തോടെ വിക്രമൻ നായർ സ്കൂൾ വിദ്യാർത്ഥിയായ മകനോടൊപ്പം  കാന്തല്ലൂരിലേക്ക് മടങ്ങുന്നു.
Ithuvare (2024) - Movie | Reviews, Cast & Release Date - BookMyShow
     നാട്ടിലെത്തുന്ന വിക്രമൻ നായരെ കാത്തിരിക്കുന്നത് മറ്റൊരു പരിസ്ഥിതി പ്രശ്നമാണ്. അവിടെ പാരിസ്ഥിതിക ദുർബ്ബല മേഖലകളിൽ മല തുരക്കുന്ന ക്വാറികൾക്കെതിരെയാണ് അയാളുടെ ഒറ്റയാൾ പോരാട്ടം. നാട്ടിലെ പുതിയ തുറമുഖത്തിനു വേണ്ടിയാണ് അവിടെ കുന്നിടിച്ച് പാറ പൊട്ടിക്കുന്നത്. ജനവാസ മേഖലകൾക്ക് 50 മീറ്റർ അരികിൽ വരെ പാറ പൊട്ടിക്കാൻ അനുവാദം നൽകിയ കോടതി വിധിയെയും ചിത്രം വിമർശിക്കുന്നുണ്ട്.
വികസനത്തിൻ്റെ മറവിൽ ഭൂമിയെ പരിഗണിക്കാതെ ഭരണകൂടം ചെയ്യുന്ന ദുഷ്പ്രവൃത്തികളുടെ ഇരകളാണ് എവിടെയും സാധാരണക്കാർ.മരങ്ങൾ മുറിച്ചു മാറ്റുന്ന വനനശീകരണം മാത്രമല്ല പരിസ്ഥിതി പ്രശ്നം. തണ്ണീർത്തടങ്ങളും മത്സ്യസമ്പത്തും നശിപ്പിക്കുന്നതും പരിസ്ഥിതി വിനാശമാണ്.
വികസനത്തിൻ്റെയും ഉപഭോഗ സംസ്ക്കാരത്തിൻ്റെയും മറവിൽ നടക്കുന്ന പ്രകൃതി ചൂഷണത്തിനെതിരെ സാധാരണക്കാർ ഉയർത്തുന്ന പ്രതിരോധമാണ് ഇവിടെവരെ ചർച്ച ചെയ്യുന്നത്. അത് ചിലപ്പോഴെല്ലാം പരാജയപ്പെട്ടു പോകുന്നു.
 സാധാരണക്കാരനായ വിക്രമൻ നായരായി കലാഭവൻ ഷാജോൺ നടത്തുന്ന മികച്ച പ്രകടനമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. ചിത്രത്തെ വെറും ഡോക്യു-ഫിക്ഷൻ മാത്രമായി താഴാതെ നിലനിർത്തുന്നത് ഷാ ജോണിൻ്റെ അഭിനയ മികവാണ്.വിക്രമൻ നായരുടെ ഭാര്യ യായി വേഷമിട്ട ലതാ സുനിലിൻ്റേതും മികച്ച പ്രകടനമാണ്.
വിജയകുമാർ, പ്രേം പ്രകാശ്, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.ഗാനരചന കെ ജയകുമാർ.സംഗീതം ഔസേപ്പച്ചൻ.സുനിൽ പ്രേം എൽ എസിൻ്റെ ഛായാഗ്രഹണവും കെ ശ്രീനിവാസിൻ്റെ എഡിറ്റിംഗും മികച്ചതാണ്.
  ആകർഷകമായ കാഴ്ചാനുഭവം എന്നതിനേക്കാൾ പരിസ്ഥിതി സന്ദേശങ്ങൾ പകരുന്ന ഒരു ഡോക്യു- ഡ്രാമയാണ് ഇതുവരെ. സാധാരണക്കാർക്ക് വരണ്ടതായി തോന്നിയേക്കാവുന്ന പാരിസ്ഥിതിക വിഷയങ്ങളെ നേരിട്ട് റിയലിസ്റ്റിക്കായി പറഞ്ഞു പോവുകയാണ് ഈ ചിത്രം.
Ithuvare Movie (2023): Release Date, Cast, Ott, Review, Trailer, Story, Box Office Collection – Filmibeat
——————————————————————————————————————————————————-——
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
————————————————————————————————————————————————————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

———————————————————————