അന്വേഷണ ഏജൻസികളുടെ തേർവാഴ്ച തെരഞ്ഞെടുപ്പ് കഴിയും വരെ നിർത്തുക

In Featured, Special Story
April 12, 2024
കൊച്ചി : “തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായിരുന്നെങ്കിൽ ഇന്ന് ചെയ്യുമായിരുന്നത് തെരഞ്ഞെടുപ്പു കാലത്തുള്ള, പ്രതിയോഗികക്ഷികളുടെ മേൽ മാത്രം നടത്തപ്പെടുന്ന,അന്വേഷണ ഏജൻസികളുടെ തേർവാഴ്ച തെരഞ്ഞെടുപ്പ് കഴിയും വരെ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു”..എഴുത്തുകാരനായ സി ആർ പരമേശ്വരൻ ഫേസ്ബുക്കിലെഴുതുന്നു
“സംഘപരിവാർ ലക്ഷ്യം വയ്ക്കുന്ന പ്രതിപക്ഷ പാർട്ടികളും അവരുടെ നേതാക്കളും99 ശതമാനവും അഴിമതിക്കാരാണ് എന്നുള്ളതിൽ സംശയമില്ല. മുഖ്യപ്രതിപക്ഷമായ ഗാന്ധി -നെഹ്‌റു കുടുംബത്തിന്റെ മരുമകൻ ഉൾപ്പെട്ട കമ്പനിയും ഇലക്ട്രോറൽ ബോണ്ട് വഴി ബിജെപിക്ക് കൈക്കൂലി കൊടുത്തിട്ടുണ്ട്. പിന്നെ എന്ത് പ്രതിപക്ഷം? ആ മരുമകൻ ഇന്ന് പാർലമെന്റിലേക്ക് മത്സരിക്കാൻ ആശ പ്രകടിപ്പിച്ചിട്ടുണ്ട്. മദാമ്മ ഗാന്ധിയെയും മകനെയും ആരാധിക്കുന്ന അടിമ കോൺഗ്രസുകാർ ഈ മരുമകനു വേണ്ടിയും പുഷ്പവൃഷ്ടി നടത്തും എന്നത് ഉറപ്പാണ്” പരമേശ്വരൻ  തുടരുന്നു
—————————————————————————————————–
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ———————
==========================================================================
2014 വരെ ഉള്ള കാലത്തും ഇന്ത്യ ഒരു ആശാസ്യമായ ജനാധിപത്യം ആയിരുന്നിട്ടില്ല. അന്താരാഷ്ട്ര ജനാധിപത്യ നിരീക്ഷകരുടെ അഭിപ്രായത്തിൽ ഇന്ത്യ അന്നും ഒരു flawed democracy യൊ deficient democracy യൊ ആയിരുന്നു. ലാൽ ബഹദൂർ ശാസ്ത്രിക്ക് ശേഷം ജനാധിപത്യത്തിന് കഠിനമായ ശോഷണം വരുത്തുന്നതിൽ കോൺഗ്രസിനും സോഷ്യലിസ്റ്റുകൾക്കും കമ്മ്യൂണിസ്റ്റുകൾക്കും പ്രാദേശിക പാർട്ടികൾക്കും കുറ്റകരമായ പങ്കുണ്ട്.എന്നാൽ 2018 ഓടെ സംഘപരിവാർ കാലത്താണ് എല്ലാ അതിരുകളും ലംഘിച്ച് അത് ഒരു electoral autocracy ആകുന്നത്.
അർദ്ധസ്വേച്ഛാധിപത്യത്തിൻ കീഴിൽ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് സംഘപരിവാറിന് മൃഗീയ ഭൂരിപക്ഷം ലഭിക്കുന്നതിന് ഇടയാക്കിയാൽ ഇന്ത്യ ശരിക്കും ഒരു പൂർണ്ണ സ്വേച്ഛാധിപത്യത്തിൻ കീഴിൽ അകപ്പെടുവാനുള്ള സാധ്യതയുണ്ട്. ഇപ്പോൾ നടക്കുന്നത് ഒരു സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ആണെന്ന് വിശ്വസിക്കാൻ വിഷമമുണ്ട്.
ഒന്നാമതായി, തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ നിശ്ചയിക്കാനുള്ള നിയമം തങ്ങൾക്ക് അനുകൂലമായി മാറ്റുകയും അതനുസരിച്ച് അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കടയ്ക്കൽ തന്നെ കത്തിവക്കുന്ന നടപടിയായിരുന്നു. മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ഇലക്ഷൻ കമ്മീഷന്റെ നിഷ്പക്ഷത നശിപ്പിക്കാനായി നിർമ്മിച്ച ഈ നിയമം നടപ്പാക്കുന്നത് തടയാൻ കോടതികൾക്ക് പോലും കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ നിശ്ചയിക്കുന്ന സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ മാറ്റി ആഭ്യന്തരമന്ത്രിയെ നിശ്ചയിച്ചത് ആ നിയമനപ്രക്രിയയെ തന്നെ അട്ടിമറിക്കുന്നതിന് തുല്യമായിരുന്നു. നോക്കൂ, ഇപ്പോൾ കമ്മീഷൻ അംഗങ്ങളായി നിയമിക്കപ്പെട്ടിട്ടുള്ളത് ആഭ്യന്തര മന്ത്രിയുടെ രണ്ട് മുൻകീഴുദ്യോഗസ്ഥർ ആണ്! അത്തരം ഒരു സംവിധാനത്തിന് കീഴിൽ എത്രമാത്രം സ്വതന്ത്രമായിരിക്കുംതിരഞ്ഞെടുപ്പ് എന്നത് ഊഹിക്കാവുന്നതാണ്.സ്വതന്ത്രമല്ലാത്ത ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയെ സ്വേച്ഛാധിപത്യത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നയിക്കും
തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായിരുന്നെങ്കിൽ ഇന്ന് ചെയ്യുമായിരുന്നത് തെരഞ്ഞെടുപ്പു കാലത്തുള്ള, പ്രതിയോഗികക്ഷികളുടെ മേൽ മാത്രം നടത്തപ്പെടുന്ന,അന്വേഷണ ഏജൻസികളുടെ തേർവാഴ്ച തെരഞ്ഞെടുപ്പ് കഴിയും വരെ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഏറ്റവും നിന്ദ്യമായ കാര്യം കേന്ദ്ര ഏജൻസികളുടെ ഈ തേർവാഴ്ച ഏകപക്ഷീയമാണ് എന്നുള്ളതാണ്. റഫാൽ അഴിമതിയും അദാനി അഴിമതിയും ഇപ്പോഴത്തെ ഇലക്ട്രോറൽ ബോണ്ട് അഴിമതിയും കണക്കിലെടുത്താൽ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാർ ബിജെപിക്കാർ ആണ്.
ഇലക്ട്രോറൽ അഴിമതി 8000 കോടിയുടെയൊ 15000 കോടിയുടെയോ അല്ല. അത് വെറും കൈക്കൂലിപ്പണം മാത്രമാണ്. കൈക്കൂലിപ്പണം മറയ്ക്കുന്നത് ദാതാക്കളുടെ വലിയൊരു അളവ് കള്ളപ്പണത്തെയും വിദേശപ്പണത്തെയും ഷെൽ കമ്പനികളിൽ നിന്നുള്ള പണത്തെയും ആണ്. അതെല്ലാം കണക്കുകൂട്ടിയാൽ മൊത്തം അഴിമതി ലക്ഷക്കണക്കിന് കോടികൾ വരും.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം അഴിമതി നിറഞ്ഞതാണ്. അതുപോലെ,ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വമ്പൻ അഴിമതിക്കാരാണ് അന്യ പാർട്ടികളിൽ നിന്ന് നൂറുകണക്കിന് ബിജെപി പക്ഷത്തേക്ക് വന്നിരിക്കുന്നത്. ജനാധിപത്യത്തിലെ ഈ ‘വാഷിംഗ് മെഷീൻ സിൻഡ്രോം’ ലോകത്തിനു മുമ്പിൽ ഇന്ത്യയെ പരിഹാസ്യമാക്കിയിരിക്കുന്നു. സ്വയം അഴിമതിക്കാരും അഴിമതിയോട് സഹിഷ്ണുതയുള്ളവരും ആയ ഇക്കൂട്ടർ ആണ് ദിവസവും ‘ അഴിമതി തുടച്ചു നീക്കും ‘ എന്ന് അലറുന്നത്. വീടും കുടുംബവും ഇല്ലാത്ത, അഴിമതി രഹിതനായ മോദി എന്ന ‘മുഖോട്ട’ ( മുഖംമൂടി ) ജനങ്ങളുടെ മുന്നിൽ അഴിഞ്ഞുവീണിരിക്കുന്നു.
സംഘപരിവാർ ലക്ഷ്യം വയ്ക്കുന്ന പ്രതിപക്ഷ പാർട്ടികളും അവരുടെ നേതാക്കളും99 ശതമാനവും അഴിമതിക്കാരാണ് എന്നുള്ളതിൽ സംശയമില്ല. മുഖ്യപ്രതിപക്ഷമായ ഗാന്ധി -നെഹ്‌റു കുടുംബത്തിന്റെ മരുമകൻ ഉൾപ്പെട്ട കമ്പനിയും ഇലക്ട്രോറൽ ബോണ്ട് വഴി ബിജെപിക്ക് കൈക്കൂലി കൊടുത്തിട്ടുണ്ട്. പിന്നെ എന്ത് പ്രതിപക്ഷം? ആ മരുമകൻ ഇന്ന് പാർലമെന്റിലേക്ക് മത്സരിക്കാൻ ആശ പ്രകടിപ്പിച്ചിട്ടുണ്ട്. മദാമ്മ ഗാന്ധിയെയും മകനെയും ആരാധിക്കുന്ന അടിമ കോൺഗ്രസുകാർ ഈ മരുമകനു വേണ്ടിയും പുഷ്പവൃഷ്ടി നടത്തും എന്നത് ഉറപ്പാണ്.
പത്തുവർഷം മുൻപ് അഴിമതിക്കെതിരെ ചീറി അടുത്തിരുന്ന കെജ്രിവാൾ ഇപ്പോൾ ലാലു സാറിന്റെയും പിണറായി സാറിന്റെയും സ്റ്റാലിൻ സാറിന്റെയും കോൺഗ്രസിന്റെയും പിന്നിൽ ഒളിക്കുകയാണ്. ഈ നടപടിക്ക് അർത്ഥം അയാൾ താരതമ്യേന ചെറിയ തോതിൽ ആണെങ്കിലും അഴിമതി നടത്തിയിട്ടുണ്ട് എന്നാണ്.
തന്നെയും അല്ല, കോൺഗ്രസും കമ്മ്യൂണിസ്റ്റും ഡിഎംകെയും ഒക്കെ തങ്ങൾക്ക് അധികാരം ഉള്ള സ്ഥലങ്ങളിൽ നിയമവാഴ്ചയെയും ഭരണകൂട സ്ഥാപനങ്ങളെയും വെല്ലുവിളിക്കുന്നവർ തന്നെയാണ്. അതിനർത്ഥം സംഘപരിവാർധിക്കാരം ഒരു പൊതു രാഷ്ട്രീയ അധഃപതനത്തിന്റെ ഭാഗമാണ് എന്നാണ്.
നോക്കുക, സ്റ്റാലിനെ വിമർശിച്ചതിന് തടവിൽ ആയ ഒരു യൂട്യൂബറെ മോചിപ്പിക്കാൻ ഈയാഴ്ച ഒരു സുപ്രീംകോടതിവിധി വേണ്ടിവന്നു.
എസ്എഫ്ഐ ഗുണ്ടകൾക്കെതിരെ നീതിയുക്തമായി നടപടിയെടുത്ത കാസർകോട്ടെ ഒരു പാവം പ്രിൻസിപ്പളിനെ കള്ള കേസുകളിൽ നിന്ന് കുറ്റവിമുക്തയാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വേണ്ടിവന്നു.
പ്രതിപക്ഷം സംഘപരിവാറിനോടൊപ്പം കളങ്കിതരാണ് എന്ന സത്യം നിലനിൽക്കുമ്പോഴും ഒരു ഇലക്ഷൻ സമയത്ത് പ്രതിപക്ഷത്തിന് നേരെയുള്ള ഏജൻസികളെ ഉപയോഗിച്ചുള്ള ആക്രമണം സ്വതന്ത്രവും നീതിപൂർവ്വകവും ആയ തെരഞ്ഞെടുപ്പിനെ തുരങ്കം വയ്ക്കും.
ആവർത്തിക്കട്ടെ.ഇന്ത്യ അടുത്ത പടി സ്വേച്ഛാധിപത്യത്തിലേക്ക് പ്രവേശിക്കാതിരിക്കണമെങ്കിൽ, ലോകത്തിനു മുമ്പിൽ നാണം കെടാതിരിക്കണമെങ്കിൽ രണ്ടു കാര്യങ്ങൾ അത്യന്താപേക്ഷിതമാണ് :
ഒന്ന്‌, ഇലക്ഷൻ കാലത്തുള്ള പ്രതിപക്ഷത്തിനെതിരെയുള്ള ആക്രമണങ്ങൾ ചെറുക്കുക.
രണ്ട്, അഥവാ, പ്രതിപക്ഷത്തിനെതിരെ നടപടികൾ എടുക്കുന്നുവെങ്കിൽ,കേന്ദ്ര ഏജൻസികളെ നിഷ്പക്ഷമാക്കി, അഴിമതിക്കാരായ തങ്ങൾക്കും തങ്ങളുടെ സുഹൃത്തുക്കള്ക്കും എതിരെ കൂടി നടപടിയെടുക്കുക.