ഗാനനഭസ്സിലെ വൃശ്ചിക പൂനിലാവ്

സതീഷ് കുമാര്‍ വിശാഖപട്ടണം

കെ .കെ. പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ കുഞ്ചാക്കോ നിര്‍മ്മിച്ച ‘നല്ലതങ്ക ‘ എന്ന സിനിമയിലെ ഗാനങ്ങളുടെ റെക്കോര്‍ഡിങ് നടക്കുന്ന സമയം. ചിത്രത്തിലെ ഒരു ശ്ലോകത്തിന് സംഗീത സംവിധാനം ചെയ്യാന്‍ ശാസ്ത്രീയ സംഗീതത്തില്‍ നല്ല അവഗാഹമുള്ള ഒരാളെ ആവശ്യമുണ്ടായിരുന്നു.

‘നല്ലതങ്ക ‘ യില്‍ പാട്ടുകള്‍ എഴുതുന്നത് അഭയദേവും
പ്രധാന ഗായിക പി ലീലയുമാണ് …
ലീല തന്നെയാണ് തന്റെ ഗുരുനാഥനായ ദക്ഷിണാമൂര്‍ത്തി എന്ന സംഗീതജ്ഞനെക്കുറിച്ച് സംവിധായകനോട് പറയുന്നത്. അങ്ങനെ ‘ നല്ലതങ്ക ‘ യിലൂടെ ദക്ഷിണാമൂര്‍ത്തി എന്ന സംഗീതജ്ഞന്‍ മലയാള ചലച്ചിത്ര സംഗീതരംഗത്ത് എത്തുന്നു. യേശുദാസിന്റെ പിതാവായ അഗസ്റ്റിന്‍ ജോസഫാണ് ചിത്രത്തിലെ നായകന്‍ …
അന്നത്തെ നായകനടന്മാര്‍ അഭിനയിച്ചാല്‍ മാത്രം പോരാ, പാട്ട് പാടുകയും വേണം.

‘നല്ലതങ്ക ‘ യില്‍ അഗസ്റ്റിന്‍ ജോസഫിനുവേണ്ടി സംഗീതം പകര്‍ന്ന ദക്ഷിണാമൂര്‍ത്തി പിന്നീട് അദ്ദേഹത്തിന്റെ മകന്‍ യേശുദാസിനും യേശുദാസിന്റെ മകന്‍ വിജയ് യേശുദാസിനും
വിജയ് യേശുദാസിന്റെ മകള്‍ അമേയക്കും സംഗീതം പകര്‍ന്നു പാടിച്ചുകൊണ്ട് നാലു തലമുറക്ക് സംഗീതം പകര്‍ന്നു കൊടുത്ത മലയാളത്തിലെ ഏക ചലച്ചിത്ര സംഗീത സംവിധായകന്‍ എന്ന ഒരു അപൂര്‍വ്വ ബഹുമതിയും സ്വന്തമാക്കി …

ശാസ്ത്രീയസംഗീതത്തില്‍ അഗാധമായ പാണ്ഡിത്യമുള്ളയാളും അതേ സമയം സുന്ദരരാഗങ്ങളാല്‍ ഒട്ടേറെ മെലഡികള്‍ മെനഞ്ഞെടുത്ത് പാട്ടിന്റെ പാലാഴി തന്നെ തീര്‍ത്ത മഹാ സംഗീതജ്ഞനുമായിരുന്നു ചലച്ചിത്രലോകം സ്വാമി എന്ന ഓമനപ്പേരില്‍ വിളിച്ചിരുന്ന വി.ദക്ഷിണാമൂര്‍ത്തി. മലയാള സിനിമ പിച്ചവെച്ച 1950 മുതല്‍ അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ 2013 ആഗസ്റ്റ് 2 വരെ ഈ സംഗീത ചക്രവര്‍ത്തി മലയാള സിനിമയുടെ സംഗീത ചക്രവാളങ്ങളില്‍ ഒരു വൃശ്ചികപ്പൂനിലാവുപോലെ തിളങ്ങി നിന്നു

… അഭയദേവ് എഴുതിയ
‘പാട്ടു പാടിയുറക്കാം ഞാന്‍ …
‘കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ …’ തുടങ്ങിയ താരാട്ടുപാട്ടുകളിലൂടെ മലയാള സിനിമയെ
തൊട്ടിലാട്ടിക്കൊണ്ടായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമി തന്റെ സംഗീത സ്വപ്‌നങ്ങളെ സ്വര്‍ഗ്ഗകുമാരികളാക്കിയത്.

പി.ഭാസ്‌ക്കരന്‍ – ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ടില്‍ പിറന്ന
‘ കാട്ടിലെ പാഴ്മുളംതണ്ടില്‍ നിന്നും …. (വിലക്കുവാങ്ങിയ വീണ)
‘ഇന്നലെ നീയൊരു
സുന്ദരരാഗമായ് …. (സ്ത്രീ)
‘ഹര്‍ഷബാഷ്പം തൂകി ….(മുത്തശ്ശി ) ‘പുലയനാര്‍ മണിയമ്മ …. (പ്രസാദം) ‘മുല്ലപ്പൂംപല്ലിലോ മുക്കുറ്റിക്കവിളിലോ ….
( അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ ) ‘കാവ്യപുസ്തകമല്ലോ ജീവിതം …( അശ്വതി)
‘വൃശ്ചികപ്പൂനിലാവേ
പിച്ചകപ്പൂനിലാവേ….(തച്ചോളി മരുമകന്‍ ചന്തു )
തുടങ്ങിയ ചേതോഹര ഗാനങ്ങള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ തന്നെ നെഞ്ചിലേറ്റുകയായിരുന്നു.
പിന്നീട് ശ്രീകുമാരന്‍ തമ്പിയുമായി കൂടി ചേര്‍ന്നപ്പോഴും
‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം … (ഭാര്യമാര്‍ സൂക്ഷിക്കുക )
‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്‍പം ….(ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു)
‘ സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം ….(മായ) ‘മനസ്സിലുണരൂ ഉഷസന്ധ്യയായി …(മറുനാട്ടില്‍ ഒരു മലയാളി)
‘ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ….. ( പാടുന്ന പുഴ) ‘വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെക്കണ്ടൂ …. (ഭാര്യമാര്‍ സൂക്ഷിക്കുക)
‘ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ …. (ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റ്)
‘പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞു വീണു ….. ( നൃത്തശാല ) തുടങ്ങി ഒട്ടുവളരെ ഗാനങ്ങള്‍ സംഗീതലോകത്തിന് തിലകക്കുറിയായി ഇന്നും ശ്രോതാക്കളുടെ മനസ്സില്‍ അമൃതമഴ പെയ്യിക്കുന്നു. വയലാറുമായി ദക്ഷിണാമൂര്‍ത്തിസ്വാമി അധികം ചിത്രങ്ങള്‍ ചെയ്തിട്ടില്ലെങ്കിലും ചെയ്തവയെല്ലാം വളരെ ജനപ്രീതി നേടിയവയായിരുന്നു.
‘സ്വപ്‌നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ ….. ( കാവ്യമേള )
‘ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു ആയിരവും പൊയ്മുഖങ്ങളായിരുന്നു ….
( നൈറ്റ് ഡ്യൂട്ടി )
‘ കനകം മൂലം ദുഃഖം
കാമിനി മൂലം ദുഃഖം …
( ഇന്റര്‍വ്യൂ )
‘ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു … ( ബ്രഹ്മചാരി )
ഇവയെല്ലാം ചിലതു മാത്രം . ‘ദേവാലയം ‘ എന്ന ചിത്രത്തിലെ ‘നാഗരാദി എണ്ണയുണ്ട് …..’ എന്ന ഹാസ്യ ഗാനം പാടിക്കൊണ്ട് പിന്നണിഗാനരംഗത്തും അദ്ദേഹം തന്റെ കൈയൊപ്പ് ചാര്‍ത്തി. ‘കാവ്യമേള ‘ എന്ന ചിത്രത്തിലെ ‘സ്വപ്‌നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ …..’
എന്ന ഗാനരംഗത്തില്‍ ഒരു അതിഥി താരമായി ദക്ഷിണാമൂര്‍ത്തി സ്വാമി പ്രത്യക്ഷപ്പെട്ടത് പ്രിയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ.
140 ചിത്രങ്ങളിലായി ഏകദേശം ആയിരത്തോളം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന സ്വാമിയുടെ സംഗീത സംഭാവനകളെക്കുറിച്ച് എത്ര എഴുതിയാലും തീരില്ല.കേരളക്കരയെ കോരിത്തരിപ്പിച്ച ഒട്ടനവധി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ഓര്‍മ്മദിനമാണിന്ന്….
സംഗീത പ്രണയികളുടെ മനസ്സില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത ഈ സാര്‍വ്വഭൗമന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല.


(സതീഷ് കുമാര്‍ വിശാഖപട്ടണം
പാട്ടോര്‍മ്മള്‍ @ 365 )