തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായീ …

സതീഷ് കുമാർ വിശാഖപട്ടണം
ചിരി ആരോഗ്യത്തിന് അത്യുത്തമം” …ഇരുപത്തിനാലു മണിക്കൂറും മുഖം വീർപ്പിച്ചിരുന്ന്   ചിരിക്കാൻ മറക്കുന്നവർക്കുള്ള  പുതിയ കാലത്തിന്റെ മുദ്രാവാക്യമാണിത്.
ഉള്ളുതുറന്ന് ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരും നിഷ്ക്കളങ്കരും നല്ല മനസ്സുള്ളവരും ആയിരിക്കും ….
നമ്മുടെ പ്രിയഗായിക  ചിത്രയെ നോക്കൂ …..ചിരിച്ച മുഖത്തോടെയല്ലാതെ അവരെ ആരും കണ്ടിട്ടേയില്ല.
ആ മുഖത്തിന്റെ ഐശ്വര്യം ഒന്ന് വേറെ തന്നെയാണ്…
ഇന്ന് ലോകത്തിലെ  പലയിടത്തും ലോഫിങ്ങ് ക്ലബ്ബുകൾ പ്രചാരത്തിൽ വന്നതിലൂടെ ചിരിയുടെ ആരോഗ്യകരമായ നല്ല  സന്ദേശമാണ് അവയെല്ലാം  സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത് … ചിരിയുടെ  ഉറവിടം പല വിധമാണല്ലോ …. ?
അതിൽ ഏറ്റവും പ്രധാനം ഹാസ്യം തന്നെ …ചാർലി ചാപ്ലിൻ , ലോറൽ ,ഹാർഡി  തുടങ്ങിയ ഹോളിവുഡ് നടന്മാരും മലയാളത്തിന്റെ സ്വന്തം അടൂർ ഭാസി , ബഹദൂർ , ജഗതി ശ്രീകുമാർ തുടങ്ങിയ നടന്മാരും  ഒട്ടേറെ മിമിക്രി  കലാകാരന്മാരും  മലയാളക്കരയെ ചിരിപ്പിച്ചവർ തന്നെ …..
 കുഞ്ചൻ നമ്പ്യാർ ,ഇ വി കൃഷ്ണപിള്ള ,സഞ്ജയൻ , വി കെ എൻ , വൈക്കം മുഹമ്മദ് ബഷീർ  , വേളൂർ കൃഷ്ണൻ കുട്ടി എന്നിവരെല്ലാം അക്ഷരങ്ങളിലൂടെ  പടർത്തിയ ചിരി മലയാള സിനിമയിൽ ഇപ്പോഴും കെടാതെ  കാത്തുസൂക്ഷിക്കുന്നത് സത്യൻ അന്തിക്കാട് എന്ന സംവിധായകൻ മാത്രമാണ്.
ഹാസ്യസാഹിത്യവും ,ഹാസ്യാഭിനയവും പോലെ തന്നെ ചിരിയുടെ അമിട്ട് പൊട്ടിക്കുന്നതാണ് ഹാസ്യഗാനങ്ങളും …..
 പി ഭാസ്കരനും  , വയലാറും ശ്രീകുമാരൻ തമ്പിയുമെല്ലാം എഴുതിയ  ഹാസ്യ ഗാനങ്ങളുടെ ഒരു വലിയ  കലവറ മലയാള ചലച്ചിത്ര ഗാനശാഖയെ  സമ്പന്നമാക്കിയിരുന്നു …..
എന്നാൽ ഇടക്കാലത്ത് മലയാളത്തിൽ ഹാസ്യഗാനങ്ങളിൽ പലതും  ഹാസ്യമില്ലാത്ത അവസ്ഥയിലേക്ക്
കൂപ്പു കുത്തിയതും വിസ്മരിക്കാനാവുന്നില്ല …ഈ അവസ്ഥയിലാണ് തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഹാസ്യം നിറഞ്ഞു തുളുമ്പുന്ന ഒരു ഗാനം മലയാളികളുടെ ചിന്തയേയും ചിരിയേയും ഉണർത്തിയത് …
Anil Panachooran death: Case of unnatural death registered | Kerala News - The Hindu
2007 -ൽ മമ്മൂട്ടി നായകനായി അഭിനയിച്ച “കഥ പറയുമ്പോൾ “എന്ന ചിത്രത്തിൽ അനിൽ
പനച്ചൂരാൻ എഴുതി എം ജയചന്ദ്രൻ സംഗീതം പകർന്ന് പ്രദീപ് പള്ളുരുത്തി പാടിയ
വ്യത്യസ്തനാമൊരു ബാർബറാം  ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല …“എന്ന ഹാസ്യഗാനം മലയാള സിനിമയിൽ തികച്ചും  നൂതനമായ ചിരിയാണ് പടർത്തിയത് …
https://youtu.be/2Jed8F4A3-s?t=16
ഓരോ നാട്ടിൻപുറത്തും  ലൊട്ടുലൊടുക്കു കവിതകൾ എഴുതി മഹാകവിയായി ഭാവിക്കുന്ന ഒരു കവികേസരി ഉണ്ടായിരിക്കുമല്ലോ ?  അത്തരം ഒരു കവിയുടെ ആലാപനത്തിലൂടെയാണ് “കഥ പറയുമ്പോൾ ” എന്ന ചിത്രത്തിൽ ഈ ഗാനം അവതരിപ്പിക്കപ്പെടുന്നത്. കുറിക്കു കൊള്ളുന്ന പ്രയോഗങ്ങളിലൂടെ വളരെ കാവ്യാത്മകമായാണ് ബാർബർ ബാലനെ അനിൽ പനച്ചൂരാൻ  വരച്ചുകാട്ടിയത് …
ഒരു വലിയ ഇടവേളയ്ക്ക്ശേഷം മലയാള സിനിമ കേട്ട ഏറ്റവും മനോഹരമായ ഹാസ്യഗാനമായിരുന്നു ഇത് …
 ഹാസ്യഗാനം മാത്രമല്ല വിപ്ലവഗാനം എഴുതുന്നതിലും അനിൽ പനച്ചൂരാന്റെ തൂലികയുടെ മൂർച്ച നമ്മൾ കണ്ടറിഞ്ഞതാണല്ലോ ….? “അറബിക്കഥ ” എന്ന ചിത്രത്തിൽ അദ്ദേഹം എഴുതി ആലപിച്ച
 “ചോരവീണ മണ്ണിൽ നിന്നുതിർന്നു വന്ന പൂമരം…”
https://youtu.be/w8OPEOOgh0o?t=23
Choraveena Mannil Ninnum | Lyrical Video Song | Arabikkatha | Sreenivasan | Anil Panachooran - YouTube
സിരകളിൽ വിപ്ലവ വീര്യം പകരുന്ന വിധത്തിലുള്ളതായിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളം ഗോവിന്ദമുട്ടം വാരണപ്പിള്ളി വീട്ടിൽ ജനിച്ച അനിൽ പനച്ചൂരാൻ ഗാനരചയിതാവ് ആകുന്നതിലും മുൻപേ   തന്നെ കവി എന്ന നിലയിൽ സാംസ്കാരിക രംഗത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു …
 അദ്ദേഹത്തിന്റെ ജ്വലിക്കുന്ന കവിതകൾ  യുവതലമുറ ആവേശപൂർവം ഏറ്റുപാടി …വലയിൽ വീണ കിളികൾ , പ്രണയകാലം ,അനാഥൻ പോലുള്ള കവിതകൾ , കടമ്മനിട്ട രാമകൃഷ്ണനും ബാലചന്ദ്രൻ ചുള്ളിക്കാടിനും മുരുകൻ കാട്ടാക്കടക്കും ശേഷം മലയാളത്തിൽ ചൊൽക്കാഴ്ചകളിലൂടെ  ഏറ്റവും അധികം ആരാധകരെ സമ്പാദിച്ചവയായിരുന്നു ….
 ഗാനങ്ങൾ എഴുതുകയും സംഗീതം പകരുകയും ആലപിക്കുകയും ചെയ്തിരുന്ന പനച്ചൂരാൻ മലയാള ചലച്ചിത്ര വേദിയിൽ കൂടുതൽ ഉയരങ്ങളിലേക്കുള്ള പ്രയാണത്തിനിടയിലാണ്  കോവിഡ് മഹാമാരി അദ്ദേഹത്തിന്റെ ജീവൻ കവർന്നെടുത്തത് …
 2021 ജനവരി 3 – ന് മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി എന്നന്നേക്കുമായി യാത്രയായി …
ഇന്ന് അദ്ദേഹത്തിന്റെ  ഓർമ്മദിനം …
 പനച്ചൂരാന്റെ കൈയ്യൊപ്പു പതിഞ്ഞ ഏതാനും ഗാനങ്ങളെ ഇവിടെ അടയാളപ്പെടുത്താതിരിക്കാൻ വയ്യ…
“തിരികെ ഞാൻ വരുമെന്ന  വാർത്ത കേൾക്കാനായീ ഗ്രാമം കൊതിക്കാറുണ്ടെന്നും …”
( ചിത്രം അറബിക്കഥ – സംഗീതം ബിജുപാൽ – ആലാപനം യേശുദാസ് )
 
“അണ്ണാറക്കണ്ണാ വാ പൂവാലാ
 ചങ്ങാത്തം കൂടാൻ വാ  ….”
 (ചിത്രം ഭ്രമരം – സംഗീതം മോഹൻ സിതാര – ആലാപനം  വിജയ് യേശുദാസ് ,പൂർണശ്രീ ,വിഷ്ണു മോഹൻ സിതാരാ , എ കൃഷ്ണൻ)
 “അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം …”
 (ചിത്രം ചൈനാടൗൺ – സംഗീതം ജാസി ഗിഫ്റ്റ് – ആലാപനം എം ജി ശ്രീകുമാർ  , കെ എസ് ചിത്ര)
Jimikki Kammal | Velipadinte Pusthakam - YouTube
“എന്റമ്മേടെ ജിമിക്കിക്കമ്മൽ
എന്റപ്പൻ  കട്ടോണ്ടുപോയേ……”
 (ചിത്രം വെളിപാടിന്റെ പുസ്തകം –  സംഗീതം ഷാൻ റഹ്മാൻ –  ആലാപനം വിനീത് ശ്രീനിവാസൻ , രഞ്ജിത്ത് ഉണ്ണി) 
https://youtu.be/FXiaIH49oAU?t=18
 “ഇടവമാസപ്പെരുമഴ പെയ്ത രാവതിൽ ….. “(ചിത്രം മകൾക്ക് – സംഗീതം രമേഷ് നാരായണൻ – ആലാപനം ബാലചന്ദ്രൻ ചുള്ളിക്കാട് …. അനിൽ പനച്ചൂരാന്റെ സിനിമയിലെ ആദ്യഗാനം)
“താരകമലരുകൾ വിരിയും …
(ചിത്രം അറബിക്കഥ – സംഗീതം ബിജിപാൽ – ആലാപനം വിനീത് ശ്രീനിവാസൻ , സുജാത )
 ” ഗോപാലാ  ഗോകുലപാലാ…..” (ചിത്രം ക്രേസി ഗോപാലൻ –  സംഗീതം രാഹുൽരാജ് –  ആലാപനം ശങ്കർ മഹാദേവൻ)
“എന്റടുക്കെ  വന്നടുക്കും ….” (ചിത്രം മേരിക്കുണ്ടൊരു കുഞ്ഞാട് – സംഗീതം ബേണി ഇഗ്നേഷ്യസ് –  ആലാപനം ശങ്കർ മഹാദേവൻ, റിമി ടോമി ,സി എം പാപ്പുക്കുട്ടി ഭാഗവതർ ,സുബ്ബലക്ഷ്മി അമ്മാൾ (പാപ്പുക്കുട്ടി ഭാഗവതരുടെ അവസാന ഗാനമായിരുന്നു ഇത്. )
 ” ചെമ്പരത്തി കമ്മലിട്ട് 
 കുപ്പിവള കൊഞ്ചലിട്ട് ….” ( ചിത്രം മാണിക്യക്കല്ല് – സംഗീതം എം ജയചന്ദ്രൻ – ആലാപനം ശ്രേയാ ഘോഷൽ , രവിശങ്കർ )
“കാട്ടാറിന് തോരാത്തൊരു 
പാട്ടുണ്ട് നനവോരത്ത്….
(ചിത്രം ലൗഡ് സ്പീക്കർ –
സംഗീതം ബിജിബാൽ-
ആലാപനം പി. ജയചന്ദ്രൻ , രാഖി ആർ. നാഥ് )
“ചങ്ങഴിമുത്തുമായ് …..”
ചിത്രം ലൗഡ് സ്പീക്കർ – സംഗീതം ബിജിബാൽ – ആലാപനം ഗണേഷ് സുന്ദരം )
എന്നിങ്ങനെയുള്ള ഗാനങ്ങളെല്ലാം കേൾക്കുമ്പോൾ അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ  അനിൽ പനച്ചൂരാനെ ഓർക്കാതിരിക്കാൻ കഴിയുന്നില്ലല്ലോ …?
 പ്രണാമം…
ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം.. പ്രിയ കവി അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ...! - YouTube
——————————————————————
(സതീഷ് കുമാർ  :  9030758774)