വീണയും റിയാസും നിയമക്കുരുക്കിലേക്ക് 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ,  ആദായ നികുതി വകുപ്പിൽ നിന്ന് വരുമാനം മറച്ചുവെച്ചു എന്ന് രേഖകൾ.

സ്വകാര്യ കരിമണൽ കമ്പനിയിൽനിന്ന് മാസംതോറും കിട്ടിയ പണം അവരുടെ വരുമാനക്കണക്കിലില്ല. കമ്പനിയുമായി നിയമപരമായി കരാറുണ്ടാക്കി, അതനുസരിച്ചുനൽകിയ സേവനത്തിനാണ് വീണ പണം സ്വീകരിച്ചതെന്നാണ് സി.പി.എം. നൽകിയ വിശദീകരണം.

വീണയുടെ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പുകമ്മിഷന് നൽകിയ സത്യവാങ്മൂലം അടിസ്ഥാനമാക്കി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ.യാണ് ഇക്കാര്യം ആരോപിക്കുന്നത്.

2020-ലാണ് വീണയും റിയാസുമായുള്ള വിവാഹം. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്‌മൂലത്തിൽ വീണയുടെ അഞ്ചുവർഷത്തെ ആദായനികുതി കണക്കുകളാണ് നൽകിയത്. എന്നാൽ, സ്വകാര്യകമ്പനിയായ സി.എം.ആർ.എലിൽനിന്ന് കൈപ്പറ്റിയ പണം ഈ കണക്കുകളിൽ കാണിച്ചിട്ടില്ല.

2017-’18 സാമ്പത്തികവർഷം 60 ലക്ഷം രൂപ സ്വകാര്യകന്പനി വീണയ്ക്ക് നൽകിയെന്നാണ് ആദായനികുതിവകുപ്പിന്റെ ഇന്ററിൽ സെറ്റിൽമെന്റ് ബോർഡ് ഉത്തരവിലുള്ളത്. ഒാരോ മാസവും അഞ്ചുലക്ഷം രൂപവീതം നൽകി. ഇതേവർഷം 36 ലക്ഷം രൂപ വീണയുടെ കമ്പനിയായ എക്സാലോജിക്കിനും കൈമാറി

എന്നാൽ,ആദായനികുതി റിട്ടേണിൽ വീണ കാണിച്ച മൊത്തംവരുമാനം 10.42 ലക്ഷം രൂപ മാത്രം.

2016-’17 വർഷം കന്പനി വീണയ്ക്ക് നൽകിയത് 15 ലക്ഷം രൂപയായിരുന്നു.എന്നാൽ ആദായനികുതി റിട്ടേൺ കണക്കിൽ കാണിച്ച മൊത്തം വരുമാനം 8.25 ലക്ഷം രൂപമാത്രമാണ്.

2018-’19 വർഷം 40 ലക്ഷം വീണയ്ക്കും 21 ലക്ഷം എക്സാലോജിക്കിനും കരിമണൽ കമ്പനി നൽകി. ആദായനികുതിവകുപ്പിന് നൽകിയ കണക്കിൽ വരുമാനം വെറും 28.68 ലക്ഷം രൂപ.

കരാറനുസരിച്ചുള്ള സേവനത്തിന് ഓരോമാസവും ലഭിക്കുന്ന തുക എന്തിന് ആദായനികുതി കണക്കിൽ മറച്ചുവെച്ചുവെന്നതാണ് മാത്യു കുഴൽനാടൻ്റെ ചോദ്യം. നിയമപ്രകാരമുള്ള പണം അക്കൗണ്ടിലൂടെ സ്വീകരിക്കുകയും നികുതി ഒടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇതുവരെ സി.പി.എം. വാദിച്ചത്. ഇതിനെയാണ് മാത്യു പൊളിച്ചടുക്കുന്നത്.

തെറ്റായ സത്യവാങ്മൂലം നൽകിയെന്നതാണ് ഇപ്പോൾ മുഹമ്മദ് റിയാസിനുനേരെ ഉയരുന്ന ആരോപണം. ഇക്കാര്യം നിയമപരമായി നേരിടുന്ന കാര്യം പരിശോധിക്കുമെന്ന് മാത്യു കുഴൽനാടൻ അറിയിച്ചു.