പീഡിത പുരുഷ സംഘമോ?

പി.രാജൻ

സ്ത്രീകളുടെ പീഡനത്തിൽ നിന്ന് സംരക്ഷണം നേടാൻ വേണ്ടി കോട്ടയം ആസ്ഥാനമായി ഒരു സംഘടന പ്രവർത്തിക്കുന്നുണ്ടെന്ന് കേട്ടപ്പോൾ ആദ്യം വിശ്വസിച്ചില്ല. പീഡനം എന്ന വാക്കിനു തന്നെ ലൈംഗികപീഡനം എന്നയർത്ഥം വരുംവിധം ഭാഷക്കു മാറ്റം വന്നിട്ടുണ്ട്.

പീഡനാരോപണം ചിലപ്പോൾ സ്ത്രീകൾ സമരായുധമാക്കുന്നുണ്ടെന്ന് ഈയിടെ കേൾക്കാനിടമായി . മാന്യനും ആദരണീയനുമായ ഐ.എ.എസ്സ്. ഉദ്യോഗസ്ഥനെതിരായി അദ്ദേഹത്തിൻ്റെ കീഴിൽ ജോലി ചെയ്തിരുന്ന യുവതി ഈ പീഡനാരോപണം ഉപയോഗിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് അറിഞ്ഞത്.

ഭർത്താവ് തന്നെയാണ് യുവതിക്ക് ഈ തന്ത്രം ഉപദേശിച്ചു കൊടുത്തതത്രെ. ജോലിയിൽ സമർത്ഥയായ യുവതിക്ക് താൽപ്പര്യമുള്ള സ്ഥലത്തേക്ക് ജോലിക്ക് പോകാൻ ഐഎഎസ്സ് ഉദ്യോഗസ്ഥൻ തടസ്സം നിൽക്കുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നൂ.. ഗതികെട്ടപ്പോൾ സംഗതി നടത്തിക്കിട്ടാൻ ഭർത്താവ് പറഞ്ഞു കൊടുത്ത വിദ്യയാണ് ലൈംഗിക പീഡനാരോപണം.

യുവതിക്ക് ഭർത്താവ് കൊടുത്ത യുപദേശത്തെ പറ്റിയറിഞ്ഞ ഉടനെ തന്നെ ജോലിസ്ഥലം മാറ്റിക്കൊടുക്കുന്നതിന് ഈ മുതിർന്ന  ഐ എ എസുകാരൻ മുൻകയ്യെടുത്തു. മദ്ധ്യവയസ്ക്കനായ അദ്ദേഹത്തിന്റെ ഭാര്യയും ഉദ്യോഗസ്ഥയാണ്. മകൾ കോളേജ് വിദ്യാർത്ഥിനിയുമാണ്. കെട്ടിച്ചമച്ച ആരോപണമായാലും ശരി നമ്മുടെ നാട്ടിൽ കുടുംബങ്ങളെ പീഡിപ്പിക്കാനും ശിഥിലമാക്കാനും വരെ ലൈംഗിക പീഡനാരോപണത്തിനു കഴിയും.

ശക്തിയായ കുടുംബ ബന്ധങ്ങളുള്ളതാണ് ഇവിടത്തെ സാമൂഹിക വ്യവസ്ഥ . ലൈംഗിക പീഡനാരോപണം ഒരു മേലുദ്യോഗസ്ഥനെതിരായി എഴുതിക്കൊടുത്താൽ ജോലിയിൽ തുടരാൻ അനുവദിക്കാമെന്ന് ഒരു കമ്പനി മേധാവി പരിശീലനം പൂർത്തിയാക്കിയ യുവതിയോട് പറഞ്ഞതായി എനിക്കറിയാം. പക്ഷെ മാന്യയായ ആ യുവതി ഈ നീചവൃത്തിക്ക് തയാറായില്ല.

എന്നാൽ എൻ്റെ മേൽനോട്ടത്തിൽ പത്രപ്രവർത്തക പരിശീലനം പൂർത്തിയാക്കിയ ഒരു യുവതിയേയും യുവാവിനേയും ജോലി കൊടുക്കാതെ പറഞ്ഞു വിട്ടുകൊണ്ട് മുതലാളിമാർ എന്നോട് പക വീട്ടിയിട്ടുണ്ട്. അതിൻ്റെ പേരിൽ’ ഞാൻ രാജിവെക്കുമെന്ന് പത്രമുതലാളിമാർ പ്രതീക്ഷിച്ചിരുന്നു. പക്ഷെ സ്ഥിരം ജോലിക്കാരല്ലാത്ത ഈ ചെറുപ്പക്കാർക്ക് സാധാരണ തൊഴിലാളിക്ക് കിട്ടുന്ന അവകാശങ്ങൾക്കൊന്നും അർഹതയുണ്ടായിരുന്നില്ല.

എന്നോടുള്ള പകതീർക്കാൻ സമർത്ഥരായ രണ്ട് പേരെ ജോലിയിൽ നിന്ന് ഒഴിവാക്കിയ മാനേജ്മെൻ്റിൻ്റെ മനോഭാവം എത്ര ഹീനമാണ് ?  ഇത് ആലോചിച്ചിട്ടാണ് ഞാൻ കടുത്ത ഭാഷയിൽ മാനേജിങ്ങ് ഡയറക്ടർക്ക് കത്തെഴുതിയത്. ആ കത്താണ് അച്ചടക്കലംഘനത്തിനു എൻ്റെ പേരിൽ നടപടിയെടുത്ത് ഗ്രാറ്റ്വിറ്റി പോലും നിഷേധിച്ചു കൊണ്ട് എന്നെ പിരിച്ചുവിടാൻ കരുവാക്കിയത്.

‘ഇതെല്ലാം ഇപ്പോൾ പറയാൻ കാരണം അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ഓർമ്മിപ്പിക്കുന്നതിനാണ്. എന്നോടുള്ള പക തീർക്കുന്നതിനുവേണ്ടി ജോലി നിഷേധിക്കപ്പെട്ടവർ   സമർത്ഥരായിരുന്നു. അത് കൊണ്ട് അവർക്കു അർഹമായ വേറെ ജോലി കിട്ടി. എനിക്കു മാത്രമേ ജീവിതവൃത്തി നഷ്ടപ്പെട്ടുള്ളൂ..

സർക്കാർ ഭൂമി വ്യാജ രേഖയുണ്ടാക്കി കൈവശപ്പെടുത്തി അവിടെയുണ്ടായിരുന്ന വിലയേറിയ മരങ്ങൾ മുറിച്ചു വിറ്റ പത്രമുതലാളിക്ക് സർക്കാർ ചെലവിൽ സ്മാരകം നിർമ്മിക്കാൻ ബജറ്റിൽ പണം വകയിരുത്തിയ മുൻ ധനകാര്യ മന്ത്രി  തോമസ് ഐസക്കിനോടും പിണറായി സർക്കാറിനോടും ഒരഭ്യർത്ഥനയുണ്ട്.

സ്മാരക നിർമാണം എന്തായിയെന്ന് ഒന്നു പറയൂ.. പീഡനമായാലും ഭൂമി കയ്യേറ്റമായാലും ദുരാരോപണം ഉന്നയിക്കരുതല്ലോ. ഭൂമികയ്യേറ്റത്തെപ്പറ്റി ഞാൻ ഉന്നയിച്ച ആരോപണം ഞാൻ പിൻവലിച്ചിട്ടില്ലല്ലോ.

-———————————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക