സംഘപരിവാർ കാരുണ്യം സോണിയ കുടുംബത്തോടും…

തൃശ്ശൂർ : ഗാന്ധി കുടുംബത്തിന് എതിരെ കിട്ടാവുന്ന വേദികളിലെല്ലാം ആഞ്ഞടിക്കുന്ന സംഘ്പരിവാർ സംഘടനകളൂം ബി ജെ പിയും അവരുടെ സർക്കാരും സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയോട് ഇത്ര കരുണ കാണിക്കുന്നതിൻ്റെ കാരണം എന്താണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി. ആർ. പരമേശ്വരൻ്റെ ചോദ്യം.

അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

സോണിയ ഗാന്ധിയുടെ മരുമകൻ ഉൾപ്പെട്ട പ്രമാദമായ DLF -വാദ്ര കേസിൽ വർഷങ്ങളായിട്ടും എന്താണ് സംഘപരിവാർ ഏജൻസികളുടെ നടപടികൾ പുരോഗമിക്കാത്തത് എന്നത് പല കൊല്ലങ്ങളായുള്ള നിരവധി പേരുടെ സംശയമായിരുന്നു.

തട്ടിപ്പ് നടന്ന ഹരിയാനയിലും രാജസ്ഥാനിലും പലവട്ടം സംഘപരിവാർ മന്ത്രിസഭകൾ അധികാരത്തിൽ വന്നിട്ടും കേസിന് കാര്യമായ അനക്കമൊന്നും ഉണ്ടായിരുന്നില്ല .2017 ൽ പ്രതികളായ ഡി. എൽ. എഫ് ,ഭൂപീന്ദ്ര ഹൂഡ, റോബർട്ട് വാദ്ര എന്നിവർക്കെതിരെ സി.ബി.ഐ കേസെടുത്തെങ്കിലും കേസ് തളർന്നു തന്നെ കിടന്നു.

നമ്മൾ കരുതിയത് മോദിജി ലോക ഗുരുവല്ലേ, പരമശത്രുക്കളോട് പോലും കാരുണ്യം ചൊരിയുന്ന മഹർഷിയല്ലേ, അത് കൊണ്ടാണ് രാഷ്ട്രീയ ശത്രുക്കളായ നെഹ്റു -ഗാന്ധി കുടുംബത്തോട് പോലും അനുതാപം കാണിക്കുന്നത് എന്നാണ് .ഇപ്പോൾ ഇലക്ട്രോറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ പുറത്തുവന്നപ്പോഴല്ലേ കള്ളി വെളിച്ചത്താവുന്നത്.

DLF എന്ന കമ്പനി 170 കോടി രൂപ ഇലക്ട്രോറൽ ബോണ്ട് വഴി കൈക്കൂലി കൊടുത്തതിന്റെ ഫലം മാത്രമാണ് ലോകഗുരുവിന്റെ പ്രതിയോഗികുടുംബത്തോടുള്ള കാരുണ്യം . ഇലക്ട്രോറൽ ബോണ്ട് പദ്ധതിയിൽ കൂടി കൊടുത്തതിനും പുറമേ റൊക്കം കാശ് വേറെ കൊടുത്തിട്ടുണ്ടോ എന്ന് ഏതെങ്കിലും അന്വേഷണം നടന്നാൽ മാത്രമേ പറയാൻ ആവൂ.

25000 ഏക്കറോളം ഭൂമി പാവപ്പെട്ട കർഷകരിൽ നിന്ന് ഭരണാധികാരം ദുരുപയോഗിച്ച് ചുളുവിലകൊടുത്ത് അക്വയർ ചെയ്ത്, പിന്നീട് ആ അക്വിസിഷൻ സ്റ്റാറ്റസ് ഒഴിവാക്കി, തങ്ങൾക്ക് വേണ്ടപ്പെട്ട ബിൽഡർമാർക്കും വ്യവസായികൾക്കും മറിച്ചു കൊടുക്കുക എന്ന നീചകർമ്മമാണ് ഭൂപീന്ദ്ര ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസു സർക്കാർ അന്ന് ചെയ്തത്.

ഈ വൻ അഴിമതിയുടെ ഒരു ഭാഗമാണ് ഡിഎൽഎഫിന്റെയും വാദ്രയുടെയും അഴിമതി. ഡി എൽ എഫും വാദ്രയും രക്ഷപ്പെടുമ്പോൾ കൂട്ടത്തിൽ ഹൂഡയും രക്ഷപ്പെടും. സ്വന്തം കുടുംബാംഗവും കൂട്ടുകാരും 170 കോടി ബിജെപിക്ക് കൈക്കൂലി കൊടുത്തത് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അറിഞ്ഞില്ല എന്നാണോ? ഭരണ പ്രതിപക്ഷങ്ങൾ തമ്മിലുള്ള ഒത്തുകളിയുടെ മറ്റൊരു ഉദാഹരണം മാത്രമാണ് ഇത്.ഇത്തരം ഒത്തുകളികൾ മൂലമാണ് കോൺഗ്രസിന് ഫലപ്രദമായ ഒരു പ്രതിപക്ഷം ആകാൻ കേന്ദ്രത്തിൽ ആയാലും കേരളത്തിലായാലും കഴിയാത്തത്.

ഇതുവരെ ദുരൂഹമായിരുന്ന കാരണങ്ങളാൽ സംഘപരിവാർ കാരുണ്യം കാണിച്ചുപോരുന്ന മറ്റു ചില രാഷ്ട്രീയ ശത്രുക്കൾ കൂടി ഉണ്ട്.

സത്യസന്ധനായ ഒരു CAG യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ബി,ഐ എടുത്ത കേസ് ആണ് 2G spectrum കേസ്. ആ കേസിൽ സുപ്രീം കോടതിക്ക് മുന്നിൽ പ്രോസിക്യൂഷൻ അലസമായി മനപ്പൂർവ്വം തോറ്റു കൊടുക്കുകയായിരുന്നു എന്ന് അരുൺ ഷൂരി എഴുതിയ’Anitha gets bail ‘ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.. DLF കേസിലേതു പോലെ തന്നെ പരമ ശത്രുക്കളായ ദ്രാവിഡ പാർട്ടിയിൽ നിന്ന് കോഴ വാങ്ങിയാണോ ബി.ജെ.പി.ആ കേസ് തീർത്തത് എന്ന് സംശയിക്കാവുന്നതാണ്.

സംഘപരിവാർ അകാരണമായി തഴുകിക്കൊണ്ട് നിൽക്കുന്ന മറ്റൊരു അഴിമതി ഭീകരനാണ് ആന്ധ്ര മുഖ്യമന്ത്രിയായ YS ജഗൻ മോഹൻ റെഡ്ഡി. തെരഞ്ഞെടുപ്പുകളിലൊക്കെ പരസ്പരം ശത്രുക്കളാണ്.വളരെ ചെറുപ്പം മുതലേ തന്നെ അച്ഛന്റെ കയ്യിൽ നിന്ന് അഴിമതികല അഭ്യസിച്ച ഒരു prodigy തന്നെയാണ് ജഗൻ മോഹൻ . ചില്ലറ കളവ് നടത്തിയിരിക്കാവുന്ന കേജ്രിവാൾ അകത്തു പോകുമ്പോഴും ഇയാൾ പുറത്ത് വിരാജിക്കുന്നത് സംഘപരിവാറിന് കോടികൾ കൊടുത്തിട്ടാണോ എന്ന് ഇപ്പോൾ സംശയം തോന്നുന്നു.

ഏറ്റവും ഒടുവിലായി, ലാവലിൻ, സ്വർണ്ണക്കടത്ത്, റിവേഴ്സ് ഹവാല, ലൈഫ് മിഷൻ, കരിമണൽ മാസപ്പടി എന്നിവയുടെ കാരണഭൂതൻ ആയ സംഘിശത്രു എല്ലാവരെയും അമ്പരപ്പിക്കുന്ന വിധത്തിൽ എങ്ങിനെ സുരക്ഷിതൻ ആയി തുടരൂന്നു എന്ന സംശയത്തിലേക്ക് DLF കോഴയെ കുറിച്ചുള്ള വിവരങ്ങൾ വെളിവായതിനുശേഷം ഒരു ഉത്തരത്തിന്റെ വെളിച്ചം വീശുന്ന പോലെ. കേരളത്തിലെ സംഘി- കമ്മി അവിഹിതബന്ധത്തിന് കാരണം കോൺഗ്രസ് മുക്തകേരളവും അല്ല, ഒരു തേങ്ങക്കുലയുമല്ല. സംഘികൾക്ക് കൊടുത്ത റൊക്കം കാശ്, പണം,പൈസ,തുട്ട്. അങ്ങിനെ തോന്നുന്നു

പത്തിരുനൂറ് രക്തസാക്ഷികളുടെയും ബലിദാനികളുടെയും കുടുംബങ്ങൾ താന്താങ്ങളുടെ പാർട്ടികളുടെ പിതൃശൂന്യത കണ്ട് ആനന്ദതുന്ദിലരായി തിരുവാതിര കളിക്കുന്നു.

അപ്പോഴും,പുറമേക്ക് സംഘികളും കമ്മികളും തമ്മിൽ പൊരിഞ്ഞ അടി. ഇസ്ലാമോ- ഇടത് പണ്ഡിതരുടെ വക ഫാസിസത്തിനെതിരായുള്ള തീസിസുകൾ. സംഘി ബുദ്ധിജീവികൾ അവർക്കൊള്ള ബുദ്ധികൊണ്ട് തയ്യാറാക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ ചരിത്രങ്ങൾ. ശബ്ദയമാനതയ്ക്ക് ഒരു കുറവുമില്ല.