മറഞ്ഞിരുന്നാലും  മനസ്സിന്റെ കണ്ണിൽ …

സതീഷ് കുമാർ വിശാഖപട്ടണം
1971 – ലാണ് സുചിത്ര മഞ്ജരിയുടെ  ബാനറിൽ പി ഭാസ്കരൻ സംവിധാനം ചെയ്ത
“വിലയ്ക്ക് വാങ്ങിയ വീണ ” എന്ന ചലച്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതി ദക്ഷിണാമൂർത്തി  സംഗീതം പകർന്ന് 
ജയചന്ദ്രൻ പാടിയ
കളിയും  ചിരിയും  മാറി
 കൗമാരം വന്ന് കേറി ….”
 എന്ന ഗാനം പ്രിയവായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ.
എൻെറ ഓർമ്മ ശരിയാണെങ്കിൽ ഈ ഗാനരംഗത്താണ് മലയാളികൾ ആദ്യമായി “അക്കോർഡിയൻ ” എന്ന പാശ്ചാത്യ സംഗീതോപകരണം ആദ്യമായി കാണുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിൽ ജർമ്മനിയിൽ നിർമ്മിക്കപ്പെട്ട ഈ സംഗീതഉപകരണത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് കെ ജെ ജോയ് എന്ന സംഗീത സംവിധായകനായിരുന്നു.
Malayalam music director K J Joy passes away | Malayalam News - The Indian Express
1974 -ൽ അദ്ദേഹം  ആദ്യമായി സംഗീതസംവിധാനം നിർവ്വഹിച്ച” ലൗ ലെറ്ററി ” ൽ നടൻ വിൻസെന്റ് അക്കോർഡിയൻ വായിച്ചു കൊണ്ടാണ് ഒരു ഗാനരംഗത്ത്  പ്രത്യക്ഷപ്പെടുന്നത് തന്നെ …
 ഹിന്ദിയിലെ ഒരു പ്രമുഖ സംഗീത സംവിധായകന്റെ ട്രൂപ്പിലാണ് അക്കോർഡിയൻ എന്ന വിസ്മയവാദ്യം ഇദ്ദേഹം ആദ്യമായി  കാണുന്നത്.  20,000 രൂപയ്ക്ക് സ്വന്തം കാർ വിറ്റിട്ടാണ് മനസ്സിനെ വല്ലാതെ ആകർഷിച്ച  അക്കോർഡിയൻ  അദ്ദേഹം സ്വന്തമാക്കിയതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു.
അന്നത്തെ 20,000 ഇന്നത്തെ 20 ലക്ഷമാണെന്ന് ഓർക്കുക.എഴുപതുകളിൽ അക്ഷരാർത്ഥത്തിൽ മലയാള സിനിമയിൽ ഒരു രാജകുമാരനായി ജീവിച്ച വ്യക്തിയായിരുന്നു കെ ജെ ജോയ് .
മൈലാപ്പൂർ ബീച്ചിൽ സ്ഥിതി ചെയ്യുന്ന കൊട്ടാര സദൃശ്യമായ സ്വന്തം വീട് കൽപ്പന ഹൗസിൽ നിന്നും വെട്ടിത്തിളങ്ങുന്ന സഫാരി സ്യൂട്ടിൽ  ബെൻസ് കാറിൽ സ്റ്റുഡിയോയിലെത്തിയിരുന്ന ജോയിയെ ആരാധനയോടെ നോക്കിനിന്ന കാലം മദ്രാസിലെ എന്റെ  പ്രിയസുഹൃത്തും ഉദ്യോഗസ്ഥനുമായിരുന്ന എ കെ നന്ദകുമാർ ഇപ്പോഴും ഓർമ്മിച്ചെടുക്കുന്നു .
മലയാളത്തിലെ പല പ്രമുഖ നടിമാരുടെയും സ്വപ്ന കാമുകനായിരുന്നു സംഗീതത്തിലും  കാഴ്ചയിലും സമ്പത്തിലും ഉയരങ്ങളിൽ വിരാജിച്ചിരുന്ന കെ ജെ ജോയ് . പരമ്പരാഗത സംഗീത ഉപകരണങ്ങളിൽ നിന്നും വ്യത്യസ്തമായി അക്കോർഡിയൻ, കീ ബോർഡ് തുടങ്ങി പാശ്ചാത്യ സംഗീത ഉപകരണങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്തു കൊണ്ട് എം എസ് വിശ്വനാഥൻ, 
കെ വി മഹാദേവൻ , സലീൽ ചൗധരി  തുടങ്ങിയ സംഗീതസംവിധായകരുടെ ട്രൂപ്പുകളിൽ സഹായിയായും ഒട്ടേറെ സിനിമകൾക്ക് പശ്ചാത്തലസംഗീതം ഒരുക്കിയും ചുരുങ്ങിയ കാലം കൊണ്ട് ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ നിറസാന്നിധ്യമായി മാറി 
ഈ സംഗീത പ്രതിഭ
ഇദ്ദേഹത്തെ മലയാളത്തിൽ ആദ്യമായിപരിചയപ്പെടുത്തുന്നത്  ഡോക്ടർ ബാലകൃഷ്ണൻ ആണ് .
 ഭാഗ്യം തേടി മദ്രാസിൽ എത്തിയിരുന്ന കലാപ്രതിഭകളെ മനസ്സറിഞ്ഞ് സഹായിച്ചിരുന്ന ഡോക്ടർ ബാലകൃഷ്ണൻ “ലൗ ലെറ്റർ ”  എന്ന തന്റെ ചിത്രത്തിന്റെ സംഗീതസംവിധാന ചുമതല ജോയിയെ ഏല്പിക്കുകയായിരുന്നു.
Love Letter (1975) - IMDb
 സംഗീതരംഗത്ത് സ്വന്തം മേൽവിലാസം പതിപ്പിച്ച പലർക്കും ആദ്യഗാനമെഴുതാൻ  ഭാഗ്യം ലഭിച്ച സംവിധായകനും ഗാനരചയിതാവുമായ  സത്യൻ അന്തിക്കാട് തന്നെയായിരുന്നു കെ ജെ ജോയിയുടെ ആദ്യഗാനത്തിന് വേണ്ടി വരികൾ കുറിച്ചത് .സത്യൻ അന്തിക്കാട് എഴുതിയ
സ്വർണ്ണമാലകൾ 
വിണ്ണിൽ വിതറും
സ്വപ്നലോലയാം
സായാഹ്നമേ ….”
എന്ന ഗാനത്തിന് സംഗീതം പകർന്നുകൊണ്ടായിരുന്നു ജോയിയുടെ പിന്നീടുള്ള ജൈത്രയാത്ര .ആദ്യ ചിത്രത്തിൽ തന്നെ അന്നത്തെ ഹാസ്യ നടനും  മിമിക്രി കലാകാരനും ആയിരുന്ന പട്ടം സദനെ ഗായകനാക്കുകയും ചെയ്തു … (കണ്ടൂ മാമ കേട്ടു മാമി ….”രചന ഭരണിക്കാവ് ശിവകുമാർ , കൂടെ പാടിയത് ബി വസന്ത , അമ്പിളി) ചിത്രത്തിലെ മധുരം തിരുമധുരം , കാമുകിമാരെ കന്യകമാരെ എന്നീ  ഗാനങ്ങൾ വളരെ ജനശ്രദ്ധ പിടിച്ചുപറ്റി.
 തൊട്ടടുത്ത വർഷം ഡോക്ടർ ബാലകൃഷ്ണൻ നിർമ്മിച്ച  “ചന്ദനച്ചോല ” എന്ന ചിത്രത്തിൽ 
യുഗപ്രഭാവനായ വയലാർ രാമവർമ്മയുടെ ഒരു ഗാനത്തിന് സംഗീതം പകരാൻ ജോയിക്ക് ഭാഗ്യമുണ്ടായി.
 മുഖശ്രീ കുങ്കുമം 
ചാർത്തുമുഷസ്സേ
മൂന്നാറിലുദിക്കുമുഷസ്സേ ….”
 (ആലാപനം യേശുദാസ്)
ഈ ചിത്രത്തിൽ ഡോക്ടർ ബാലകൃഷ്ണൻ എഴുതിയ
ബിന്ദു നീയാനന്ദ ബിന്ദുവോ എന്നാന്മാവിൽ വിരിയും 
വർണ്ണപുഷ്പമോ ….”
 മുപ്പത്ത് രാമചന്ദ്രൻ എഴുതിയ
ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ 
കിലുകിലശബ്ദത്തിൽ ..
എന്നീ ഗാനങ്ങൾ ആ വർഷത്തെ സൂപ്പർ ഹിറ്റുകൾ ആയിരുന്നു “ചന്ദനച്ചോല ” യിലെ 
മണിയാൻ ചെട്ടിക്ക് 
മണിമിട്ടായി
മധുരക്കുട്ടിക്ക് 
പഞ്ചാരമുട്ടായി ….”
എന്ന  യേശുദാസും പട്ടം സദനും  പാടിയ ഗാനം അക്കാലത്ത് 
ഗാനഗന്ധർവ്വൻ  തന്റെ പല സംഗീത പരിപാടികളിലും സ്ഥിരമായി  ആലപിക്കാറുണ്ടായിരുന്നു.
യേശുദാസും പട്ടം സദനുമായി ചേർന്ന് ആലപിച്ച 
സ്നേഹയമുന ” യിലെ 
“പരിപ്പുവട പക്കവട…”
 എന്ന ഗാനവും കെ ജെ ജോയിയുടെ മികച്ച ഹാസ്യ ഗാനങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. കുന്നംകുളം സ്വദേശിയായ  കെ സി വർഗീസ് എന്ന ഗായകനെ മലയാളനാട് തിരിച്ചറിയുന്നത്  ഈ സംഗീത സംവിധായകനിലൂടെയാണ്. “സ്നേഹയമുന ” എന്ന ചിത്രത്തിനുവേണ്ടി യൂസഫലി കേച്ചേരി എഴുതിയ 
നീലയമുനേ
 സ്നേഹയമുനേ
ഏതൊരു ഗംഗയെ വാരിപ്പുണരാൻ
ഏകാകിനി നീ ഒഴുകുന്നു …” 
എന്ന ഗാനം അക്കാലത്ത് റേഡിയോയിൽ സ്ഥിരമായി കേട്ടിരുന്നത് ഈ ലേഖകൻ ആവേശപൂർവ്വം ഓർക്കുന്നു. ജയൻ നായകനായി അഭിനയിച്ച “മനുഷ്യമൃഗം ” എന്ന ചിത്രത്തിലെ 
കസ്തൂരിമാൻമിഴി 
മലർശരമെയ്തു 
കൽഹാരപുഷ്പങ്ങൾ 
പൂമഴ പെയ്തു….”
എന്ന ഗാനം  ജനകോടികളുടെ മനസ്സിൽ കൽഹാര പുഷ്പങ്ങളുടെ സൗരഭ്യം പരത്തി ഇന്നും പൂത്തുലഞ്ഞു നിൽക്കുകയാണല്ലോ …?
 മിമിക്രി വേദികളിൽ പല കലാകാരന്മാരും ജയനെ അനുകരിച്ചുകൊണ്ട് ഈ ഗാനം പാടുമ്പോൾ കിട്ടിയിരുന്ന കയ്യടി പിൽക്കാലത്ത് മനസ്സും ശരീരവും തളർന്ന് രോഗശയ്യയിൽ കിടന്നിരുന്ന ജോയിക്ക് വളരെ ആവേശം പകർന്നിരുന്നുവത്രേ …! എൺപതുകളിൽ ചെറുപ്പക്കാരുടെ  രോമാഞ്ചമായിരുന്ന രവികുമാർ എന്ന നടനെ മലയാള സിനിമ ഇപ്പോഴും ഓർക്കുന്നത്  ജോയ് സംഗീതം പകർന്ന് യേശുദാസ് പാടിയ “അനുപല്ലവി ” യിലെ
  ” എൻ സ്വരം പൂവിടും
 ഗാനമേ ഈ വീണയിൽ
 നീ  അനുപല്ലവി…..”
എന്ന ഗാനത്തിലൂടെ ആയിരുന്നു. ഈ ഗാനത്തേയും രവികുമാർ എന്ന പ്രിയപ്പെട്ട നടനെയും സംഗീതപ്രേമികൾക്ക് എങ്ങനെയാണ് മറക്കാൻ കഴിയുക. 1974 മുതൽ 90 വരെ ഒന്നര ദശാബ്ദക്കാലം 65-ൽ പരം  ചിത്രങ്ങളിലായി 200-ലധികം ഗാനങ്ങൾക്ക് കെ ജെ ജോയ് സംഗീതം പകർന്നിട്ടുണ്ട്..
ഒരുകാലത്ത് കേരളത്തിലെ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ താരാട്ടുപാടി ഉറക്കിയിരുന്നത് കെ ജെ ജോയ് സംഗീതസംവിധാനം നിർവഹിച്ച ആരാധനയിലെ
 
ആരാരോ ആരിരാരോ
അച്ഛന്റെ മോളാരാരോ 
അമ്മയ്ക്ക് നീ തേനല്ലേ
ആയിരവല്ലിപ്പൂവല്ലേ….”
എന്ന ഗാനം  പാടിക്കൊണ്ടായിരുന്നുവെന്നത് പല അമ്മമാരും ഓർക്കുന്നുണ്ടായിരിക്കും. പ്രണയിതാക്കൾക്ക് മൊബൈൽ ഫോണുകൾ ഒന്നും ഇല്ലാതിരുന്ന  ആ കാലഘട്ടത്തിൽ യുവതി യുവാക്കൾ തങ്ങളുടെ പ്രേമ ലേഖനങ്ങളിൽ പ്രണയപൂർവ്വം എഴുതിയിരുന്നത് ജോയ് സംഗീതസംവിധാനം നിർവഹിച്ച “ഇതാ ഒരു തീരം ” എന്ന ചിത്രത്തിലെ
അക്കരെ ഇക്കരെ 
നിന്നാലെങ്ങനെ ആശ തീരും നമ്മുടെ ആശ തീരും …”
എന്ന ഗാനത്തെ  ആ തലമുറയിലെ കാമുകി കാമുകന്മാർ ഇന്നും ഒരു കള്ള നാണത്തോടെ മനസ്സിൽ താലോലിക്കുന്നുണ്ടായിരിക്കും.കെ സി വർഗീസിനെ പോലെ ഇടവാ ബഷീർ എന്ന ഗായകനേയും ഏറെ പ്രശസ്തിയിലേക്ക് ഉയർത്തിയത് ജോയ് സംഗീതം പകർന്ന ഒരു ഗാനത്തിലൂടെ ആയിരുന്നു.
മുക്കുവനെ  സ്നേഹിച്ച ഭൂതം ” എന്ന ചിത്രത്തിൽ വാണി ജയറാമിനോടൊപ്പം അദ്ദേഹം പാടിയ
“ആഴിത്തിര മാലകൾ
അഴകിന്റെ മാലകൾ ….”
എന്ന ഗാനത്തോടെ ഈ ഗായകൻ കേരളത്തിൽ ഏറെ പ്രശസ്തനായി തീർന്നു.
“ആയിരം മാതളപ്പൂക്കൾ …
(ചിത്രം അനുപല്ലവി -രചന ബിച്ചു തിരുമല -ആലാപനം ജയചന്ദ്രൻ )
” തെച്ചിപ്പൂവേ മിഴി തുറക്കൂ
തേനുണ്ണാൻ വന്നു കാമുകൻ ….”
(ചിത്രം ഹൃദയം പാടുന്നു ആലാപനം യേശുദാസ് – ജാനകി )
Maranjirunnalum | Jayan Song | Malayalam Old Song | K J Yesudas - YouTube
https://youtu.be/E_1o0J9zAR4?t=15
” മറഞ്ഞിരുന്നാലും
മനസ്സിന്റെയുള്ളിൽ ….”
(സായൂജ്യം – രചന യൂസഫലി – ആലാപനം വാണിജയറാം)
“സ്വർണ്ണ മീനിന്റെ 
ചേലൊത്ത കണ്ണാളെ ….”
(ചിത്രം സർപ്പം – ആലാപനം യേശുദാസ് ,എസ് പി ബാലസുബ്രഹ്മണ്യം ,സുശീല വാണിജയറാം )
“രാജമല്ലി പൂവിരിക്കും 
രാഗവല്ലി മണ്ഡപത്തിൽ ….”
 (ഇവനെന്റെ പ്രിയപുത്രൻ – രചന മങ്കൊമ്പ് ഗോപാലകൃഷ്ണൻ -ആലാപനം പി സുശീല )
“പ്രഭാതമേ പ്രഭാതമേ ….”
( രചന വിജയൻ -ആലാപനം യേശുദാസ് -ചിത്രം ലിസ )
“താലിക്കുരുവി തേൻകുരുവീ….”
 (ചിത്രം മുത്തുച്ചിപ്പികൾ –രചന എ പി ഗോപാലൻ ആലാപനം ജയചന്ദ്രൻ )
“വസന്തം നിൻ മിഴിത്തുമ്പിൽ … ” (ചിത്രം ഇതിഹാസം -രചന പാപ്പനംകോട് ലക്ഷണൻ – ആലാപനം യേശുദാസ്)
എന്നിവയെല്ലാം ഈ സംഗീതസംവിധായകൻ അനശ്വരമാക്കിയ മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനങ്ങളാണ്.1974 ജനുവരി 17 – നാണ് കെ ജെ ജോയ്  സംഗീതസംവിധാനം നിർവ്വഹിച്ച “ലൗ ലെറ്റർ ” എന്ന ചിത്രം പുറത്തു വരുന്നതും അദ്ദേഹം ഒരു സംഗീത സംവിധായകന്റെ മേൽവിലാസത്തോടെ  തന്റെ സംഗീതയാത്ര ആരംഭിക്കുന്നതും..
കൃത്യം 50 വർഷങ്ങൾ പൂർത്തിയായ  2024 ജനുവരി 17-ാം തീയതി ചെന്നൈയിലെ കീഴ്പാക്കം സെമിത്തേരിയിൽ  ഈ സംഗീത മാന്ത്രികന്റെ ശരീരം മണ്ണോട് ചേർന്നു ….
പ്രിയ മിത്രമേ … മറഞ്ഞിരുന്നാലും ഞങ്ങളുടെ മനസ്സിന്റെ കണ്ണിൽ  നീ എന്നും മലരായി വിടർന്നുകൊണ്ടേയിരിക്കും …. പ്രണാമം…..
———————————————————————————————————-

സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക