യേശുദാസിന് ദാദാസാഹിബ് ഫാൽക്കേ അവാർഡിന് അർഹതയില്ലേ ….?

സതീഷ് കുമാർ വിശാഖപട്ടണം 

ഗാനഗന്ധർവൻ യേശുദാസിന്റെ ജീവിതത്തിൽ അർഹതയുണ്ടായിട്ടും നടക്കാതെ പോയ രണ്ടുകാര്യങ്ങളുണ്ട്. ഒന്ന് ദാദാ സാഹിബ് ഫാൽക്കേ അവാർഡ് . മറ്റൊന്ന് ഗുരുവായൂർ  അമ്പലത്തിലേക്കുള്ള പ്രവേശനം ….

“ഗുരുവായൂരമ്പലനടയിൽ

 ഒരു ദിവസം ഞാൻ പോകും 

ഗോപുരവാതിൽ തുറക്കും ഞാൻ ഗോപകുമാരനെ കാണും ….”

https://www.youtube.com/watch?v=EmDbi6vpQDI

50 വർഷങ്ങൾക്ക് മുമ്പ് യേശുദാസിന് വേണ്ടി വയലാർ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന് യേശുദാസ് തന്നെ പാടിയ ഒരു ഗാനമാണിത് . വയലാർ പാട്ട് എഴുതിയിട്ടും പ്രസംഗിച്ചിട്ടും സാംസ്ക്കാരിക കേരളം ഒന്നടങ്കം ശബ്ദമുയർത്തിയിട്ടും യേശുദാസിന് ഇന്നുവരെയ്ക്ക് ഗുരുവായൂർ അമ്പലത്തിൽ കയറാൻ കഴിഞ്ഞിട്ടില്ല.

Happy Birthday, KJ Yesudas: FIVE iconic Malayalam songs of the legendary singer | Malayalam Movie News - Times of India

ഭക്തി ഇല്ലാഞ്ഞിട്ടല്ല ….

മനുഷ്യൻ സൃഷ്ടിച്ച മതങ്ങളുടെ അന്ധമായ കാഴ്ചപ്പാടുകൾ മൂലം മാത്രം …

ഇനി ദാദാ സാഹിബ് ഫാൽക്കേ അവാർഡിലേക്ക് വരാം.

  ഇന്ത്യൻ ചലച്ചിത്രരംഗത്ത് ഒരു കലാകാരൻ നൽകുന്ന സമഗ്ര സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന ഏറ്റവും ഉന്നത പുരസ്ക്കാരമാണ് ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം.

 ഇന്ത്യൻ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണാർത്ഥമാണ് ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ പുരസ്കാരം 1969 മുതൽ  നൽകപ്പെടുന്നത് …

  കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളിൽ  മലയാളസിനിമയും മലയാള ചലച്ചിത്രകാരന്മാരും ഒട്ടേറെ ദേശീയപുരസ്ക്കാരങ്ങൾ നേടി രാജ്യത്തിന്റെ  അഭിമാനം വാനോളം ഉയർത്തിയിട്ടുണ്ട്.  പക്ഷേ ഒരേയൊരു തവണ മാത്രമാണ് അടൂർ ഗോപാലകൃഷ്ണനിലൂടെ  രാജ്യത്തിന്റെ ഏറ്റവും വിശിഷ്ടമായ ഈ പുരസ്ക്കാരം  കേരളത്തിന്റെ  മണ്ണിലേക്ക് കടന്നു വന്നിട്ടുള്ളത്.

മറ്റു പല സംസ്ഥാനങ്ങളിലേയും ചലച്ചിത്രകാരന്മാർക്ക് കിട്ടിയതിന്റെ പകുതി ആദരവ്  പോലും നമ്മുടെ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല എന്നുള്ളത് ഏറെ ഖേദകരമാണ്.

        ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ചലച്ചിത്ര പ്രതിഭകളിൽ  ഈ പുരസ്ക്കാരത്തിന് ഏറ്റവും അർഹനായ വ്യക്തി സാക്ഷാൽ കെ ജെ യേശുദാസ് ആണെന്ന് നിസംശയം പറയാം…അദ്ദേഹത്തിന് കിട്ടിയിട്ടുള്ള ബഹുമതികളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം

1973-ൽ പത്മശ്രീ,

2002-ൽപത്മഭൂഷൺ,

2017-ൽ പത്മവിഭൂഷൻ

1989-ൽ ബിരുദാനന്തര ബിരുദം അണ്ണാമലൈ സർവകലാശാല, തമിഴ് നാട്

2003-ൽഡി.ലിറ്റ് , കേരളാ സർവകലാശാല,

ആസ്ഥാന ഗായകൻ, കേരളാ സർക്കാർ ,

2008-ൽസംഗീത നാടക അക്കാദമി പുരസ്കാരം,

1992-ൽ ഉഡുപ്പി, ശ്യംഗേരി, രാഘവേന്ദ്ര മഠങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനം

എട്ട് വട്ടം ഭാരതത്തിലെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ,

ഇരുപത്തിയഞ്ച് തവണ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള പുരസ്ക്കാരം,

എട്ടു തവണ തമിഴ് നാട് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള അവാർഡ്‌,

അഞ്ചു തവണ കർണാടക സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള പുരസ്ക്കാരം

ആറു തവണ ആന്ധ്രപ്രദേശ് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള പുരസ്ക്കാരം

ഒരു തവണ പശ്ചിമ ബംഗാൾ സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള അവാർഡ്,

കേരളാ സർക്കാരിന്റെ സ്വാതി പുരസ്ക്കാരം,

2011-ലെ സ്വരലയ പുരസ്കാരം ….

ഇത്രയും പുരസ്കാരങ്ങൾ നേടിയ ഒരു വ്യക്തിയെ ഇനിയും ദാദാ സാഹിബ് പുരസ്ക്കാരത്തിന് പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല …

കഴിഞ്ഞദിവസം സോഷ്യൽ മീഡിയായിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു ….യേശുദാസിന് ഫാൽക്കേ പുരസ്ക്കാരം എന്ന ആ വാർത്ത  വിശദമായി വായിച്ചപ്പോഴാണ് കാര്യം മനസ്സിലായത് .

കേന്ദ്ര ടൂറിസം വകുപ്പും സംസ്ക്കാരിക മന്ത്രാലയവും  സംയുക്തമായി  ഏർപ്പെടുത്തിയ ഒരു ചെറിയ പുരസ്ക്കാരം മാത്രമാണിതത്രെ…

 ഇന്ത്യ ഗവൺമ്മേണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരത്തോടൊപ്പം നൽകിവരുന്ന ദാദാസാഹിബ് ഫാൽക്കേ പുരസ്കാരമല്ല….

 കേരളം ലോകത്തിന് പല മഹാപ്രതിഭകളേയും സംഭാവന ചെയ്ത ചരിത്രമുണ്ട്.

ആദി ശങ്കരാചാര്യർ, ശ്രീനാരായണഗുരു, ഇ.എം.എസ്.നമ്പൂതിരിപ്പാട്, രാജാരവിവർമ്മ ,

കെ.ആർ.നാരായണൻ ,

സ്വാതി തിരുനാൾ ,

കീലേരി കുഞ്ഞിക്കണ്ണൻ,

പ്രൊഫസർ വാഴക്കുന്നം,

ശശി തരൂർ തുടങ്ങിയവരൊക്കെ സ്വന്തം കർമ്മമണ്ഡലങ്ങളിലൂടെ ലോകത്തിന് പുതിയ വെളിച്ചവും ആവേശവും പകർന്ന കേരളീയരായ പ്രതിഭാസമ്പന്നരാണ് .

ആ  നിരയിലേക്ക് നിസ്സംശയം ചൂണ്ടിക്കാട്ടാവുന്ന മറ്റൊരു പേരാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസ്.

കഴിഞ്ഞ അരനൂറ്റാണ്ടായി യേശുദാസിന്റെ ഗന്ധർവ്വനാദം റേഡിയോ ,ടി വി  ,തിയേറ്ററുകൾ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നു വേണ്ട പഴയ കല്യാണവീട്ടിലെ കോളാമ്പി മുതൽ തകർപ്പൻ ഡി ജെ പാർട്ടികളിലൂടെ വരെ മലയാളികളെ ഒരു നിഴൽ പോലെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു.

  യേശുദാസിന്റെ ഒരു പാട്ടെങ്കിലും മൂളാത്ത ഒരൊറ്റ ദിവസം പോലും നമ്മുടെ ജീവിതത്തിൽ കടന്നു പോകില്ലെന്നു കൂടി  ഓർക്കുമ്പോഴാണ് ഈ  അതുല്യഗായകൻ മലയാളിയുടെ ജീവിതത്തിൽ സൃഷ്ടിച്ച സ്വാധീനം എത്രമാത്രമാണെന്ന് മനസ്സിലാകുന്നത്.

ഏറ്റവും രസകരമായ വസ്തുത ദൈവങ്ങൾപോലും അവരവരുടെ മതവിഭാഗങ്ങളിൽപ്പെട്ടവരുടെ ആരാധന മാത്രമാണ് പിടിച്ചുപറ്റുന്നതെങ്കിൽ യേശുദാസിന്റെ സംഗീതത്തിന് ജാതിയില്ല ,മതമില്ല ,രാഷ്ട്രീയമില്ല, വർഗ്ഗഭേദമില്ല, പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ല, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉച്ചനീചത്വമില്ല. ഈ ഭൂമണ്ഡലത്തിൽ എവിടെയൊക്കെ മലയാളി ചെന്നെത്തിയിട്ടുണ്ടോ അവിടെയൊക്കെ യേശുദാസിന്റെ ഗന്ധർവ്വ നാദവും ചെന്നെത്തിയിട്ടുണ്ട് എന്നുള്ളത് ഏതൊരു മലയാളിക്കും അഭിമാനകരം തന്നെയാണ്.

1962-ൽ “കാൽപ്പാടുകൾ ” എന്ന ചിത്രത്തിൽ കേരളത്തിന്റെ നവോത്ഥോനനായകനായ  ശ്രീനാരായണഗുരു രചിച്ച “ജാതിഭേദം മതദ്വേഷം ” എന്ന ശ്ലോകം പാടിക്കൊണ്ടാണ് യേശുദാസ് പിന്നണി ഗാനരംഗത്ത് എത്തുന്നത്.

എന്നാലും 1964 ഏപ്രിൽ 10-നു പ്രദർശനത്തിനു വന്ന “മണവാട്ടി ” എന്ന ചിത്രത്തിലെ ” ഇടയകന്യകേ പോവുക നീ….. ” എന്ന ഗാനമാണ് അദ്ദേഹത്തിന് ജനപ്രിയത നേടിക്കൊടുത്തത്. ഇപ്പോഴും യേശുദാസ് തന്റെ ഗാനമേളകളിൽ ആദ്യമായി ആലപിക്കുന്നത് ഈ ഗാനം തന്നെയാണ് …

1964 -ൽ പ്രദർശനത്തിനെത്തിയ ഭാർഗ്ഗവീനിലയത്തിലെ ” താമസമെന്തേ വരുവാൻ….”  എന്ന മലയാളത്തിലെ ആദ്യത്തെ ഗസൽഗാനം അതിമനോഹരമായി പാടിക്കൊണ്ട്  അതേവരെ മലയാളത്തിൽ പാടിയിരുന്ന എല്ലാ ഗായകരേയും യേശുദാസ് നിഷ്പ്രഭരാക്കിക്കളഞ്ഞു.

 ഈ ഗാനത്തിന്റെ വശ്യതയും ശബ്ദ സൗകുമാര്യവും കേട്ടിട്ടാണ്  മലയാളഭാഷയിലെ ആദ്യ ജ്ഞാനപീഠ ജേതാവും പ്രിയ കവിയുമായ ജി.ശങ്കരക്കുറുപ്പ് യേശുദാസിനെ “ഗാനഗന്ധർവ്വൻ” എന്ന് വിശേഷിപ്പിച്ചത്. അന്നു മുതൽ അദ്ദേഹം കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ തന്നെ  ഗാനഗന്ധർവ്വനായി മാറി.

തൊട്ടടുത്ത കൊല്ലം  പുറത്തു വന്ന “റോസി ” എന്ന ചിത്രത്തിലെ “അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം …..”  എന്ന ഗാനം കെ.പി.ഉദയഭാനുവിനെക്കൊണ്ട് പാടിപ്പിക്കാനാണ് സംഗീത സംവിധായകനായ ജോബ് തീരുമാനിച്ചിരുന്നത്.

എന്നാൽ ഉദയഭാനുവിന് സുഖമില്ലാതിരുന്ന കാരണം അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഈ ഗാനം യേശുദാസ് പാടുകയും പാട്ട് എക്കാലത്തേയുംസൂപ്പർ ഹിറ്റാവുകയും ചെയ്തതോടെ യേശുദാസ് അല്ലാതെ മറ്റൊരു ഗായകനെക്കുറിച്ച് ചിന്തിക്കാൻ പോലും ഇട നൽകാത്ത വിധത്തിൽ ഈ ഗായകൻ മലയാള ചലച്ചിത്ര സംഗീത ലോകത്ത് തന്റെ ആധിപത്യം സ്ഥാപിച്ചെടുത്തു.

 ഇടക്ക് വന്ന ഭാവഗായകനായ ജയചന്ദ്രനൊഴിച്ച് ഇന്നും യേശുദാസിന്റെ സ്വരമാധുരിയോടു കിടപിടിക്കുന്ന മറ്റൊരു ഗായകൻ നമുക്കുണ്ടായിട്ടില്ല എന്നുള്ളതല്ലേ യാഥാർത്ഥ്യം?

This voice is my life's greatest fortune: Prabha Yesudas

ഗായകനായിട്ടാണ് രംഗത്ത് വന്നതെങ്കിലും ഏതാനും ചില സിനിമകളിൽ യേശുദാസ് അഭിനയിക്കുക കൂടി ചെയ്തിട്ടുണ്ട്. സത്യൻ നായകനായി അഭിനയിച്ച “കായംകുളം കൊച്ചുണ്ണി ” എന്ന ചിത്രത്തിലെ

സുറുമ നല്ല സുറുമ ….”എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന സുറുമവില്പനക്കാരനാണ് ഇതിൽ ശ്രദ്ധേയമായത്…

സുറുമ നല്ല സുറുമ | Suruma Nalla Suruma | Kayamkulam Kochunni Super Hit Movie Song | K J Yesudas - YouTube

പി.ഭാസ്ക്കരൻ സംവിധാനം ചെയ്ത “അച്ചാണി ” എന്ന ചലച്ചിത്രത്തിലെ “എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ ….” എന്ന ഗാനരംഗത്ത് യേശുദാസ് എന്ന ഗായകനായി തന്നെ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടത് അന്നൊരു പുതുമ തന്നെയായിരുന്നു.

1969-ലാണ് കേരള ഗവന്മേണ്ട് ചലച്ചിത്ര പുരസ്ക്കാരങ്ങൾ ഏർപ്പെടുത്തുന്നത്. നീലായുടെ “കുമാരസംഭവം ” എന്ന ചിത്രത്തിലെ “പൊൽതിങ്കൾക്കല പൊട്ടു തൊട്ട ഹിമവൽ ശൈലാഗ്ര ശൃംഗങ്ങളിൽ... ” എന്ന ഗാനമാലപിച്ചതിന്  മികച്ച ഗായകനുള്ള പുരസ്ക്കാരം ആദ്യമായി യേശുദാസിനാണ്  ലഭിച്ചത്. അതൊരു തുടക്കം മാത്രമായിരുന്നു…

പിന്നീട് ഇരുപത്തിയഞ്ചു തവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്കാരം ഗാനഗന്ധർവ്വനെ തേടിച്ചെന്നു. കെ.ടി.മുഹമ്മദിന്റെ”അച്ഛനും ബാപ്പയും ” എന്ന ചിത്രത്തിലെ “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ….” എന്ന ദാർശനിക പ്രസക്തിയുള്ള ഗാനത്തിന് ദേശീയ പുരസ്ക്കാരം ലഭിച്ചതോടുകൂടി ദേശീയ പുരസ്ക്കാരം നേടുന്ന ആദ്യ മലയാളി ഗായകനായി മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ.

മലയാളം, തെലുങ്ക് , ഹിന്ദി ചിത്രങ്ങളിലെ ആലാപനങ്ങളിലൂടെ എട്ട് തവണ ദേശീയപുരസ്ക്കാരം ഈ കാലയളവിനുള്ളിൽ യേശുദാസ് എന്ന ഗാനോപാസകനെ തേടിയെത്തിയിട്ടുണ്ട്

1964-ൽ “ബൊമ്മൈ ” എന്ന സിനിമയിൽ ” നീയും ബൊമ്മൈ ഞാനും ബൊമ്മൈ “ എന്ന ഗാനം പാടിക്കൊണ്ടാണു് തമിഴിലും  യേശുദാസ് തന്റെ സംഗീതജൈത്രയാത്ര ആരംഭിച്ചത്. തെലുങ്കിൽ ദാസരി നാരായണ റാവുവിന്റെ “മേഘ സന്ദേശം ” എന്ന ചിത്രത്തിലെ  ആകാശദേശാന ....” എന്ന ഗാനത്തിനും ഹിന്ദിയിൽ  “ചിറ്റ് ചോർ ” എന്ന ചിത്രത്തിൽ രവീന്ദ്ര ജെയിൻ ഒരുക്കിയ “ഗോരി തേരാ ഗാവ്  ബഡാ പ്യാരാ …..” എന്ന ഗാനത്തിനുമൊക്കെ മികച്ച ഗായകനുള്ള ദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ചതോടെ അക്ഷരാർത്ഥത്തിൽ അദ്ദേഹം ഭാരതത്തിന്റെ ഗാന ഗന്ധർവ്വനായി മാറുകയായിരുന്നു.

ഹിന്ദി സിനിമാലോകത്തിന് യേശുദാസിനെ പരിചയപ്പെടുത്തിയ കവിയും സംഗീത സംവിധായകനും ഗായകനുമായിരുന്ന രവീന്ദ്ര ജെയിൻ “ഭാരതത്തിന്റെ ശബ്ദം ” എന്നാണു് ഈ മഹാഗായകനെ വിശേഷിപ്പിച്ചതെന്നോർക്കുക.

ജന്മനാ അന്ധനായിരുന്ന രവീന്ദ്ര ജെയിൻ ഒരു പത്രലേഖകനുമായുള്ള അഭിമുഖത്തിൽ “എനിക്ക് കാഴ്ച്ച തിരിച്ചുകിട്ടിയാൽ കൊള്ളാമെന്നുണ്ട്…യേശുദാസിനെ ഒന്ന് കാണാൻ ….” എന്ന പ്രസ്താവന ആലാപനത്തിലൂടെ അദ്ദേഹം സൃഷ്ടിച്ചെടുത്ത നാദബ്രഹ്മത്തിന്റെ മാസ്മരിക അനുഭൂതികളുടെ ആത്മപ്രകാശനമായിരുന്നു.

 ഇന്ത്യയിൽ കാശ്മീരി , ആസ്സാമിസ് ഭാഷകളൊഴിച്ച് മറ്റെല്ലാ ഭാഷകളിലും പാടാൻ അപൂർവ്വ ഭാഗ്യമുണ്ടായ ഗായകനാണ് യേശുദാസ് .കൂടാതെ ഇംഗ്ലീഷ് , അറബി,  ലത്തീൻ , റഷ്യൻ ഭാഷകളിൽ കൂടി പാടി ശുദ്ധസംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകളില്ല എന്ന് ശക്തമായി തെളിയിക്കാനും ദാസേട്ടന് കഴിഞ്ഞു.

ആലാപനത്തിൽ മാത്രമല്ല സംഗീത സംവിധാനത്തിലും യേശുദാസ് തന്റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. മുട്ടത്തു വർക്കിയുടെ “അഴകുള്ള സെലീന ” എന്ന നോവൽ കെ.എസ്.സേതുമാധവന്റെ സംവിധാനത്തിൽ ചലച്ചിത്രമായപ്പോൾ ആ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് യേശുദാസായിരുന്നു.

ചലച്ചിത്ര സംഗീതരംഗത്ത് മാത്രം ഒതുങ്ങി നിൽക്കാതെ കർണാടക സംഗീതരംഗത്തെ കുലപതിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായി സംഗീതകച്ചേരികളിലൂടെ ആ മേഖലയിലും യേശുദാസ് നിറസാന്നിദ്ധ്യമായി മാറി.

അദ്ദേഹം സ്ഥാപിച്ച “തരംഗിണി ” സ്റ്റുഡിയോ കേരളത്തിന്റെ സംഗീത പാരമ്പര്യത്തിനും  സംഗീത പ്രതിഭകൾക്കും കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ നിമിത്തമായി തീർന്നിട്ടുണ്ട്.

ശ്രീനാരായണഗുരുവിന്റെ ശ്ലോകം പാടിക്കൊണ്ട്  തന്റെ സംഗീത ജീവിതം ആരംഭിച്ചതിനാലാകാം  ജീവിതത്തിലും ജാതിമത ചിന്തകൾക്കതീതമായ വീക്ഷണങ്ങൾ തന്നെയാണ് യേശുദാസ് പിന്തുടരുന്നത്.

പള്ളികളിലെന്നപോലെ ശബരിമലയിലും മൂകാംബികയിലും അദ്ദേഹം ഈശ്വരചൈതന്യം ദർശിക്കുന്നു.

 ഇന്ത്യാ ഗവന്മേണ്ട് അദ്ദേഹത്തിന് പത്മശ്രീ ,പത്മഭൂഷൻ,പത്മവിഭൂഷൻ തുടങ്ങിയ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. എന്നാൽ എന്തു കൊണ്ടോ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള “ദാദാസാഹിബ് ഫാൽക്കേ ”  പുരസ്ക്കാരത്തിന് ഈ സംഗീത പ്രതിഭയെ ഇതുവരെയ്ക്കും പരിഗണിച്ചിട്ടില്ല എന്നുള്ളത് ഖേദകരമായ വസ്തുതയാണ്.

യേശുദാസ് ഇന്ത്യൻ ചലച്ചിത്ര ഭൂമികയ്ക്ക് നൽകിയ സംഭാവനയുടെ നാലിലൊന്നു പോലും നൽകാത്തവർ പുരസ്ക്കാര തിളക്കത്തിൽ മിന്നിമറയുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ടെങ്കിലും പൊന്നിൻ കുടത്തിനെന്തിനാണ് പൊട്ട് എന്ന പഴമൊഴിയാണ് ഓർമ്മയിൽ തെളിയുക….

യേശുദാസിന് വേണ്ടി കേരളം ഒന്നടങ്കം അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…

 

Noted musician KJ Yesudas allowed to enter Sree Padmanabhaswamy temple | Kerala News | Zee News

——————————————————————————————

സതീഷ് കുമാർ  :  9030758774

——————————————————————————————