അരങ്ങൊഴിഞ്ഞ സൗകുമാര്യം

In Featured, Special Story
October 01, 2023

കൊച്ചി: കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം.  കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകാംഗവും ചെയര്‍മാനുമായിരുന്നു.പുതിയ പുസ്തകം ‘സൗഖ്യം’ പ്രസിദ്ധീകരിക്കാനിരിക്കെയാണ് അന്ത്യം.

ആറ്റിങ്ങല്‍ വീരളത്ത് മഠത്തില്‍ സുബ്ബരായന്‍ പോറ്റിയുടെയും കൃഷ്ണമ്മാളിന്റെയും മകനായി 1932-ലായിരുന്നു ജനനം. എസ്. സുകുമാരന്‍ പോറ്റി എന്നാണ് യഥാര്‍ഥ പേര്. അച്ഛന്‍ തമ്പാനൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നു. ആറുമക്കളില്‍ മൂന്നാണും മൂന്ന് പെണ്ണും. ആണ്‍മക്കളില്‍ മൂത്തയാളായിരുന്നു സുകുമാര്‍.

മലയാളനാട് വാരികയിലെ ‘കഷായം” എന്ന പംക്തിയിലൂടെ വായനക്കാരെ ചിരിയുടെ ഉത്സവത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ സുകുമാർ നർമ്മകൈരളിയുടെയും കേരള കാർട്ടൂൺ അക്കാഡമിയുടെയും സ്ഥാപകനാണ്.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാളി ദിനപ്പത്രത്തിലെ കാര്‍ട്ടൂണിസ്റ്റ് കെ.എസ്. പിള്ളയായിരുന്നു കാര്‍ട്ടൂണില്‍ ആദ്യ ഗുരു. 1950-ല്‍ ആദ്യ കാര്‍ട്ടൂണ്‍ വികടനില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് മാതൃഭൂമി, മലയാള മനോരമ, ജനയുഗം, ശങ്കേഴ്‌സ് വീക്കിലി എന്നിവയില്‍ വരച്ചു.

കഥ, കവിത, നാടകം, നോവല്‍ ഉള്‍പ്പെടെ 50-ലധികം പുസ്തകങ്ങള്‍ രചിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് 1996-ല്‍ ലഭിച്ചിട്ടുണ്ട്. മനഃശാസ്ത്രം മാസികയില്‍ 17 വര്‍ഷം മുടങ്ങാതെ വരച്ച ഡോ. മനഃശാസ്ത്രി പ്രശസ്തമാണ്.

ഡി.ഐ.ജി. ഓഫീസില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. പരേതയായ സാവിത്രിയാണ് ഭാര്യ . മകള്‍ സുമംഗല സീരിയല്‍- ഡബ്ബിങ് ആര്‍ടിസ്റ്റാണ്.

ഹാസസാഹിത്യരംഗത്തും കാര്‍ട്ടൂണ്‍ രചനയുടെ രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനായിരുന്നു സുകുമാര്‍ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നര്‍മകൈരളി എന്ന പ്രസ്ഥാനത്തിന്റെ സാരഥിയായി നിരവധി വര്‍ഷങ്ങള്‍ അദ്ദേഹം നടത്തിയ സേവനം എടുത്തു പറയണം. വിദ്വേഷത്തിന്റെ സ്പര്‍ശമില്ലാത്ത നര്‍മമധുരമായ വിമര്‍ശനം സുകുമാറിനെ വ്യത്യസ്തനാക്കി. നിശിതമായ വിമര്‍ശനം കാര്‍ട്ടൂണിലൂടെ നടത്തുമ്പോഴും വ്യക്തിപരമായ കാലുഷ്യം അതില്‍ കലരാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ വെച്ചിരുന്നെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഹാസസാഹിത്യ രംഗത്ത് വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.  മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. വരയിലൂടെയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും മലയാളികളെ ചിരിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍.  അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.