ഡോ ജോസ് ജോസഫ്
2006 ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൻ്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ജാൻ എ മൻ എന്ന ചിത്രത്തിനു ശേഷം ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ്.അതിജീവനവും സൗഹൃദവുമാണ് ചിത്രത്തിൻ്റെ പ്രമേയം.
ഭരതൻ്റെ സംവിധാനത്തിൽ 1990 ൽ പുറത്തിറങ്ങിയ ജയറാം ചിത്രം മാളൂട്ടിയാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ക്ലാസിക് സർവൈവൽ ത്രില്ലർ.പിന്നീട് നീരാളി, ഹെലൻ, മലയൻ കുഞ്ഞ്, 2018 തുടങ്ങിയ അതിജീവനം പ്രമേയമാക്കിയ ഏതാനും ചിത്രങ്ങൾ കൂടി മലയാളത്തിൽ ഇറങ്ങി.
ഇതിൽ മോഹൻലാൽ ചിത്രം നീരാളി പാളിപ്പോയി.സർവൈവൽ ത്രില്ലറുകൾക്ക്, പ്രത്യേകിച്ച് യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്ര ഭാഷ്യങ്ങൾക്ക് എക്കാലത്തും വലിയ ആരാധക നിരയുണ്ട്.’സൊസൈറ്റി ഓഫ് ദ സ്നോ’ എന്ന സ്പാനിഷ് സർവൈവൽ ത്രില്ലർ ഈ വർഷം ആദ്യം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തപ്പോൾ ലോകമെമ്പാടുമുള്ള ആരാധകരുടെ കൈയ്യടി നേടിയിരുന്നു.
മലയാള സിനിമയുടെ സീൻ മാറ്റുന്ന സിനിമയാകും മഞ്ഞുമ്മൽ ബോയ്സ് എന്നാണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ സുഷിൻ എസ് ശ്യാമിൻ്റെ അവകാശവാദം.
പ്രേക്ഷകരെ ഒപ്പം കൊണ്ടു പോകുന്ന സംഗീതമാണ് സുഷിൻ. ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങൾ സ്ക്രീനിലേക്ക് പകർത്തുന്നത് വലിയ വെല്ലുവിളിയാണ്.
മഞ്ഞുമ്മൽ ബോയ്സിൽ ചങ്കുപറിച്ചു കൊടുക്കുന്ന സൗഹൃദത്തിൻ്റെ ചൂടും മരണഭീതിയുടെ തണുപ്പുമെല്ലാം തെല്ലും വിരസമാകാതെ പ്രേക്ഷകരിലേക്ക് അതേ തീഷ്ണതയിൽ എത്തിക്കുന്നതിൽ സംവിധായകൻ ചിദംബരം വിജയിച്ചു.രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും ചിദംബരമാണ്. സർവൈവൽ ത്രില്ലറായി കണ്ടാലും സൗഹൃദം പറയുന്ന സിനിമയായി കണ്ടാലും മഞ്ഞുമ്മൽ ബോയ്സ് തൃപ്തി തരും.
ചോരത്തിളപ്പുള്ള ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് മഞ്ഞുമ്മൽ ദർശന ക്ലബ്ബ്. ചെറിയ ജോലികൾ ചെയ്തു ജീവിക്കുന്ന സാധാരണക്കാരാണ് അവരെല്ലാം. ബാല്യം മുതലെ അടുത്തറിയാവുന്ന കൂട്ടുകാർ. കാലഘട്ടം 2006. രണ്ട് പതിറ്റാണ്ട് പുറകോട്ടു പോകാൻ പ്രേക്ഷകർക്ക് ആയാസമുണ്ടാക്കുന്ന അധികം അഭ്യാസമൊന്നും കാണിച്ചിട്ടില്ല സംവിധായകൻ.
കല്യാണപ്പാർട്ടിയും എതിർ ഗ്രൂപ്പുമായുള്ള ഉരസലും അതിനിടയിലെ വടംവലിയുമൊക്കെയായി ആഘോഷത്തോടെ അതിവേഗത്തിലാണ് ചിത്രത്തിൻ്റെ തുടക്കം. ഇടയ്ക്ക് 1991ൽ പുറത്തിറങ്ങിയ സന്താനബാരതി – കമൽ ഹാസൻ ചിത്രം ഗുണയിലെ “കണ്മണീ അൻപോടു കാതലൻ ” എന്ന ഗാനവും കടന്നു വരുന്നു.വടംവലിയും ഗുണയിലെ പാട്ടും ഒന്നും വെറുതെ കടന്നു വരുന്നതല്ല.എല്ലാത്തിനും ചിത്രത്തിലെ സംഭവങ്ങളുമായി ബന്ധമുണ്ട്.
കുട്ടേട്ടൻ എന്നു വിളിക്കുന്ന സിജുവാണ് (സൗബിൻ ഷഹീർ ) മഞ്ഞുമ്മൽ ബോയ്സിലെ സീനിയർ. കല്യാണപ്രായം കഴിഞ്ഞു നിൽക്കുകയാണ്.വൃത്തിയും വെടിപ്പുമുള്ള സുധിയാണ് ( ദീപക് പറമ്പോൽ ) സംഘത്തിലെ മറ്റൊരു പ്രധാനി.പേരോർത്തിരിക്കില്ലെങ് കിലും വളരെ പെട്ടെന്നു തന്നെ കൂട്ടുകാരെല്ലാവരും പ്രേക്ഷകർക്ക് പരിചിതരായി തീരും.
ആ വർഷം അവർ ടൂറു പോകാൻ തിരഞ്ഞെടുത്ത സ്ഥലം കൊടൈക്കനാലാണ്. അവസാന നിമിഷം വന്ന ഒഴിവിൽ വലിയ താല്പര്യമൊന്നുമില്ലാതെ കയറിക്കൂടിയത് സുഭാഷാണ് ( ശ്രീനാഥ് ഭാസി ). ‘ഗുഡ് ലക്ക് ട്രാവൽസി ‘ ൻ്റെ ക്വാളിസിൽ ഡ്രൈവർ ഉൾപ്പെടെ 11 കൂട്ടുകാർ കൊടൈക്കനാലിലേക്ക് പുറപ്പെടുന്നു.
ടൂർ അവസാനിക്കാറാകുമ്പോഴാണ് സുധി ഗുണാ കേവ്സ് കൂടി കണ്ട് മടങ്ങാമെന്ന ആഗ്രഹം മുമ്പോട്ടു വെച്ചത്.അത് അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു. യുവത്വത്തിൻ്റെ ആവേശത്തള്ളിച്ച അവരെ വിലക്കുകൾ മറികടന്ന് പ്രവേശനം നിഷേധിക്കപ്പെട്ട ഗുണാ കേവ്സിന് ഉളളിലെത്തിക്കുന്നു. മുമ്പ് ചെകുത്താൻ്റെ അടുക്കള എന്നായിരുന്നു കൊടൈക്കനാൽ ടൗണിനു പുറത്തുള്ള ഈ ഗുഹയുടെ പേര്.കമൽ ഹാസൻ്റെ ഗുണ ഷൂട്ട് ചെയ്തതോടെ ‘ഡെവിൾസ് കിച്ചൻ്റെ ‘ പേര് ഗുണാ കേവ്സ് എന്നായി.
ഗുണാ കേവ്സിനുള്ളിൽ 900 അടിയോളം താഴ്ച്ചയുള്ള കുഴിക്കുള്ളിൽ വീണ് സുഭാഷ് കുടുങ്ങുന്നതോടെ ചിത്രത്തിൻ്റെ മൂഡ് തന്നെ മാറുന്നു. ആ കുഴിയിൽ കുടുങ്ങിയവരാരും രക്ഷപെട്ട ചരിത്രമില്ല. ശവം പോലും കിട്ടില്ല. എത്ര രൂപ വാഗ്ദാനം ചെയ്താലും നാട്ടുകാരാരും രക്ഷാദൌത്യത്തിനിറങ്ങില്ല. പോലീസിൻ്റെ പ്രതികരണം എപ്പോഴും പതിവ് തണുപ്പൻ മട്ടിലായിരിക്കും. വെളിച്ചം പോലും കടന്നു ചെല്ലാൻ ഭയപ്പെടുന്ന ഇരുണ്ട ഗുഹയിൽ കൂട്ടുകാരിലൊരുത്തൻ മരണം കാത്തു കിടക്കുന്നു.
മഴയും മഞ്ഞും ഇരുട്ടും തണുപ്പും വെല്ലുവിളിയായി മാറുമ്പോൾ ജീവൻ കൊടുത്തും കൂട്ടുകാരനെ വീണ്ടെടുക്കാൻ ഇറങ്ങുന്നത് പരിമിതികളില്ലാത്ത സൗഹൃദമാണ്. ക്ലൈമാക്സിൽ അതു വരെ ഒപ്പമുണ്ടായിരുന്ന പശ്ചാത്തല സംഗീതം പെട്ടെന്ന് പിൻവാങ്ങുന്നു. പകരം ‘കണ്മണീ അൻപോടു കാതലൻ ‘ എന്ന ഗുണയിലെ ഗാനം വീണ്ടും കേൾക്കാം.
ലോകത്തിന് മനസ്സിലാക്കാനാവാത്ത സ്നേഹത്തെക്കുറിച്ചാണ് ഗുണയിൽ കമൽ ഹാസൻ പാടിയത്.ജാതിയുടെയും മതത്തിൻ്റെയുമെല്ലാം പരിമിതികളെ അതിലംഘിക്കുന്ന അഗാധമായ സൗഹൃദത്തിൻ്റെ കഥ കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.
ഗുഹയ്ക്കുള്ളിൽ അകപ്പെട്ട സുഭാഷിൻ്റെ അവസ്ഥയും മുകളിൽ നിന്നുള്ള കൂട്ടുകാരുടെയും രക്ഷാസംഘത്തിൻ്റെയും കാഴ്ച്ചകളുമെല്ലാം ഉള്ള് കിടുക്കും വിധം വിശ്വസനീയമായും റിയലിസ്റ്റിക്കായുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സുഷിൻ ശ്യാമിൻ്റെ സംഗീതം, അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈൻ, ഷൈജു ഖാലിദിൻ്റെ ക്യാമറ എന്നിവ പ്രശംസനീയമാണ്.
അഗാധ ഗർത്തത്തിൽ നിപതിച്ച സുഭാഷിൻ്റെയും നടുങ്ങി നിൽക്കുന്ന കൂട്ടുകാരുടെയും ഭീതിയും നടുക്കവും മരവിച്ച അന്തരീക്ഷവും ഷൈജു ഖാലിദിൻ്റെ ക്യാമറ ഭംഗിയായി പകർത്തി. സീൻ മാറ്റുന്ന കിടിലൻ പശ്ചാത്തല സംഗീതമാണ് സുഷിൻ ശ്യാം നൽകിയിരിക്കുന്നത്.ആഘോഷത്തിൽ നിന്നും ഭീതിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും അവിടെ നിന്ന് ആശ്വാസത്തിൻ്റെ തീരത്തിലേക്കുമുള്ള കൂട്ടുകാരുടെ യാത്ര ഒട്ടും വലിച്ചൂ നീട്ടാതെ ഭംഗിയായി എഴുതിച്ചേർത്തിട്ടുണ്ട് തിരക്കഥാകൃത്ത്. വിക്രം ദഹിയുടെ സംഘട്ടന സംവിധാനവും വിവേക് ഹർഷൻ്റെ എഡിറ്റിംഗും എടുത്തു പറയണം.
സംവിധായകൻ്റെ സഹോദരൻ ഗണപതിയാണ് കാസ്റ്റിംഗ് ഡയറക്ടർ.ഗണപതി ഉൾപ്പെടെ യുവതാരങ്ങളുടെ ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. കുട്ടേട്ടനായെത്തിയ സൗബിൻ ഷഹീർ, സുഭാഷിനെ അവതരിപ്പിച്ച ശ്രീനാഥ് ഭാസി, സുധിയായി വന്ന ദീപക് പറമ്പോൽ എന്നിവരുടെ പ്രകടനം മികച്ചു നിന്നു.
“സുഭാഷ് പോയി ” എന്നു പറഞ്ഞു സ്തംഭിച്ചു നിൽക്കുന്ന കൂട്ടുകാരനെ അവതരിപ്പിച്ച, സലിം കുമാറിൻ്റെ മകൻ ചന്തു സലിം കുമാറിൻ്റെ അഭിനയവും ശ്രദ്ധേയമായി.അരുൺ കുര്യൻ, അഭിറാം രാധാകൃഷ്ണൻ, ബാലു വർഗീസ്, വിഷ്ണു രഘു, ഖാലിദ് റഹ്മാൻ, ജീൻ പോൾ ലാൽ, ജോർജ്ജ് മാരിയാൻ, ഷെബിൻ ബെൻസൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
പറവ ഫിലിംസിൻ്റെ ബാനറിൽ ഷ്വാൻ ആൻ്റണി, ബാബു ഷഹീർ, സൗബിൻ ഷഹീർ എന്നിവർ ചേർന്നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മിച്ചത്.
—————————– ——————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————
Post Views: 277