മാസപ്പടി വിവാദം: അന്വേഷണം നടക്കട്ടെ എന്ന് ഹൈക്കോടതി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കും ആലുവയിലെ ശശിധരൻ കർത്തയുടെ കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

അന്വേഷണത്തിൽ ആശങ്ക എന്തിനാണെന്നും നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. കേന്ദ്ര സർക്കാരിൻ്റെ സീരിയസ് ഫ്രോഡ് ഇൻവെസ്ററിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ ) അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കേരള വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്ഐഡിസി ) സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി പരാമർശം.

അന്വേഷണം പേരിനു കളങ്കം വരുത്തുന്നതായി കെസ്ഐഡിസി കോടതിയെ അറിയിച്ചു. സിഎംആർഎലിനെതിരായ അന്വേഷണത്തിൽ എതിർപ്പില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ എക്സാലോജിക് കരാറിൽ സിഎംആർഎലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെഎസ്ഐഡിസിയോട് കോടതി ആവശ്യപ്പെട്ടു. ഇതിനു സമയം വേണമെന്ന് കെഎസ്ഐഡിസി പറഞ്ഞതിനാൽ ഹർജി ഈ മാസം 26ലേക്കു മാറ്റി.

സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി പ്രതിനിധിയും ഉള്ളതുകൊണ്ടാണ് ഈ പൊതുമേഖലാ സ്ഥാപനത്തേയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നത്. വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐടി, മാനേജ്മെന്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രതിഫലമായാണ് എന്ന സിഎംആർഎൽ അവകാശവാദം തെറ്റാണെന്നു വെളിപ്പെട്ടതോടെയാണ് കോർപറേറ്റ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.