പൂരത്തിന് കർശന നിയന്ത്രണങ്ങൾ വീണ്ടും

കൊച്ചി: ഈ മാസം 19 ന് നടക്കുന്ന തൃശൂർ പൂരത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വീണ്ടും ഹൈക്കോടതി.

എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് കോടതി നിർ‍ദേശിച്ചു. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പെടെ ഒന്നും പാടില്ല.

ജനങ്ങളുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കണക്കാക്കേണ്ടതെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പറ്റില്ലെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരുടെ അവധിക്കാല ബെ‍ഞ്ച് ഉത്തരവിട്ടു.

കഠിനമായ ചൂടാണ് സംസ്ഥാനത്തെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അകലം ആവശ്യമെന്ന് നിർദേശിക്കുന്നത് എന്ന് കോടതി പറഞ്ഞു.

നേരത്തെ 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണെന്ന ഉത്തരവ് വനംവകുപ്പ് പിൻവലിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോൾ 5–6 മീറ്ററാണ് തങ്ങൾ നിർ‍ദേശിക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. തുടർന്ന് ഇത് കോടതി അനുവദിച്ചു.

പ്രധാന ആനയുടെ മുമ്പിലായി കുത്തുവിളക്ക് എഴുന്നെള്ളിക്കുന്ന ആചാരം അനുവദിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. എന്നാൽ തീവെട്ടിയും െചണ്ടമേളവും ഉൾപ്പെടെയുള്ളവ ഈ ദൂരത്ത് ഉണ്ടാവരുത്.

100 ആനകളെയാണ് പൂരത്തിന് എഴുന്നള്ളിക്കുക. ജില്ലാ കലക്ടർ അധ്യക്ഷനായ സമിതിയാണ് ഫിറ്റ്നെസ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുക. എന്നാൽ ആനകൾ ഫിറ്റാണെന്ന് ഉറപ്പാക്കേണ്ടത് വനംവകുപ്പിന്റെ ചീഫ് വൈൽഡ്‍ലൈഫ് വാർഡന്റെ ഉത്തരവാദിത്തമായിരിക്കുമെന്ന് കോടതി നിര്‍ദേശിച്ചു.