നവീൻ പട്‌നായിക് എൻ ഡി എ യിലേക്ക്

ഭൂവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ബി ജെ പി നയിക്കുന്ന എൻ ഡി എ സഖ്യത്തിലേക്ക് ചേക്കേറാൻ തിരക്കിട്ട നീക്കം തുടങ്ങി.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെഡി പിന്തുണ നല്‍കിയത് മുതല്‍ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. 2019-ലെ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായ മികച്ച ബന്ധമാണ് ബിജെഡിക്കുള്ളത്.

നവീന്‍ പട്‌നായിക് തൻ്റെ പാർടിയായ ബിജെഡിയുറ്റെ നേതാക്കളുമായും, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ മന്‍മോഹന്‍ സമലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഡല്‍ഹിലെത്തിയാണ് നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒഡീഷ സന്ദര്‍ശനത്തോടെയാണ് ബിജെഡി-ബിജെപി സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. നവീന്‍ പട്‌നായിക്കിനെ ജനകീയനായ മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി ഒരു പരിപാടിക്കിടെ വിശേഷിപ്പിക്കുകയും ചെയ്തു. ഒഡീഷയിലെ വികസനത്തേയും പ്രധാനമന്ത്രി പ്രകീര്‍ത്തിക്കുകയുണ്ടായി.

രാജ്യസഭയില്‍ ബിജെഡിയുടെ പിന്തുണയോട് കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന ബില്ലുകളെല്ലാം പാസാക്കിയെടുത്തിട്ടുള്ളത്. മോദി സര്‍ക്കാരിന്റെ ഒട്ടുമിക്ക നയങ്ങളോടും ബിജെഡിക്കും യോജിപ്പാണുള്ളത്.

1997ല്‍ രൂപീകൃതമായ ബി.ജെ.ഡി. തൊട്ടുപിന്നാലെ 1998-ല്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇക്കാലത്ത് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയില്‍ നവീന്‍ പട്നായിക് മന്ത്രിയായിരുന്നു.

ദീര്‍ഘകാലം നിലനിന്ന സഖ്യം 2009-ലാണ് വിച്ഛേദിക്കപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്.