പ്രഭാവർമ്മയും ഹിന്ദുത്വ രാഷ്ടീയവും

കോഴിക്കോട് : ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയ പരിസരം നൽകുന്ന പിൻവെളിച്ചത്തിലാണ് പ്രഭാവർമ്മ നീരൂറ്റി വളർന്നു നിൽക്കുന്നത്. കവിതയിൽ പുതിയ മാറ്റത്തിന്റെ വിത്തിട്ടു മുളപ്പിച്ചു വളർത്തിയെടുത്ത തലമുറ പൂർണമായും കടന്നുപോയിട്ടില്ല. – സരസ്വതീ സമ്മാൻ നേടിയ കവി പ്രഭാവർമ്മയെക്കുറിച്ച് രാഷ്ടീയ നിരീക്ഷകനായ ഡോ .ആസാദ്  ഫേസ്ബുക്കിൽ കുറിച്ചു.
Jai Bhim and Neel Salam are not slogans to defeat opponents: Dr Azad - Malayalam Oneindia
ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്ററ് ഇങ്ങനെ:
ജാതിഹിന്ദുത്വ വരേണ്യതയുടെ കാവ്യഭാവുകത്വമാണ് പ്രഭാവർമ്മയുടെ കൈമുതൽ. കഴിഞ്ഞ നൂറ്റാണ്ടിലെ മഹാ കവികളുടെ പ്രധാന സംഭാവന ആ ജീർണ ഭാവുകത്വത്തെ കയ്യൊഴിഞ്ഞു പുതിയ ജനാധിപത്യ ഭാവുകത്വത്തെ ഉയർത്തിയെടുത്തു എന്നതാണ്.
പഴമയോട് ചേർന്നു നിൽക്കുന്നവർ എന്നു പലപ്പോഴും ആക്ഷേപിക്കപ്പെട്ട പി യും ഒളപ്പമണ്ണയും അക്കിത്തവും വിഷ്ണുനാരായണൻ നമ്പൂതിരിയുമെല്ലാം ആ വഴിക്രമത്തെ പുതിയ ദാർശനിക വെട്ടത്തിലേക്കും സംരചനാ വിപ്ലവത്തിലേക്കും നയിച്ചിട്ടുണ്ട്. എൻ എൻ കക്കാടിന്റെ ‘ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്ന്’ ധീരമായ രചനാപരീക്ഷണംകൊണ്ടു നവ ആധുനികതയുടെ ചവിട്ടുകല്ലായി മാറി.
പ്രഭാവർമ്മ ഈ ഭാവുകത്വ മാറ്റം അറിഞ്ഞിട്ടില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ മലയാള കവിതയുടെ അകക്ഷോഭങ്ങളും അതു നിർവ്വഹിച്ച സാമൂഹിക വിസ്ഫോടനങ്ങളും അദ്ദേഹത്തിന്റെ കവിതകളെ സ്പർശിച്ചിട്ടില്ല. ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയ പരിസരം നൽകുന്ന പിൻവെളിച്ചത്തിലാണ് പ്രഭാവർമ്മ നീരൂറ്റി വളർന്നു നിൽക്കുന്നത്. കവിതയിൽ പുതിയ മാറ്റത്തിന്റെ വിത്തിട്ടു മുളപ്പിച്ചു വളർത്തിയെടുത്ത തലമുറ പൂർണമായും കടന്നുപോയിട്ടില്ല.
വിശപ്പും സത്യവാങ്മൂലവും അഞ്ചുസൂര്യനും ബോധവതിയും ബംഗാളും നിശ്ശബ്ദതയും ഒക്കെ എഴുതി ആരംഭിച്ച കാവ്യാന്വേഷണത്തിന്റെയും അതു പ്രസരിപ്പിച്ച ലാവണ്യപ്രഭയുടെയും തുടർച്ചകൾ നിലനിൽക്കുന്നു. ഭൂതാവേശിത ഹിന്ദുത്വ വരേണ്യ ബോധത്തെ ചെറുക്കുന്ന പ്രതിരോധ കാവ്യസംസ്കാരമാണത്. അതിൽ വാക്കുകളും അവയുടെ ചേരുവകളും അകത്തു കലഹിച്ചു പുതിയ അർത്ഥങ്ങളിലേക്കു പൊട്ടിത്തെറിക്കുന്നത് നാം കണ്ടിട്ടുണ്ട്.
ആ അനുഭവം സൗപർണികയിലോ അർക്കപൂർണിമയിലോ ചന്ദന നാഴിയിലോ നാം കണ്ടിട്ടില്ല. ശ്യാമമാധവത്തിന്റെ ചില വരികളിൽ ഏതോ കാവ്യപ്രകാശത്തിന്റെ അനുരണനങ്ങൾ കണ്ട് സന്തോഷം തോന്നാതിരുന്നിട്ടില്ല. അതുപോലും ഒരു കാവ്യവഴിയാക്കി അടയാളപ്പെടുത്താൻ ഈ കവിക്ക് കഴിയാതെ പോയി.
മലയാളത്തിലെ ഒരു കവിക്ക് രാജ്യത്തെ പരമോന്നതമായ സാഹിത്യ പുരസ്കാരം ലഭിക്കുന്നത് നമ്മെയെല്ലാം ആനന്ദിപ്പിക്കേണ്ടതാണ്. എന്നാൽ സമസ്തകോശങ്ങളിലും വരേണ്യ ഹിന്ദുത്വ ഫാഷിസത്തിന്റെ കീടങ്ങൾ കടന്നു കയറുന്ന കാലത്ത് അതിനു ശക്തിപകരുന്ന ഒരു ഭൂതാവേശിത കാവ്യ ഭാവുകത്വം പുരസ്കൃതമാകുന്നത് ഭയാശങ്കകളുണ്ടാക്കുന്നു.
കേരളത്തിന്റെ സാംസ്കാരിക വളർച്ചയെ മാത്രമല്ല പൊതു ജീവിതത്തെയും പിറകോട്ടു നയിക്കാൻ അത് ഇടയാക്കിയേക്കും. പുരോഗമന ചിന്തയുടെ കൊടിയാണ് കൈയ്യിലെങ്കിലും ഉള്ളുനിറയെ ഒരു സൗവർണ ഭൂതകാലം നിറഞ്ഞു തൂവുകയാണ് ഈ കവിയിൽ എന്നത് എങ്ങനെ കാണാതെപോകും?
അതിനാൽ സരസ്വതീ സമ്മാൻ നേടിയ കവിയെ അഭിനന്ദിക്കാനോ ആശംസകൾ നേരാനോ മനസ്സുറയ്ക്കുന്നില്ല. പഴയ വിപ്ലവകാരികളിൽ പലരും ഈ പഴന്തണലിലേക്ക് കൂനിക്കൂടുന്നത് അത്ഭുതവും ദുഖവും ഉണ്ടാക്കുന്നു. ഭാഷയെയും ഭാവുകത്വത്തെയും പുതുക്കുന്ന ഒരു കവിതയെങ്കിലും ഇദ്ദേഹത്തിന്റേതായി കാണണമെന്ന് ആഗ്രഹമുണ്ട്. കാത്തിരിക്കുന്നു.