ഡൽഹി മുൻ പി സി സി അധ്യക്ഷൻ ലവ്ലി ബി ജെ പി യിലേക്ക് ?

ന്യൂഡൽഹി: സ്ഥാനാർഥി നിർണയത്തിൽ തന്റെ അഭിപ്രായം പരിഗണിച്ചില്ല എന്ന് ആരോപിച്ച് ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദർ സിങ് ലവ്ലി ബിജെപിയിലേക്കെന്ന് സൂചന.

ലവ്ലി സമ്മതിക്കുകയാണെങ്കിൽ ഈസ്റ്റ് ഡൽഹിയിൽ നേരത്തേ പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ ബിജെപി തയ്യാറാണെന്നാണ് സൂചന.ഹർഷ മൽഹോത്രയാണ് നിലവിൽ ഇവിടെ ബിജെപി സ്ഥാനാർഥി.

2017ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ലൗ‍വ്‍ലി 2018‍ൽ ആണു തിരിച്ചെത്തിയത്.   അതേസമയം, ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പു നടക്കാൻ 28 ദിവസം മാത്രം ബാക്കി നിൽക്കെയാണ് അർവിന്ദർ സിങ് ലവ്‍ലി രാജിവച്ചത്. ഡൽഹിയിലെ സ്ഥാനാർഥി നിർണയം, എഎപി–കോൺഗ്രസ് സഖ്യം, ഡൽഹിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബരിയയുമായുള്ള അഭിപ്രായവ്യത്യാസം തുടങ്ങിയ വിഷയങ്ങൾ നിരത്തിയാണ് രാജി.

ഡൽഹിക്ക് തീർത്തും അപരിചിതരായ കനയ്യ കുമാറിനെയും (നോർത്ത് ഈസ്റ്റ് ഡൽഹി), ഉദിത് രാജിനെയും (നോർത്ത് വെസ്റ്റ് ഡൽഹി) സ്ഥാനാർഥികളാക്കിയെന്ന പരാതിയുമുണ്ട് ലവലിക്ക്.കോൺഗ്രസിനെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ അഴിച്ചുവിട്ട ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കിയത് ശരിയല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു നൽകിയ രാജിക്കത്തിൽ പറയുന്നു.

പ്രതിപക്ഷ ഇന്ത്യാസഖ്യം നിലവിലുള്ള ഡൽഹിയിലെ 7 സീറ്റുകളിൽ 3 എണ്ണത്തിൽ കോൺഗ്രസും 4 എണ്ണത്തിൽ ആം ആദ്മി പാർട്ടിയുമാണ് മത്സരിക്കുന്നത്. നിലവിൽ 7 സീറ്റും ബിജെപിയുടേതാണ്.