പീഡനക്കേസിൽ പ്രജ്വൽ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു

ബാംഗളൂരു : ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെ ഡി എസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഇമിഗ്രേഷൻ പോയന്റുകൾ എന്നിവിടങ്ങളിൽ ഇത് പതിച്ചിട്ടുണ്ട്.
വിദേശത്തേക്ക് പോയ പ്രജ്വൽ ഈ സ്ഥലങ്ങളിലിറങ്ങിയാൽ കസ്റ്റഡിയിലെടുക്കാനാണ് ഈ നടപടി.

ഇരകളായ സ്ത്രീകളുടെ മൊഴികൾക്കൊപ്പം ദൃശ്യം പുറത്തെത്തിച്ചുവെന്ന് കരുതുന്ന ഡ്രൈവർ അടക്കം സാക്ഷികളായി ഉറച്ച് നിന്നാൽ പ്രജ്വലിനെ കാത്തിരിക്കുന്നത് നീണ്ട കാലത്തെ ജയിൽവാസമാകും.

പ്രജ്വൽ രേവണ്ണ നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞേ വിദേശത്ത് നിന്നും തിരികെ എത്തൂ എന്നാണ് കരുതുന്നത്.തിരിച്ചെത്താൻ ടിക്കറ്റ് ബുക്ക്‌ ചെയ്‌തെന്നും സൂചനയുണ്ട്.

പ്രജ്വൽ രേവണ്ണയ്ക്കും പിതാവ് എംഎൽഎ രേവണ്ണയ്ക്കും പ്രത്യേകാന്വേഷണസംഘം സമൻസയച്ചിട്ടുണ്ട്. ഹൊലെനരസിപുര സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യപ്പെട്ട ലൈംഗികപീഡനപ്പരാതിയുടെ അടിസ്ഥാനത്തിലാണ്
ഇത്. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസിലെ നിർദേശം.

സംസ്ഥാനത്ത് പ്രചരിച്ച ആയിരക്കണക്കിന് അശ്ലീല വീഡിയോകളിൽ വിശദീകരണം നൽകണമെന്നും സമൻസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്രാങ്ക്ഫർട്ടിലേക്ക് പോയ പ്രജ്വലിനെ തിരിച്ചെത്തിക്കുന്നത് എങ്ങനെ എന്നതിൽ നിയമോപദേശം തേടി വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെടാനൊരുങ്ങുകയാണ് എഡിജിപി ബികെ സിംഗിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം.

ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയ ഒരാളെ തിരിച്ച് ഇന്ത്യയിലേക്ക് നാടുകടത്താൻ ജർമൻ ഫെഡറൽ പൊലീസിനെ വിദേശകാര്യമന്ത്രാലയത്തിന്‍റെ സഹായത്തോടെ വിവരമറിയിക്കണം. നാടുകടത്തേണ്ട തരം കുറ്റമാണ് പ്രതി ചെയ്തതെന്ന് ഫെഡറൽ പൊലീസിന് ബോധ്യപ്പെട്ടാൽ ലോക്കൽ ഫോറിനർ റജിസ്ട്രേഷൻ ഓഫീസിനെ വിവരമറിയിച്ച് പ്രതിയെ ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുക്കും.

പിന്നീട് ഫെഡറൽ പൊലീസിന് കൈമാറും. അവിടെ നിന്ന് ഫെഡറൽ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വിമാനമാർഗം പ്രതിയെ ഇന്ത്യയിലെത്തിച്ച് തദ്ദേശീയ പൊലീസിന് കൈമാറും. ഈ നടപടി നീണ്ട് പോകാതിരിക്കാനാണ് സമൻസ് അടക്കമുള്ള നിയമനടപടികൾ എത്രയും പെട്ടെന്ന് എസ്ഐടി തുടങ്ങിയിരിക്കുന്നത്.